എടപ്പാൾ: കെ.എസ്.ആർ.ടി.സി. സർവീസ് നടത്തുന്ന ബസുകൾ പിൻവലിച്ച് വാനുകളാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി ആലുവയിൽ മാത്രം പൊളിക്കുന്നത് ആറു ബസുകൾ. ഇക്കഴിഞ്ഞ 23-ന് കെ.എസ്.ആർ.ടി.സി. ചീഫ് ഓഫീസിലെ മെക്കാനിക്കൽ എൻജിനിയറുടെ നേതൃത്വത്തിൽ നടന്ന ഗൂഗിൾ മീറ്റ് തീരുമാനപ്രകാരം വിവിധ ഡിപ്പോകളിൽ വാനുകളാക്കി മാറ്റാൻ പറ്റുന്ന ബസുകൾ കണ്ടെത്തി അറിയിക്കാൻ തീരുമാനിച്ചിരുന്നു.

To advertise here,

ഇതനുസരിച്ച് ആലുവയിൽ മാത്രം കണ്ടെത്തിയത് ആറു ബസുകളാണെന്ന് മെക്കാനിക്കൽ എൻജിനിയർക്കയച്ച കത്തിൽ വർക്‌സ് മാനേജർ വ്യക്തമാക്കുന്നു. ഇവ വാനാക്കി മാറ്റാൻ ആലുവ റീജണൽ വർക് ഷോപ്പിലേക്ക് അയയ്ക്കണമെന്ന് നിർദ്ദേശിക്കണമെന്നും കത്തിലുണ്ട്.

തിരുവനന്തപുരം സെൻട്രൽ വർക് ഷോപ്പിൽനിന്ന് വിവിധ ഡിപ്പോകളിലേക്ക് സ്പെയർ പാർട്സ് എത്തിക്കാൻ ഉപയോഗിച്ചിരുന്ന വാനുകളിൽ 35 എണ്ണത്തിന്റെ കാലാവധി ഇക്കഴിഞ്ഞ 30-ന് അവസാനിച്ചിരുന്നു. പുതിയ വാൻ വാങ്ങാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്. അതുവരെ സ്‌പെയർപാർട്സ് നീക്കം തടഞ്ഞാൽ ബസ് സർവീസുകളുടെയും വർക് ഷോപ്പുകളുടെയും പ്രവർത്തനം സ്തംഭിക്കുമെന്നതിനാലാണ് താത്കാലികമായി സർവീസ് നടത്തുന്നതടക്കമുള്ള ബസുകളുടെ സീറ്റുകളഴിച്ചെടുത്ത് വാനാക്കാനുള്ള നടപടിയാരംഭിച്ചത്.

നിയമപരമായുള്ള തടസങ്ങളും ഇൻഷുറൻസ് പരിരക്ഷയും സംബന്ധിച്ച് ഡ്രൈവർമാർക്കിടയിലുള്ള ആശങ്ക നിലനിൽക്കുന്നുണ്ടെങ്കിലും കോർപ്പറേഷൻ തീരുമാനവുമായി മുന്നോട്ടുതന്നെയാണ്. സർക്കാരിന്റെ പ്രിയദർശിനി സൗജന്യ യാത്രാ സർവീസിനടക്കം ഉപയോഗിക്കുന്ന ലോക്കൽ ബസുകൾ പൊളിച്ച് വാനാക്കുന്നത് സംബന്ധിച്ച 'മാതൃഭൂമി' വാർത്തയ്‌ക്കെതിരേ ചിലർ രംഗത്തുവന്നിരുന്നെങ്കിലും പുതിയ രേഖപ്രകാരം മാതൃഭൂമി വാർത്ത പൂർണമായും ശരിയാണെന്ന് തെളിയുകയാണ്.

മെക്കാനിക്കൽ എൻജിനിയർ നടത്തിയ ഗൂഗിൾ മീറ്റിലെ നിർദ്ദേശാനുസരണമാണ് ബസുകൾ വാനുകളാക്കി മാറ്റാൻ തീരുമാനിച്ചതെന്ന് വ്യക്തമാകുന്നതോടെ കോർപ്പറേഷന്റെ ഔദ്യോഗിക തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കമെന്ന് ഉറപ്പായി.