കൊച്ചി: അമിതവേഗത്തിൽ ഹോണടിച്ചെത്തിയ സ്വകാര്യ ബസ് ഇരുചക്രവാഹന യാത്രക്കാരനെ ഇടിച്ചുവീഴ്ത്താൻ ശ്രമിച്ചു. സംഭവ ശേഷം ബസ് എടുത്തുകൊണ്ടുപോകാൻ ശ്രമിച്ചത് യുവാവും കുടുംബ സുഹൃത്തായ യുവതിയും ചേർന്ന് തടഞ്ഞു. നടുറോഡിൽ ബസ് തടഞ്ഞതോടെ ഗതാഗതക്കുരുക്കായി. ഇതോടെ പോലീസെത്തി യുവതിയെയും യുവാവിനെയും മാറ്റി.

To advertise here,

ബുധനാഴ്ച രാവിലെ 9.30-ന് ഇടപ്പള്ളി ജങ്ഷന് സമീപമാണ് സംഭവം. കളമശ്ശേരിയിൽ നിന്ന് എറണാകുളത്തേക്ക് ഇരുചക്രവാഹനത്തിൽ വരുകയായിരുന്നു മുഹമ്മദ് റിസ്വാൻ എന്ന യുവാവ്. പിന്നാലെയെത്തിയ ബസ് പല തവണ പേടിപ്പിക്കുന്ന രീതിയിൽ ഹോൺ മുഴക്കിയശേഷം പിന്നിൽ വന്ന് ഇടിച്ചെന്നും ഇദ്ദേഹം പറഞ്ഞു. ഇരുചക്രവാഹനത്തിന്റെ ബ്രേക്ക് ലൈറ്റ് പൊട്ടിയത് മുഹമ്മദ് റിസ്വാൻ ചോദ്യം ചെയ്തു. ഇതോടെ ബസ് ജീവനക്കാരും തട്ടിക്കയറി. അതിനിടെ ഡ്രൈവർ ബസ് മുന്നോട്ടെടുത്ത് വീണുകിടന്ന ബൈക്കിനെ നിരക്കിക്കൊണ്ടുപോകുകയും ചെയ്തു.

ഈ സമയം മറ്റൊരു ഇരുചക്രവാഹനത്തിൽ വന്ന റിസ്വാന്റെ കുടുംബ സുഹൃത്തായ ആശ എന്ന യുവതിയാണ് ബസ് തടഞ്ഞത്. യുവതി ബസിനു മുന്നിൽ കയറി നിന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ചു. പിന്നീട് പോലീസെത്തിയാണ് ഇവരെ മാറ്റിയത്. സംഭവത്തെ തുടർന്ന് തേവര റൂട്ടിലോടുന്ന 'വഹ്ബിയ' ബസിനെതിരേയും വഴി തടഞ്ഞതിന് യുവാവിനും യുവതിക്കുമെതിരേയും കേസെടുത്തതായി കളമശ്ശേരി പോലീസ് വ്യക്തമാക്കി. ബസ് ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്തു.