കോഴിക്കോട്: രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള ദേശീയപാതയിൽ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും അനുമതിയില്ലെന്ന ബോർഡുകൾ പലയിടത്തും കാണാം. പക്ഷേ, നൂറുകിലോമീറ്റർ വേഗത്തിൽ കാറുകൾ പോവുന്ന ട്രാക്കിൽപ്പോലും ഇരുചക്രവാഹനങ്ങളാണ്. കൊച്ചുകുട്ടികളെവരെ സ്‌കൂട്ടറിൽ ഇരുത്തിയാണ് വാഹനങ്ങൾക്ക് മറികടക്കാൻമാത്രം ഉപയോഗിക്കേണ്ട അതിവേഗട്രാക്കിലൂടെ ഇരുചക്രവാഹനങ്ങൾ ഓടിച്ചുപോവുന്നത്.

To advertise here,

ദേശീയപാതയ്ക്കുകുറുകെ പുഴകൾ വരുന്ന ഭാഗത്ത് സർവീസ് റോഡില്ലാത്തതിനാൽ അവിടെമാത്രമേ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും ആറുവരിപ്പാതയിലേക്ക് പ്രവേശനമുള്ളൂ. പക്ഷേ, ഈ നിയന്ത്രണം ലംഘിക്കുന്നുവെന്ന് മാത്രമല്ല ചില ഇരുചക്രവാഹനയാത്രക്കാർ വൺവേതെറ്റിച്ചും വരുന്ന ദൃശ്യങ്ങൾ ഒരുപാടുതവണ ദേശീയപാതാ അതോറിറ്റിയുടെ നിരീക്ഷണക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്.

വാഹനാപകടങ്ങൾ കൂടിവരുന്നതിനാൽ രണ്ടുമാസംമുൻപ് ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കുമുള്ള നിയന്ത്രണം പോലീസും മോട്ടോർവാഹനവകുപ്പും ദേശീയപാതാ അതോറിറ്റിയും ചേർന്ന് കർശനമാക്കിയിരുന്നു. അതുകൊണ്ടും പ്രയോജനമുണ്ടായില്ല. ഓട്ടോറിക്ഷയുടെ പരമാവധി വേഗം 40 കിലോമീറ്ററാണ്. എൺപതുമുതൽ നൂറുകിലോമീറ്റർ വരെ വേഗത്തിൽ വാഹനങ്ങൾപോവുന്ന ആറുവരിപ്പാതയിലൂടെ ഓട്ടോറിക്ഷകൾ പോവുന്നത് അതിസാഹസികതയാണ്.

ഇരുചക്രവാഹനങ്ങൾക്ക് 50 കിലോമീറ്ററാണ് സുരക്ഷിതമായ വേഗം. ആറുവരിപ്പാതയിൽ അതിൽക്കൂടുതൽ വേഗത്തിൽ പോവേണ്ടിവരും. കാറുകളുടെയുംമറ്റും കാറ്റുമതി ഇരുചക്രവാഹനങ്ങളുടെ നിയന്ത്രണം വിടാൻ. ദേശീയപാതയിൽ സർവീസ്റോഡില്ലാത്ത ഭാഗത്തുകൂടെ ഇരുചക്രവാഹനമോടിച്ചപ്പോഴാണ് കോരപ്പുഴയ്ക്കടുത്ത് ഫർസീൻ അഹമ്മദ് എന്ന വിദ്യാർഥി ചൊവ്വാഴ്ച കാറിടിച്ചുമരിച്ചത്. റോഡ് പണിനടക്കുന്നതിനാൽ വാഹനങ്ങൾ പൊതുവേ വേഗംകുറച്ച് പോവുന്ന സ്ഥലമായിട്ടുകൂടി വിദ്യാർഥിയുടെ ജീവൻ പൊലിഞ്ഞു.

'നിയമങ്ങൾ ഞങ്ങൾക്ക് ബാധകമല്ല'

സാധാരണ നഗരപാതകളിലൂടെ പോവുന്ന അതേ രീതിയിലാണ് അതിവേഗപാതയായ ആറുവരിപ്പാതയിലൂടെ ഇപ്പോഴും ആളുകൾ വാഹനമോടിക്കുന്നതെന്ന് ടോൾപ്ലാസയിലെ ക്യാമറ കൺട്രോൾ റൂമിൽ അരമണിക്കൂർ ഇരുന്നാൽ മനസ്സിലാവും. റോഡിലുണ്ടാവുന്ന സംഭവങ്ങൾ പകർത്തുന്ന 15 ക്യാമറകളും ഓരോ കിലോമീറ്ററും ഇടവിട്ട് മറ്റ് 30 നിരീക്ഷണക്യാമറകളുമാണുള്ളത്. എക്‌സിറ്റ്-എൻട്രി പോയിന്റുകളിൽവെച്ച ക്യാമറകളിൽ ഒരു സ്ഥലത്തുതന്നെ ചുരുങ്ങിയത് 20 നിയമലംഘനങ്ങളെങ്കിലും കണ്ടെത്തുന്നുണ്ടെന്നാണ് ക്യാമറാ കൺേട്രാൾ റൂമിലെ ജീവനക്കാർ പറയുന്നത്.

മൂന്നാമത്തെ ട്രാക്ക് മറികടക്കാനുള്ളതാണ്. അതിലൂടെമാത്രം ഓടിച്ചുപോവുന്നവരുണ്ട്. ബൈപ്പാസിൽ മെട്രോ ആശുപത്രിയ്ക്കുസമീപത്ത് വാഹനങ്ങൾക്ക് മറികടക്കാവുന്ന ട്രാക്കിൽ കാർ ബ്രേക്കിട്ടതോടെ പിറകെവന്ന നാലുവാഹനങ്ങളാണ് കൂട്ടിയിടിച്ചത്. കഴിഞ്ഞദിവസമാണ് ക്യമാറയിൽ ഈ ദൃശ്യം പതിഞ്ഞത്. ദേശീയപാതയിലെ എക്‌സിറ്റിലൂടെ പുറത്തേക്ക് കടക്കാതെ മുന്നോട്ടുപോയാൽ തിരികെ അതേപാതയിൽ അപകടകരമായി റിവേഴ്‌സ് വരുന്ന ഒട്ടേറെ ദൃശ്യങ്ങളാണ് ക്യാമറകളിൽ പതിഞ്ഞത്. മുന്നൂറുമീറ്റർവരെ റിവേഴ്‌സ് വരുന്ന ദൃശ്യങ്ങൾ കാണാൻ കഴിഞ്ഞു.

അപകടമുണ്ടായാൽ 1033-ൽ വിളിക്കാം, ആംബുലൻസ് എത്തും

വെങ്ങളംമുതൽ രാമനാട്ടുകരവരെയുള്ള കോഴിക്കോട് ബൈപ്പാസിൽ എവിടെ അപകടമുണ്ടായാലും 1033 എന്ന ടോൾഫ്രീ നമ്പറിൽ വിളിക്കാം. ഏതുസമയത്തും ആംബുലൻസ് പറന്നെത്തും. പന്തീരാങ്കാവിലെ ടോൾപ്ലാസയിൽ 24 മണിക്കൂറും രണ്ട് ആംബുലൻസുകളുടെ സേവനമുണ്ട്. അതിൽ ഡ്രൈവർമാത്രമല്ല നഴ്സിങ് ജീവനക്കാരുമുണ്ടാവും. ഇത് ദേശീയതലത്തിലുള്ള ടോൾഫ്രീ നമ്പറാണെങ്കിലും സ്ഥലം പറഞ്ഞാൽ ടോൾപ്ലാസയിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേക്ക് തത്സമയം കോൾകണക്ട് ചെയ്യും.

നൂറുമീറ്റർ ഇടവിട്ട് ദേശീയപാതയിൽ ചെയിനേജ് നമ്പറുണ്ട്. അത് പറഞ്ഞുകൊടുത്താൽ മതി. അല്ലെങ്കിൽ അപകടമുണ്ടായ സ്ഥലവും പറഞ്ഞാൽമതി. ഡോക്ടറും നഴ്സുമടക്കമുള്ള മെഡിക്കൽ സംഘമാണ് ടോൾപ്ലാസയിലുള്ളത്. കോഴിക്കോട് ബൈപ്പാസിൽ എവിടെ വാഹനം കേടുവന്നാലും ടോൾപ്ലാസയിൽ ടെക്നീഷ്യൻ അടക്കമുള്ള രണ്ട് അറ്റകുറ്റപ്പണി വാഹനവുമുണ്ട്.