കാക്കനാട്: കൊച്ചിയിൽ താമസിക്കുന്നയാൾ വയനാട്ടിൽ ട്രാഫിക് നിയമം ലംഘിച്ചു. ഇ-ചെലാൻ ലഭിച്ചെങ്കിലും പിഴയടച്ചില്ല. കേസ് കോടതിയിലെത്തി. നവംബർ മുതൽ തുടങ്ങുന്ന 'ആംനെസ്റ്റി പദ്ധതി' ഇ-ചെലാൻ അദാലത്തിൽ 50 ശതമാനം ഇളവിൽ പിഴയടച്ച് കേസ് തീർപ്പാക്കണമെങ്കിൽ വയനാട്ടിലേക്ക് വണ്ടികയറേണ്ടിവരും. 500 രൂപയുടെ പിഴയിൽ 250 രൂപ ഇളവ് ലഭിക്കാൻ അതിലേറെ തുക യാത്രയ്ക്കായി ചെലവാക്കേണ്ടിവരുന്ന സാഹചര്യം.

To advertise here,

മോട്ടോർ വാഹനവകുപ്പും പോലീസും സംയുക്തമായി മാസങ്ങൾക്കുമുൻപ് നടത്തിയ 'ആംനെസ്റ്റി സ്‌കീം' ഇ-ചെലാൻ അദാലത്തിൽ ഇത്തരം കേസുകൾക്ക് പരിഹാരമുണ്ടായിരുന്നു. കോടതിയിലേക്ക് കൈമാറിയ ചെലാനുകൾ തിരിച്ചുവിളിച്ച് പകുതി പിഴയടച്ച് തീർപ്പാക്കാമായിരുന്നു. കേരളത്തിലെ ഏത് ജില്ലയിൽ നടന്ന നിയമലംഘനത്തിന്റെയും ചെലാൻ മറ്റൊരു ജില്ലയിൽനിന്ന് തീർപ്പാക്കാനും സൗകര്യമുണ്ടായിരുന്നു.

എന്നാൽ നവംബർ മുതൽ വീണ്ടും അദാലത്ത് ആരംഭിക്കാനിരിക്കെ, കേന്ദ്രസർക്കാരിന്റെ പരിഷ്‌കരിച്ച 'നെക്സ്റ്റ് ജനറേഷൻ ഇ-ചെലാൻ' സോഫ്റ്റ്വേർ പ്രശ്‌നമാവുകയാണ്. കോടതിയിലെത്തിയ ചെലാനുകൾ തിരിച്ചെടുക്കാനുള്ള അധികാരം അതത് പരിധിയിലെ ഓഫീസുകൾക്കു മാത്രമായി പരിമിതപ്പെടുത്തിയതാണ് പ്രശ്‌നം.

ഇതോടെ മറ്റൊരു ജില്ലയിൽ നിയമലംഘനം നടത്തി കേസ് കോടതിയിലെത്തിയവർ പിഴയിളവ് ലഭിക്കാൻ ബന്ധപ്പെട്ട ഓഫീസിലെത്തേണ്ടിവരും. ദൂരയാത്രയും സമയനഷ്ടവും കണക്കിലെടുക്കുമ്പോൾ പിഴയിളവിന്റെ പ്രയോജനം ഇല്ലാതാകുന്ന സ്ഥിതിയാണ്. ഇതോടെ ആളുകൾ ഇതിനായി മുന്നിട്ടിറങ്ങാൻ മടിക്കും. മുൻപ് അദാലത്തിലൂടെ കോടിക്കണക്കിന് രൂപ പിഴയിനത്തിൽ സർക്കാരിന് ലഭിച്ചിരുന്നു.

സംസ്ഥാനതല അധികാരം വേണം

പ്രതിസന്ധി പരിഹരിക്കാൻ മോട്ടോർ വാഹനവകുപ്പിലെയും പോലീസിലെയും എല്ലാ ഓഫീസുകളിലും താത്കാലികമായി സംസ്ഥാനതല യൂസർ അധികാരമുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്ന നിർദേശമുണ്ട്. ഏത് ജില്ലയിൽനിന്നുള്ള ചെലാനും കൈകാര്യം ചെയ്യാനും കോടതിയിലെത്തിയ കേസുകൾ തിരിച്ചെടുക്കാനും കഴിയുന്ന അധികാരം നൽകണമെന്നാണ് ആവശ്യം. 2026 മാർച്ച് വരെയുള്ള പഴയ ചെലാനുകൾക്ക് 50 ശതമാനം ഇളവോടെ പിഴയടയ്ക്കാനാണ് 2026 നവംബർ മുതൽ 2027 മാർച്ചുവരെ നടക്കുന്ന അദാലത്തിലൂടെ അവസരം.