നിലവില്‍ വാഹനത്തിന് കരുത്തേകുന്ന പെട്രോള്‍-ഡീസല്‍ എന്‍ജിനുകള്‍ നീക്കം ചെയ്ത്, പകരം ഇലക്ട്രിക് മോട്ടോറും ബാറ്ററി പാക്കും നല്‍കിയായിരിക്കും ഈ റെട്രോഫിറ്റിങ് നടപ്പാക്കുന്നത്.

ഒരു ഇലക്ട്രിക് വാഹനം സ്വന്തമാക്കുകയെന്നത് സാധാരണ പെട്രോൾ, ഡീസൽ കാറുകൾ പോലെ അനായാസം സാധിക്കുന്ന ഒന്നല്ല. താരതമ്യേന ഉയർന്ന വില തന്നെയാണ് ഇതിന് കാരണം. എന്നാൽ, നിലവിലുള്ള ഐസ് എൻജിൻ വാഹനങ്ങൾ ഇലക്ട്രിക്കിലേക്ക് മാറ്റാൻ കഴിഞ്ഞാൽ ഭാരിച്ച ചെലവ് ഒഴിവാക്കി ഇലക്ട്രിക്കിലേക്ക് മാറാൻ സാധിക്കും. ഇതിനുള്ള സാധ്യതകളാണ് ഇപ്പോൾ ഡൽഹി സർക്കാർ ഗൗരവമായി പരിഗണിക്കുന്നത്. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
പെട്രോൾ, ഡീസൽ കാറുകൾ ഇലക്ട്രിക്കിലേക്ക് മാറ്റുന്നതിന് ഇൻസെന്റീവ് അനുവദിക്കാനുള്ള നീക്കത്തിലാണ് ഡൽഹി സർക്കാർ. ഇതിനുള്ള പദ്ധതികൾ ഉൾപ്പെടുത്തിയായിരിക്കും പുതിയ ഇലക്ട്രിക് വാഹന നയം ഒരുങ്ങുകയെന്നാണ് ദി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. ഇലക്ട്രിക്ക് സാങ്കേതികവിദ്യയിലേക്ക് മാറുന്ന പെട്രോൾ, ഡീസൽ കാറുകൾക്ക് 50,000 രൂപ ഇൻസെന്റിവായി നൽകാനാണ് സർക്കാർ ആലോചിക്കുന്നത്. ആദ്യം ഈ മാറ്റത്തിന് വിധേയമാകുന്ന 1000 വാഹനങ്ങൾക്കായിരിക്കും ഈ തുക നൽകുക.
ട്രാൻസ്‌പോർട്ട് മന്ത്രാലയത്തിന്റെ ഈ നിർദേശം ഡൽഹി സർക്കാരിന്റെ പരിഗണനയിലാണ്. ഇതിന് ക്യാബിനറ്റ് അംഗീകാരം ലഭിച്ചാൽ മാത്രമായിരിക്കും പ്രാബല്യത്തിൽ വരിക. നിലവിൽ വാഹനത്തിന് കരുത്തേകുന്ന പെട്രോൾ-ഡീസൽ എൻജിനുകൾ നീക്കം ചെയ്ത്, പകരം ഇലക്ട്രിക് മോട്ടോറും ബാറ്ററി പാക്കും നൽകിയായിരിക്കും ഈ റെട്രോഫിറ്റിങ് നടപ്പാക്കുന്നത്. ഈ സംവിധാനം മുമ്പ് തന്നെ പരിഗണിച്ചിരുന്നെങ്കിലും ഉയർന്ന ചെലവും വാഹനങ്ങളുടെ മോഡലുമായിരുന്നു പ്രതിസന്ധി സൃഷ്ടിച്ചത്.
എന്നാൽ, ഇപ്പോൾ ഉയർന്ന് വന്നിട്ടുള്ള ഈ നിർദേശം നടപ്പിലാക്കിയാൽ ഇത് വാഹന ഉടമകൾക്ക് കൂടുതൽ പ്രചോദനമാകുമെന്നാണ് വിലയിരുത്തലുകൾ. വാഹനം പൊളിച്ച് വിൽക്കുന്നതിൽ നിന്ന് ആളുകളെ പിൻതിരിപ്പിക്കാൻ കഴിയുന്ന നിർദേശമായാണ് ഇതിനെ കണക്കാക്കുന്നത്. ഫോസിൽ ഇന്ധന വാഹനങ്ങൾ ഇലക്ട്രിക്കിലേക്ക് മാറ്റുന്നതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൽ അത്യാഡംബര വാഹന ഉടമകൾക്ക് ആയിരിക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
മെഴ്‌സിഡീസ് ബെൻസ്, ബിഎംഡബ്ല്യു പോലുള്ള ആഡംബര വാഹനങ്ങളുടെ ഉടമകൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കുറഞ്ഞ റീസെയിൽ വാല്യു. എന്നാൽ, കാലപ്പഴക്കമുള്ള ഇത്തരം വാഹനങ്ങൾ ഇലക്ട്രിക്കിലേക്ക് മാറ്റുന്നതിന് ആകർഷകമായ ഇൻസെന്റീവ് ലഭിക്കുകയാണെങ്കിൽ വാഹന ഉടമകൾ ഈ വാഹനങ്ങൾ പൊളിച്ച് വിൽക്കുന്നതിന് പകരം ഇലക്ട്രിക്കിലേക്ക് മാറ്റാൻ തയാറാകുമെന്നാണ് ട്രാൻസ്‌പോർട്ട് വകുപ്പ് കണക്കാക്കുന്നത്.
Content Highlights: Delhi govt. considers incentives to convert petrol/diesel cars to electric. Save costs, reduce pollution, and boost EV adoption. Learn more!
Published: 05 Jan 2026, 08:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented