പരിശോധന നടത്തിയ അഞ്ചിൽ നാല് പമ്പുകളിലും പെട്രോളിലെ എഥനോൾ അളവ് അനുവദിനീയമായതിലും കൂടുതലാണ്

ബെംഗളൂരു: കർണാടകയിലെ പമ്പുകളിൽ വിൽക്കുന്ന പെട്രോളിൽ അനുവദിനീയമായതിലും അധികം എഥനോൾ ഉള്ളതായി കണ്ടെത്തി. സർക്കാർ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ചില പമ്പുകളിലെ സാമ്പിളുകളിൽ എഥനോളിന്റെ അളവ് 31.2 ശതമാനം വരെ ഉള്ളതായാണ് കണ്ടെത്തൽ. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ (ഐഒസിഎൽ) പമ്പിൽനിന്ന് ശേഖരിച്ച സാമ്പിളിലാണ് ഏറ്റവും ഉയർന്ന അളവ് എഥനോൾ കണ്ടെത്തിയത്. ഇന്ത്യയിൽ 20 ശതമാനം എഥനോളാണ് (ഇ20) പെട്രോളിൽ അനുവദിനീയം. എന്നാൽ പരിശോധിച്ച പമ്പുകളിൽ അഞ്ചിൽ നാലിലും എഥനോളിന്റെ അളവ് അനുവദനീയമായതിലും കൂടുതലാണ് എന്നാണ് സർക്കാരിന്റെ കണ്ടെത്തൽ.
കർണാടകയിലെ വിവിധ ജില്ലകളിൽനിന്നായി പ്രമുഖ എണ്ണക്കമ്പനികളുടെ പമ്പുകളിൽനിന്ന് സർക്കാർ 63 പെട്രോൾ സാമ്പിളുകളാണ് ശേഖരിച്ചത്. ഐഒസിഎൽ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ), ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഷെൽ, നയാര എനർജി എന്നീ കമ്പനികളുടെ പെട്രോൾ സാമ്പിളുകളാണ് പരിശോധിച്ചത്. ആദ്യഘട്ടത്തിൽ സാമ്പിളുകൾ അതാത് എണ്ണക്കമ്പനികളുടെ ആഭ്യന്തര ലബോറട്ടറികളിലേക്ക് പരിശോധനയ്ക്ക് അയച്ചു. എന്നാൽ എഥനോളിന്റെ അളവ് ഉൾപ്പെടെയുള്ള നിർദിഷ്ട പരിശോധനാ വിവരങ്ങൾ കമ്പനികൾ വ്യക്തമായി വെളിപ്പെടുത്തിയില്ലെന്നാണ് സർക്കാരിന്റെ ആരോപണം. പരിശോധനാ ഫലത്തിൽ സംശയം ഉയർന്നതായും സർക്കാർ പറയുന്നു.
എച്ച്പിസിഎൽ പമ്പുകളിൽനിന്നുള്ള സാമ്പിളുകളിൽ 30.5 ശതമാനവും 27 ശതമാനവും എഥനോൾ കണ്ടെത്തിയെന്നാണ് സർക്കാർ പുറത്തുവിട്ട വിവരം. ബിപിസിഎൽ സാമ്പിളുകളിൽ ഇത് 26.5 ശതമാനം, 24.2 ശതമാനം, 22.6 ശതമാനം എന്നിങ്ങനെയാണ്. സ്വകാര്യ കമ്പനിയായ നയാര എനർജിയുടെ സാമ്പിളിൽ 26.1 ശതമാനവും ഷെല്ലിന്റെ സാമ്പിളിൽ 25.5 ശതമാനവും എഥനോൾ കണ്ടെത്തി.
തുടർന്നാണ് സാമ്പിളുകൾ സ്വകാര്യ ലബോറട്ടറികളിലേക്ക് അയക്കാൻ സർക്കാർ തീരുമാനിച്ചത്. നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആൻഡ് കാലിബറേഷൻ ലബോറട്ടറീസിന്റെ (എൻഎബിഎൽ) അംഗീകാരമുള്ളതും ഐഎസ്ഒ സർട്ടിഫിക്കേഷനുള്ളതുമായ ലബോറട്ടറികളിലാണ് പരിശോധന നടത്തിയത്. സർക്കാർ പുറത്തുവിട്ട പട്ടികയിൽ 14 സാമ്പിളുകളുടെ പരിശോധനാ ഫലമാണുള്ളത്. ഇവയിൽ എഥനോളിന്റെ അളവ് 13.5 ശതമാനം മുതൽ 31.2 ശതമാനം വരെയാണുള്ളത്. ബെംഗളൂരു ഉൾപ്പെടെ ഏഴ് ജില്ലകളിൽനിന്നുള്ള സാമ്പിളുകളിൽ ഇ20 പരിധി മറികടന്നതായും സർക്കാർ പറയുന്നു.
കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാരിന്റെ എഥനോൾ മിശ്രണ നയത്തെ ചോദ്യം ചെയ്ത് കർണാടക ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി റിസ്വാൻ അർഷാദ് രംഗത്തെത്തി. എഥനോൾ ചേർക്കുന്നതിന്റെ സാമ്പത്തിക ബാധ്യത സാധാരണ ഉപഭോക്താക്കൾക്കാണ് ഉണ്ടാകുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇന്ധനക്ഷമത കുറയുന്നതിലൂടെ ഉപഭോക്താക്കൾക്ക് പ്രതിവർഷം ഏകദേശം 62,000 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യതയുണ്ടാകാമെന്നാണ് മന്ത്രിയുടെ വാദം. വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്കും പരിപാലനത്തിനും വരുന്ന അധിക ചെലവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉയർന്ന അളവിലുള്ള എഥനോൾ ചേർത്ത പെട്രോൾ ഉപയോഗിക്കാൻ രൂപകൽപ്പന ചെയ്യാത്ത വാഹനങ്ങളെ ഇത് ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'ഈ പണം സാധാരണക്കാരുടെ പോക്കറ്റിൽനിന്നല്ലേ പോകുന്നത്? ഇതിന്റെ ആവശ്യമെന്തായിരുന്നു? എഥനോൾ ചേർത്ത പെട്രോൾ കൈകാര്യം ചെയ്യാൻ പമ്പുകളിലെ വിതരണ സംവിധാനങ്ങളും സംഭരണ ടാങ്കുകളും സജ്ജമാണോ? ചില സാഹചര്യങ്ങളിൽ ഇന്ധന ടാങ്കിനുള്ളിൽ എഥനോളും പെട്രോളും രണ്ട് പാളികളായി വേർതിരിയാൻ സാധ്യതയുണ്ടാകില്ലേ? ഉപഭോക്താക്കൾക്ക് അവർ വാങ്ങുന്ന ഇന്ധനത്തിന്റെ ഘടനയെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നുണ്ടോ?' -മന്ത്രി ചോദിച്ചു.
എഥനോൾ മിശ്രണത്തിന്റെ പേരിൽ അധിക ചെലവ് നേരിടുന്ന ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം നൽകാൻ കേന്ദ്രസർക്കാർ പ്രത്യേക ഫണ്ട് രൂപീകരിക്കണമെന്ന് റിസ്വാൻ അർഷാദ് ആവശ്യപ്പെട്ടു. ഇന്ധന നയം കാരണം വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്കും ഇന്ധനക്ഷമത കുറയുന്നതിനും ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത ഉപഭോക്താക്കളുടെ മേൽ അടിച്ചേൽപ്പിക്കരുതെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. എഥനോൾ മിശ്രണം വഴി പെട്രോൾ വില കുറയ്ക്കാനാകുമെന്ന കേന്ദ്രത്തിന്റെ വാദത്തെയും അദ്ദേഹം ചോദ്യം ചെയ്തു. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുറയുമ്പോൾ അതിന്റെ നേട്ടം ഉപഭോക്താക്കൾക്ക് ലഭിക്കേണ്ടതല്ലേയെന്നും അദ്ദേഹം ചോദിച്ചു. വില കുറയുമ്പോൾ അതിന്റെ പ്രയോജനം ജനങ്ങളിലേക്ക് എത്തുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കേന്ദ്രസർക്കാരിന്റെ എഥനോൾ മിശ്രണ പദ്ധതിയുടെ സമയക്രമത്തെയും മന്ത്രി ചോദ്യം ചെയ്തു. ഇ10-ൽനിന്ന് ഇ20-ലേക്കുള്ള മാറ്റം താരതമ്യേന കുറഞ്ഞ കാലയളവിനുള്ളിൽ നടപ്പാക്കിയതിന്റെ ആവശ്യകത എന്തായിരുന്നുവെന്ന് അദ്ദേഹം ചോദിച്ചു. സാധാരണ വാഹന ഉടമകളെ ഈ മാറ്റം എങ്ങനെ ബാധിക്കുമെന്നതിനെ കുറിച്ച് വേണ്ടത്ര ചിന്തിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. 'ഞാൻ ആരോപണങ്ങൾ ഉന്നയിക്കുകയല്ല. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുറയുമ്പോൾ ഉപഭോക്താക്കൾക്ക് അതിന്റെ നേട്ടം ലഭിക്കേണ്ടതല്ലേ? വില കൂടുമ്പോൾ അതിന് അനുസരിച്ചുള്ള ആനുകൂല്യം ഉപഭോക്താക്കൾക്ക് ലഭിച്ചിട്ടുണ്ടോ?' -മന്ത്രി ചോദിച്ചു.
പരിശോധനാ ഫലങ്ങളുടെ പശ്ചാത്തലത്തിൽ വിഷയം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനാണ് കർണാടക സർക്കാരിന്റെ തീരുമാനം. പെട്രോൾ-എഥനോൾ മിശ്രണവുമായി ബന്ധപ്പെട്ട് കൂടുതൽ സുതാര്യത ഉറപ്പാക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. എണ്ണക്കമ്പനികളുടെ ഉത്തരവാദിത്വം ഉറപ്പാക്കണമെന്നും സർക്കാർ ആവശ്യപ്പെടുന്നു. ഇന്ധന നയത്തിന്റെ പേരിൽ സാധാരണ ഉപഭോക്താക്കൾക്ക് സാമ്പത്തിക ബാധ്യത ഉണ്ടാകാതിരിക്കാനുള്ള നടപടികളും സംസ്ഥാനം ആവശ്യപ്പെടും.
Content Highlights: A government inspection in Karnataka revealed that petrol samples from major oil companies contained up to 31.2% ethanol, breaching the permissible 20% limit and raising severe consumer efficiency concerns.
Published: 06 Nov 2026, 04:52 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented