2016-ല്‍ ഒരു ലിറ്റര്‍ ഡീസലിന് 56-58 രൂപയായിരുന്ന സ്ഥാനത്ത്, 2026-ലെത്തുമ്പോള്‍ അത് 103-104 രൂപയായി.

ആലപ്പുഴ: പുലർച്ചെ മുതൽ രാത്രിവരെ ബെല്ലടിയും ചില്ലറത്തുട്ടുകളുടെ കിലുക്കവുമായി ചെങ്ങന്നൂർ-മാവേലിക്കര റോഡിലൂടെ പാഞ്ഞ ബസ് ഷെഡിലേക്കു കയറ്റുംമുൻപ് പമ്പിലേക്കു തിരിക്കുമ്പോൾ ഉടമയുടെ നെഞ്ചൊന്നു പിടഞ്ഞു. കണ്ണടച്ചു തുറക്കുംമുൻപ് മീറ്ററിലെ ഡീസൽത്തുക പതിനായിരത്തിലേക്കു കുതിച്ചുയർന്നു. അന്നുകിട്ടിയ നോട്ടുകളെല്ലാം കണ്ടക്ടർ പമ്പുകാരന്റെ കൈയിലേക്ക് എണ്ണിനൽകി. ജീവനക്കാർക്ക് കൂലികൊടുക്കാൻ അവശേഷിച്ച ഏതാനും നൂറുരൂപ നോട്ടുകളിലേക്കുനോക്കി ആ ബസുടമ നിസ്സഹായനായിനിന്നു. ലാഭത്തിനല്ല, എണ്ണയടിക്കാൻവേണ്ടി മാത്രം ഓടുന്ന ഒരു യന്ത്രമായി തന്റെ സ്വപ്നം വഴിയിലൊടുങ്ങുന്നത് വേദനയോടെ അയാൾ തിരിച്ചറിയുകയായിരുന്നു...
കുതിച്ചുയരുന്ന ഇന്ധനച്ചെലവ്
2016-ൽ ഒരു ലിറ്റർ ഡീസലിന് 56-58 രൂപയായിരുന്ന സ്ഥാനത്ത്, 2026-ലെത്തുമ്പോൾ അത് 103-104 രൂപയായി. പതിറ്റാണ്ടിനിടയിൽ ഇന്ധനത്തിനുമാത്രം 80 ശതമാനത്തിലധികം വർധനയാണ് ഉണ്ടായിരിക്കുന്നത്. കേന്ദ്രസർക്കാർ വിലകുറച്ച സമയത്ത് സംസ്ഥാനം രണ്ടുരൂപ സെസ് ഏർപ്പെടുത്തിയതും തിരിച്ചടിയായി. ബസുകളുടെ പ്രതിദിന ചെലവിന്റെ സിംഹഭാഗവും ഡീസലിനായി മാറ്റിവെക്കേണ്ടിവരുന്നത് ഉടമകളെ കടുത്ത കടക്കെണിയിലേക്കാണ് തള്ളിവിടുന്നത്. ഒരു ബസിന് ദിവസം 65 മുതൽ 70 വരെ ലിറ്റർ ഡീസൽ വേണം. ഇന്ധനച്ചെലവിൽ മാത്രം പ്രതിദിനം വലിയൊരു തുകയാണ് അധികം കണ്ടെത്തേണ്ടത്.
നിരക്കിൽ കാര്യമായ മാറ്റമില്ല
ഇന്ധനവില ഇത്രയധികം ഉയർന്നിട്ടും, ബസ് ചാർജിൽ അതിനനുസരിച്ചുള്ള മാറ്റമുണ്ടായിട്ടില്ല. 2016-ൽ ഏഴുരൂപയായിരുന്ന മിനിമം ചാർജ് പത്തുവർഷങ്ങൾക്കിപ്പുറം 10 രൂപ മാത്രമായാണ് ഉയർന്നത്. അതായത് മിനിമം നിരക്കിലുണ്ടായ വർധന വെറും 42 ശതമാനം മാത്രമാണ്. വണ്ടിക്കൂലിയിലുണ്ടായ ഈ നേരിയ വർധന ഇന്ധനവിലക്കയറ്റത്തെ പ്രതിരോധിക്കാൻ പര്യാപ്തമല്ല. കോവിഡിനുശേഷം യാത്രാക്കാരുടെ എണ്ണത്തിലുണ്ടായ കുറവും വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് കാലോചിതമായി പരിഷ്‌കരിക്കാത്തതും പ്രതിസന്ധി ഇരട്ടിയാക്കുന്നു.
യാത്രക്കാരുടെ എണ്ണം പകുതിയായി
മുൻപ് 1,300-1,500 ആളുകൾ ദിവസം ഒരു ബസിൽ യാത്രചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോൾ 600 പേരിലേക്കു ചുരുങ്ങി. കുടുംബമായി യാത്രചെയ്യുന്നവരിൽ സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി.യിൽ സൗജന്യയാത്രാനുകൂല്യം ലഭിക്കുമ്പോൾ കൂടെയുള്ളവരും യാത്ര അതിലാക്കിയത് സ്വകാര്യ ബസുകളെ കാര്യമായി ബാധിച്ചു.
തൊഴിലില്ലായ്മയും ജീവനക്കാരുടെ ദുരിതവും
വരുമാനം കുത്തനെ ഇടിഞ്ഞതോടെ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ ഉടമകൾ നിർബന്ധിതരായി. ഒരു ബസിൽ നാലു ജീവനക്കാർവരെ ജോലിചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോൾ രണ്ടുപേരായി. അവരുടെ പ്രതിദിന വേതനത്തിൽ 300 മുതൽ 400 വരെ രൂപ കുറഞ്ഞു. കുടുംബം പുലർത്താൻ തികയാത്ത വരുമാനവുമായി തുടരേണ്ടിവരുന്നത് തൊഴിലാളികളെ മാനസിക-സാമ്പത്തിക ബുദ്ധിമുട്ടുകളിലേക്കു നയിക്കുന്നു.
ഇന്ധനവിലയ്ക്കാനുപാതികമായി നിരക്കുകൾ പുതുക്കുകയോ അല്ലെങ്കിൽ ടാക്‌സ് ഇളവുകളും സബ്‌സിഡികളും നൽകി സർക്കാർ ഇടപെടുകയോ ചെയ്യാത്തപക്ഷം കേരളത്തിലെ സ്വകാര്യ ബസ് വ്യവസായം പൂർണമായും ഓർമ്മയാകുന്ന കാലം വിദൂരമല്ല.
Content Highlights: Over 80% increase in diesel prices since 2016., Minimum bus fare increased by only 42% in ten years., Daily passenger count dropped from 1500 to 600., Staff reduction and wage cuts due to industry losses., Urgent need for government intervention via subsidies or fare hikes.
Published: 20 Jul 2026, 03:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented