ടൊയോട്ടയുടെ 100 ശതമാനം എഥനോളിൽ ഓടുന്ന ഇന്നോവ ഹൈക്രോസ് ഒക്ടോബറിൽ പുറത്തിറക്കും. കേന്ദ്ര റോഡ് ഗതാഗത - ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്. ഈ വാഹനത്തിന് പെട്രോൾ ആവശ്യമേയില്ല. പൂർണ്ണമായും എഥനോളിൽ ഓടുകയും പ്രവർത്തിക്കുമ്പോൾ വൈദ്യുതി ഉത്പാദിപ്പിക്കുകയും ചെയ്യുന്ന രീതിയിലാണ് ഫ്‌ളെക്‌സ്-ഫ്യുവൽ എം.പി.വി രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

To advertise here,

എഥനോൾ ഇതിനകം 19 രാജ്യങ്ങളിൽ ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ വാഹന ഉപയോക്താക്കളിൽ നിന്ന് ഇതുവരെ യാതൊരു പരാതിയും ലഭിച്ചിട്ടില്ല. ഒക്ടോബറിൽ നടക്കുന്ന ടൊയോട്ടയുടെ ഇന്നോവ ഫ്‌ളെക്‌സ്-ഫ്യുവൽ കാറിന്റെ ലോഞ്ചിന് ക്ഷണിച്ചിട്ടുണ്ട്, ഇത് പൂർണ്ണമായും 100 ശതമാനം എഥനോളിലാണ് പ്രവർത്തിക്കുന്നത്.' ബിസിനസ് ടുഡെയുടെ ഒരു പരിപാടിയിൽ കേന്ദ്രമന്ത്രി പറഞ്ഞു.

2023-ലാണ് ടൊയോട്ട എഥനോളിൽ പ്രവർത്തിക്കുന്ന ഇന്നോവ ഹൈക്രോസ് ആദ്യമായി പ്രദർശിപ്പിച്ചത്. ഒരു ഇലക്ട്രിഫൈഡ് ഫ്‌ളെക്‌സ്-ഫ്യുവൽ വാഹനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇത്, സസ്യങ്ങളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഇന്ധനമായ E100 എഥനോളിൽ ഓടിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. മാരുതി സുസുക്കി അടുത്തിടെ ഇന്ത്യയിൽ വാഗൺആർ ബയോഫ്‌ളെക്‌സ് അവതരിപ്പിച്ചിരുന്നു. E20 മുതൽ E85 വരെയുള്ള എഥനോൾ-പെട്രോൾ മിശ്രിതങ്ങളിൽ പ്രവർത്തിക്കാൻ കഴിയുന്ന വാഹനമാണിത്.