ബെംഗളൂരു: പെട്രോളിൽ അനുവദനീയമായ അളവിനെക്കാൾ കൂടുതൽ എഥനോൾ കലർത്തുന്നുവെന്ന കർണാടക സർക്കാരിന്റെ ആരോപണം ആവർത്തിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. എഥനോൾ കലർത്തുന്നതിൽ ചില പെട്രോൾ പമ്പുകൾ അനുവദനീയ പരിധി ലംഘിച്ചതായി സർക്കാരിന് പരാതികൾ കിട്ടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആയിരക്കണക്കിന് വാഹനങ്ങളുടെ എൻജിനുകൾക്ക് തകരാർ സംഭവിക്കുന്നതായും മൈലേജ് കുറയുന്നതായും പരാതികളുണ്ടെന്നും ശിവകുമാർ വ്യക്തമാക്കി.

To advertise here,

സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. പെട്രോൾ പമ്പുകളിൽ വെച്ചുതന്നെയാണ് എഥനോൾ കലർത്തുന്നതെന്നാണ് പരിശോധനയിൽ കണ്ടെത്തിയതെന്നും ഇതുമായി ബന്ധപ്പെട്ട രേഖകൾ കൈവശമുണ്ടെന്നും ശിവകുമാർ അവകാശപ്പെട്ടു.

വിഷയം കർണാടകത്തിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും രാജ്യത്തെയാകെ ബാധിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കുറഞ്ഞവിലയ്ക്ക് ലഭിക്കുന്നതിനാൽ കൂടുതൽ ലാഭമുണ്ടാക്കാൻ അനുവദനീയമായതിലും അധികം എഥനോൾ കലർത്തുകയാണ്. ഇത് അപകടകരമാണ്. ജനങ്ങളെ ബോധവത്കരിക്കുകയും സംരക്ഷിക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബന്ധപ്പെട്ട മന്ത്രിക്ക് ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും വിഷയം രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ഉന്നയിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

പെട്രോളിൽ എഥനോൾ കലർത്തുന്നതിന്റെ പരിധി 31 ശതമാനം വരെയെത്തിയെന്ന കർണാടക സർക്കാരിന്റെ ആരോപണത്തോട് നേരത്തേ കേന്ദ്ര പെട്രോളിയം പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി പ്രതികരിച്ചിരുന്നു. പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്താനുള്ള കേന്ദ്രതീരുമാനം ശാസ്ത്രീയ പഠനങ്ങളുടെയും സാങ്കേതിക വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിലാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

നിലവിൽ 20 ശതമാനമാണ് അനുവദിച്ചിട്ടുള്ളതെന്നും സാങ്കേതിക സാധ്യതകൾ വിലയിരുത്തി ഘട്ടംഘട്ടമായി അളവ് വർധിപ്പിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. കർണാടകയിൽ അനുവദനീയമായ ഇ20 പരിധിക്കപ്പുറം എഥനോൾ കലർത്തുന്നുണ്ടെന്ന് കോൺഗ്രസ് നേതാവ് രാജേന്ദ്ര പാൽ ഗൗതവും ആരോപിച്ചിരുന്നു.

അതേസമയം, പൊതുമേഖലാ എണ്ണ വിപണന കമ്പനികളിൽനിന്ന് 27 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ശേഖരിച്ച ഇ20 പെട്രോളിന്റെ 893 സാമ്പിളുകളും നിശ്ചിത ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം അറിയിച്ചു. അനുവദനീയമായതിലും കൂടുതൽ എഥനോൾ കലർത്തുന്നുവെന്ന ആരോപണങ്ങൾ മന്ത്രാലയം തള്ളി.

ആരോപണത്തിനെതിരെ എണ്ണക്കമ്പനികൾ രംഗത്തെത്തിയിട്ടുണ്ട്. പരിശോധനയ്ക്കായി കർണാടക സർക്കാർ സ്വീകരിച്ച നടപടിക്രമങ്ങളെ കമ്പനികൾ ചോദ്യം ചെയ്തു. യന്ത്രങ്ങൾ ഉപയോഗിച്ചാണ് എഥനോൾ കലർത്തുന്നതെന്നും മനുഷ്യരുടെ നേരിട്ടുള്ള ഇടപെടലില്ലാത്ത നടക്കുന്ന ഈ പ്രക്രിയ നിയമപരമായ മാർഗനിർദേശങ്ങൾക്കനുസരിച്ചാണ് പൂർത്തിയാക്കുന്നതെന്നും എണ്ണക്കമ്പനികൾ അറിയ‍ിച്ചു.