നവംബർ 1 മുതൽ 2027 ജനുവരി 31 വരെ BS6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കാത്ത വാഹനങ്ങളുടെ പ്രവേശനം നിരോധിക്കാൻ ഡൽഹി. ശീതകാല മലിനീകരണ നിയന്ത്രണ പദ്ധതിയുടെ ഭാഗമായാണ് ഡൽഹിക്ക് പുറത്ത് രജിസ്റ്റർ ചെയ്തതും BS6-ന് താഴെയുള്ളതുമായ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുന്നത്.

To advertise here,

നിയന്ത്രണം കർശനമായി നടപ്പാക്കാനാണ് അധികൃതരുടെ തീരുമാനം. ഡൽഹിയുടെ പ്രവേശന കവാടങ്ങളിൽ പരിശോധന ശക്തമാക്കും. നമ്പർ പ്ലേറ്റുകൾ സ്വയം തിരിച്ചറിയുന്നതിനായി അതിർത്തി ചെക്ക്‌പോസ്റ്റുകളിലും പ്രധാന പാതകളിലും ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കോഗ്‌നിഷൻ (ANPR) ക്യാമറകളും നിർമിതബുദ്ധി (എഐ) സംവിധാനങ്ങളും ഉപയോഗിക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

ബാധിക്കുക 10 ലക്ഷം വാഹനങ്ങളെ

ഗുർഗാവ്, ഫരീദാബാദ്, നോയ്ഡ, ഗ്രേറ്റർ നോയ്ഡ, ഗാസിയാബാദ് തുടങ്ങിയ രാജ്യതലസ്ഥാനത്തിന് സമീപമുള്ള പ്രദേശങ്ങളിലെ 10 ലക്ഷത്തിലധികം വാഹനങ്ങളെ ഈ തീരുമാനം ബാധിച്ചേക്കാം എന്നാണ് ഡൽഹി ഗതാഗത വകുപ്പിന്റെ തന്നെ കണക്കുകൾ വ്യക്തമാക്കുന്നത്. ഗുർഗാവിലും ഫരീദാബാദിലും മാത്രം BS6 മാനദണ്ഡങ്ങൾ പാലിക്കാത്ത ഏകദേശം 2 ലക്ഷം വാഹനങ്ങളുണ്ട്. ഇതിൽ 70 ശതമാനവും BS3, BS4 വാഹനങ്ങളാണ്. ഹരിയാണയിലെ ഈ രണ്ട് ജില്ലകളിലെഏകദേശം 50,000 വാണിജ്യ വാഹനങ്ങളും BS6 നിലവാരത്തിന് താഴെയുള്ളവയാണെന്ന് ഗതാഗത വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. നോയ്ഡ, ഗ്രേറ്റർ നോയ്ഡ എന്നിവിടങ്ങളിലെ 4 ലക്ഷത്തിലധികം വാഹനങ്ങൾ BS6 എമിഷൻ മാനദണ്ഡത്തിന് താഴെയാണ്. ഇതിൽ ഭൂരിഭാഗവും BS4 പെട്രോൾ കാറുകളാണ്. ഗാസിയാബാദിൽ BS6 മാനദണ്ഡങ്ങൾ പാലിക്കാത്ത 4 ലക്ഷത്തോളം വാഹനങ്ങളുണ്ടെന്ന് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടു ചെയ്യുന്നു.

ദൈംനംദിന യാത്ര നടത്തുന്നവരും ചരക്ക് വാഹന ഉടമകളും കുടുങ്ങും

സമീപ പ്രദേശങ്ങളിൽനിന്ന് ഡൽഹിയിലേക്ക് പതിവായി വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരെയും ചരക്ക് വാഹന ഉടമകളെയും ഈ തീരുമാനം പ്രതികൂലമായി ബാധിച്ചേക്കാം. മോട്ടോർ വാഹനങ്ങൾക്കായുള്ള രാജ്യത്തെ നിലവിലെ ഏറ്റവും ആധുനികവും കർശനവുമായ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്നവയാണ് BS6 വാഹനങ്ങൾ. പെട്രോൾ -ഡീസൽ എഞ്ചിനുകൾ പുറത്തുവിടുന്ന വായു മലിനീകരണമുണ്ടാക്കുന്ന വസ്തുക്കളുടെ അനുവദനീയമായ പരിധികളാണ് ഭാരത് സ്റ്റേജ് (BS) മാനദണ്ഡങ്ങൾ നിഷ്‌കർഷിക്കുന്നത്.

കർശന പരിശോധന

പരിശോധന കർശനമാക്കുന്നതിന്റെ ഭാഗമായി ഡൽഹിയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ തിരിച്ചറിയാൻ AI (നിർമിതബുദ്ധി) ക്യാമറകളടക്കം ഉപയോഗിക്കും. നിയന്ത്രണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഗതാഗത വകുപ്പ് എൻഫോഴ്‌സ്‌മെന്റ് ടീമിലെ 300-ഓളം ഉദ്യോഗസ്ഥരെ വിന്യേക്കും.

യൂറോ 1-ന് തുല്യമായ 'ഇന്ത്യ 2000' എന്ന പേരിൽ രാജ്യത്തെ ആദ്യത്തെ ഔദ്യോഗിക വാഹന മലിനീകരണ മാനദണ്ഡം 2000-ത്തിലാണ് ഇന്ത്യ അവതരിപ്പിച്ചത്. തുടർന്ന് BS2, BS3, BS4 മാനദണ്ഡങ്ങൾ പിന്നിട്ടാണ് രാജ്യം BS6-ലേക്ക് മാറിയത്. ഇലക്ട്രിക്, സി.എൻ.ജി (CNG) വാഹനങ്ങൾക്ക് ഈ നിയന്ത്രണങ്ങളിൽ നിന്ന് ഇളവ് ഉണ്ടായിരിക്കും.