പുതിയതായി വാങ്ങിയ കാറിൽ നിന്നുള്ള അസാധാരണമായ ശബ്ദം (നോക്കിങ് സൗണ്ട്) പലതവണ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പ്രശ്‌നം പരിഹരിച്ച് നൽകാതിരുന്ന കാർ കമ്പനിയും ഡീലറും ഒന്നര ലക്ഷത്തിലധികംരൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കമ്മീഷന്റെ വിധി. കാർ നിർമ്മാതാവ് 1.5 ലക്ഷം രൂപയും ഡീലർഷിപ്പ് 15,000 രൂപയും നഷ്ടപരിഹാരം നൽകണമെന്നാണ് ഡൽഹി കൺസ്യൂമർ കമ്മീഷൻ ഉത്തരവിട്ടിട്ടുള്ളത്.

To advertise here,

ആവർത്തിച്ച് ശ്രദ്ധയിൽപ്പെടുത്തിയിട്ടും പ്രശ്‌നം പരിഹരിക്കുന്നതിൽ പരാജയപ്പെട്ടത് ഗുരുതര വീഴ്ചയും അനുചിതമായ വ്യാപാര രീതിയുമാണെന്ന് സൗത്ത് ഡൽഹി II ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ കണ്ടെത്തിയതായി ദി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ടു ചെയ്യുന്നു.

കാർ 1,408 കിലോമീറ്റർ പിന്നിട്ടപ്പോൾ ശബ്ദം 

2019 ഏപ്രിലിലാണ് ഉപഭോക്താവ് 8.26 ലക്ഷം രൂപയ്ക്ക് പുതിയ കാർ വാങ്ങിയത്. ഏകദേശം 1,408 കിലോമീറ്റർ ഓടിയതിന് ശേഷം ഗിയർ മാറ്റുമ്പോൾ വാഹനത്തിൽ അസാധാരണമായ തട്ടുന്ന ശബ്ദം കേൾക്കാൻ തുടങ്ങി.

ആദ്യ സർവീസിനിടയിൽ ഈ പ്രശ്‌നം ചൂണ്ടിക്കാണിച്ചെങ്കിലും പ്രശ്‌നം പരിഹരിക്കപ്പെടാതെ തുടർന്നു. 2019 ഒക്ടോബറിൽ അദ്ദേഹം നിർമ്മാതാവിന്റെ കസ്റ്റമർ സപ്പോർട്ട് ടീമിന് ഓൺലൈനായി പരാതി നൽകുകയും തുടർന്ന് പരിഹാരം തേടി നിരവധി ഇമെയിലുകൾ അയക്കുകയും ചെയ്തു.

പരാതിക്കാരന്റെ വസതിയിലെത്തി നിർമ്മാതാവിന്റെ വിദഗ്ദ്ധർ രണ്ട് തവണ വാഹനം പരിശോധിച്ചു. എങ്കിലും പ്രശ്‌നം പരിഹരിക്കപ്പെട്ടില്ല. വാഹനത്തിന് നിർമ്മാണ തകരാറില്ലെന്ന് നിർമ്മാതാവ് വാദിക്കുകയും ശബ്ദത്തിന് കാരണം ഡ്രൈവിങ് ശീലങ്ങളാണെന്ന് ആരോപിക്കുകയും ചെയ്തതായി പരാതിക്കാരൻ പറയുന്നു.

ഈ ആരോപണം ഉന്നയിച്ചുകൊണ്ട് നിർമ്മാതാവ് അയച്ച ഇമെയിലും അദ്ദേഹം കൺസ്യൂമർ കമ്മീഷനിൽ സമർപ്പിച്ചു. കാർ വാങ്ങാൻ ചെലവഴിച്ച മുഴുവൻ തുകയും പലിശയും 20 ലക്ഷം രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടാണ് അദ്ദേഹം കമ്മീഷനെ സമീപിച്ചത്. പരാതിയിൽ ആകെ 1.65 ലക്ഷം രൂപയുടെ നഷ്ടപരിഹാരം നൽകാനാണ് കമ്മീഷന്റെ വിധി. എന്നാൽ കാറിന്റെ വില പൂർണമായി തിരികെ നൽകണമെന്ന പരാതിക്കാരന്റെ ആവശ്യം കമ്മീഷൻ അംഗീകരിച്ചില്ല.