രാജ്യത്ത് 50 ശതമാനം ഇരുചക്ര-നാലുചക്ര വാഹനങ്ങള് ഫ്‌ളെക്‌സ് ഫ്യൂവലിലേക്കുമാറിയാല് എഥനോളിന്റെ ആവശ്യം 311.8 കോടി ലിറ്ററായി ഉയരും.

ഇന്ത്യയിൽ 85 ശതമാനം എഥനോൾ ചേർന്ന ഇന്ധനം ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കാൻ പദ്ധതികളുമായി കേന്ദ്ര സർക്കാർ. ഇത്തരത്തിലുള്ള ഇന്ധനങ്ങളുടെ ലഭ്യത വർധിപ്പിക്കാനുള്ള നീക്കങ്ങൾ സർക്കാർ തലത്തിൽ നടത്തുന്നുണ്ടെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചത്. ഹീറോ മോട്ടോർകോർപ്പിന്റെ ഫ്‌ളെക്‌സ് ഫ്യൂവൽ പതിപ്പുകൾ പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഥനോൾ കലർത്തിയ ഇന്ധനത്തിന് പെട്രോളിനെക്കാൾ വളരെ വില കുറവായിരിക്കുമെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ഇപ്പോൾ നിർദേശിച്ചിട്ടുള്ള ഇ85 ഇന്ധനത്തിൽ 85 ശതമാനം എഥനോൾ ആയിരിക്കും കലർത്തുക. ഇതിനെ അനുയോജ്യമായ വാഹനങ്ങളിൽ ഇത്തരത്തിലുള്ള ഇന്ധനങ്ങളായിരിക്കും ഉപയോഗിക്കുക. പെട്രോളിനെക്കാൾ കുറഞ്ഞ വിലയിൽ ഇത് ലഭ്യമാകുമെന്നാണ് മന്ത്രി ഉറപ്പുനൽകുന്നത്.
ഇ85 ഇന്ധനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും കേന്ദ്ര സർക്കാർ സ്വീകരിക്കുന്നുണ്ട്. ഇതിനായുള്ള നയങ്ങൾ രൂപീകരിക്കുന്നതിനൊപ്പം വില സംബന്ധിച്ച വിവരങ്ങൾ വൈകാതെ തന്നെ വെളിപ്പെടുത്തുമെന്നും മന്ത്രി പറയുന്നു. 85 ശതമാനം എഥനോളും 15 ശതമാനം പെട്രോളും കലർത്തിയാണ് ഇ85 ഇന്ധനം വികസിപ്പിക്കുന്നത്. ഫ്‌ളെക്‌സ് ഫ്യൂവൽ വാഹനങ്ങളിൽ മാത്രമാണ് ഇത് ഉപയോഗിക്കാൻ സാധിക്കുക.
85 ശതമാനം എഥനോൾ ചേർന്ന ഇന്ധനം ഉടൻ ലഭ്യമാക്കിത്തുടങ്ങുമെന്നും മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു. ഘട്ടംഘട്ടമായി ഇത് വ്യാപകമാക്കുന്നതിനാണ് പദ്ധതി. തുടക്കത്തിൽ ഡൽഹി-എൻ.സി.ആർ. മേഖല, മുംബൈ, പുണെ, നാസിക് എന്നിവിടങ്ങളിലാകും കൊണ്ടുവരിക. ഡിസംബറോടെ 500 പമ്പുകളാണ് സജ്ജമാക്കുക. 2027 അവസാനത്തോടെ ഇത് 5,000 ആയി ഉയർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫ്‌ളെക്‌സ് ഫ്യൂവൽ കൂടുതൽ വ്യാപകമാക്കി, പെട്രോളിയം ഇറക്കുമതി കുറയ്ക്കുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഇ 85 ഇന്ധനത്തിൽ 85 ശതമാനംവരെ എഥനോൾ ആയിരിക്കും. വൈദ്യുതവാഹനങ്ങളെക്കാൾ മലിനീകരണം കുറഞ്ഞ ഇന്ധനമെന്ന നിലയിലാകും ഇതിനെ കണക്കാക്കുക. രാജ്യത്ത് 50 ശതമാനം ഇരുചക്ര-നാലുചക്ര വാഹനങ്ങൾ ഫ്‌ളെക്‌സ് ഫ്യൂവലിലേക്കുമാറിയാൽ എഥനോളിന്റെ ആവശ്യം 311.8 കോടി ലിറ്ററായി ഉയരും. ഇത് രാജ്യത്തെ കർഷകർക്ക് 12,403 കോടി രൂപയുടെ അധിക വരുമാനം ഉറപ്പാക്കും. കാർബൺ ബഹിർഗമനത്തിൽ 66.4 ലക്ഷം മെട്രിക് ടണ്ണിന്റെ കുറവുണ്ടാകുമെന്നും ഹർദീപ് സിങ് പുരി അഭിപ്രായപ്പെട്ടു.
Content Highlights: Introduction of E85 fuel (85% ethanol, 15% petrol) to reduce fuel costs., Government target to reach 5,000 fuel stations by the end of 2027., Flex-fuel vehicles required for E85 usage., Economic benefit of ₹12,403 crore for farmers., Significant reduction in carbon emissions compared to traditional petrol.
Published: 05 Jun 2026, 11:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented