കൊച്ചി: ഇരുപതു ശതമാനം എഥനോളടങ്ങുന്ന ഇ20 പെട്രോളിന്റെ വരവോടെ രാജ്യത്ത് എഥനോൾ ഉത്പാദനം ഗണ്യമായി വർധിച്ചു. 2016-ൽ 45 കോടി ലിറ്റർ എഥനോൾ ആയിരുന്നു ഉത്പാദിപ്പിച്ചിരുന്നത്. 2025-ൽ ഇത് 970 കോടി ലിറ്ററായി ഉയർന്നിട്ടുണ്ട്. 2025 ജൂൺ 30 വരെയുള്ള കേന്ദ്ര പൊതുവിതരണ വകുപ്പിന്റെയും ഓൾ ഇന്ത്യ ഡിസ്റ്റിലറീസ് അസോസിയേഷന്റെയും കണക്കുപ്രകാരം രാജ്യത്ത് അഞ്ഞൂറോളം ഡിസ്റ്റിലറികളിലായി 1,822 കോടി ലിറ്റർ എഥനോൾ ഉത്പാദിപ്പിക്കാനുള്ള ശേഷിയുമുണ്ട്.

To advertise here,

എന്നാൽ, ആഭ്യന്തര ഉത്പാദനത്തിലുണ്ടായ വർധന എഥനോളിന്റെ ഇറക്കുമതി കുറയ്ക്കുന്നതിൽ വളരെ കുറഞ്ഞ സ്വാധീനമേ ചെലുത്തിയിട്ടുള്ളൂ. ഇന്ത്യയുടെ എഥനോൾ ഇന്ധന വ്യാപാര കമ്മി (ഇറക്കുമതിയിലേയും കയറ്റുമതിയിലേയും അന്തരം) 2018-19 സാമ്പത്തികവർഷം 28 കോടി ഡോളർ ആയിരുന്നു. 2024-25 സാമ്പത്തിക വർഷത്തിൽ ഇത് 45.9 കോടി ഡോളറായി വർധിച്ചു.

2025-26 സാമ്പത്തികവർഷം 40.3 കോടി ഡോളറായി നേരിയ തോതിൽ കുറയുകയും ചെയ്തു. കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം നിലവിൽ ഇന്ത്യ ഭൂരിഭാഗം എഥനോളും ഇറക്കുമതി ചെയ്യുന്നത് യു.എസിൽ നിന്നാണ്. ആകെ എഥനോൾ ഇറക്കുമതിയിൽ യു.എസിന്റെ വിഹിതം 2024-25 സാമ്പത്തികവർഷത്തിൽ 79 ശതമാനം ആയിരുന്നു. 2025-26 സാമ്പത്തികവർഷത്തിൽ ഇത് 94 ശതമാനമായി ഉയർന്നിട്ടുണ്ട്.

ആഭ്യന്തര ഉപഭോഗത്തിൽ വർധനയുണ്ടായെങ്കിലും എഥനോളിന്റെ ഇറക്കുമതി വെട്ടിക്കുറയ്ക്കാവുന്ന നിലയിലേക്ക് രാജ്യം എത്തിച്ചേർന്നിട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന എഥനോളിന്റെ പ്രധാനഭാഗം ഇ20 ഇന്ധനത്തിനായാണ് ഉപയോഗിക്കുന്നത്. അപ്പോഴും ഇന്ധനമിശ്രണത്തിന് പുറമേ വ്യവസായ മേഖലയിൽ അടക്കം എഥനോളിന്റെ ആവശ്യകത നിലനിൽക്കുന്നു. ഈ ആവശ്യകത നിറവേറ്റാനായാണ് രാജ്യത്തിന് ഇറക്കുമതിചെയ്ത എഥനോളിനെ ആശ്രയിക്കേണ്ടി വരുന്നത്.

അതേസമയം, ഇന്ധന ഇറക്കുമതിയിലെ ആശ്രയത്വം കുറയ്ക്കാനായുള്ള ബദലായാണ് കേന്ദ്രം ഇ20 ഇന്ധനം ഉയർത്തിക്കാണിക്കുന്നത്. ഇതുവഴി അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി കുറയ്ക്കാമെന്നാണ് വാദം. എന്നാൽ അതിനൊപ്പം എഥനോളിന്റെ ഇറക്കുമതിയിൽ കുറവ് വന്നില്ലെങ്കിൽ ആ മാർഗമുള്ള വിദേശനാണ്യ ചോർച്ച തുടരും.