കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസിൽ യൂട്യൂബർ അശ്വന്ത് കോക്കിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്താൻ പോലീസ്. അപകടത്തിന് ശേഷം അശ്വന്ത് ഹാജരാക്കിയ ഡ്രൈവിങ് ലൈസൻസിന്റെ കാലാവധി കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ അവസാനിച്ചെന്ന് വ്യക്തമായതിനെ തുടർന്നാണിത്. ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചതിനുള്ള വകുപ്പുകൂടി നിലവിലെ കേസിൽ കൂട്ടിച്ചേർക്കാനാണ് തീരുമാനം.

To advertise here,

സെപ്റ്റംബർ 28-ന് വൈകീട്ടാണ് കോഴിക്കോട് നഗരത്തിലെ കൊട്ടാരം റോഡിൽ മദ്യലഹരിയിൽ അശ്വന്ത് കോക്ക് ഓടിച്ച ഥാർ ജീപ്പ് മറ്റ് കാറുകളിലും ഇരുചക്രവാഹനങ്ങളിലും ഇടിച്ചത്. അപകടത്തിന് പിന്നാലെ നാട്ടുകാർ വാഹനം തടഞ്ഞുവെച്ചു. നടക്കാവ് പോലീസ് സ്ഥലത്തെത്തി അശ്വന്തിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ബീച്ച് ജനറൽ ആശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനയിൽ ഇയാൾ മദ്യപിച്ചതായി സ്ഥിരീകരിച്ചു. തുടർന്ന് മദ്യപിച്ച് വാഹനമോടിച്ചതിനും അപകടകരമായ ഡ്രൈവിങ്ങിനും കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.

അപകടസമയത്ത് ഡ്രൈവിങ് ലൈസൻസ് കൈവശമില്ലെന്നാണ് അശ്വന്ത് പോലീസിനോട് പറഞ്ഞിരുന്നത്. പിന്നീട് ഹാജരാക്കിയ ലൈസൻസ് പരിശോധിച്ചപ്പോഴാണ് ഇതിന്റെ കാലാവധി തീർന്നതാണെന്ന് വ്യക്തമായത്. വിഷയത്തിൽ മോട്ടോർ വാഹന വകുപ്പിനോട് പോലീസ് വിവരങ്ങൾ തേടിയിട്ടുണ്ട്. കൂടാതെ, അപകടത്തിനു പിന്നാലെ നടത്തിയ പരിശോധനയിൽ അശ്വന്തിന്റെ വാഹനത്തിൽനിന്ന് മദ്യക്കുപ്പികളും എയർ പിസ്റ്റളും പോലീസ് കണ്ടെത്തിയിരുന്നു.