ഇന്ത്യയില്‍ നിര്‍മിക്കുന്ന ഇ-വിത്താര 50-ല്‍ അധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.

ഇന്ത്യയിലെ ഏറ്റവുംവലിയ പാസഞ്ചർ വാഹന നിർമാതാക്കൾ ആയിരുന്നിട്ടുകൂടി ഇലക്ട്രിക് വാഹനങ്ങളിലേക്ക് ഏറ്റവും ഒടുവിൽ എത്തിയ കമ്പനിയാണ് മാരുതി സുസുക്കി. 2026-ന്റെ തുടക്കത്തിൽ മാത്രം എത്തിയ ഇലക്ട്രിക് മോഡലായ ഇ-വിത്താര അതിന്റെ ആദ്യ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ്. 50,000 ഇ-വിത്താരയാണ് ഇതിനോടകം ഇന്ത്യയിൽനിന്ന് വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിരിക്കുന്നത്.
2026-ലാണ് ഇന്ത്യയിൽ ഇ-വിത്താര എത്തിത്തുടങ്ങിയതെങ്കിലും 2025 ഓഗസ്റ്റ് മാസത്തിൽ തന്നെ ഈ വാഹനത്തിന്റെ കയറ്റുമതി ആരംഭിച്ചിരുന്നു. 15 മാസത്തിനുള്ളിലാണ് 50,000 യൂണിറ്റ് എന്ന വലിയ നേട്ടം ഈ വാഹനം സ്വന്തമാക്കിയിരിക്കുന്നത്. 2026 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ഇന്ത്യയുടെ ഇലക്ട്രിക് വാഹന കയറ്റുമതിയിലെ വിപണി വിഹിതത്തിൽ 93 ശതമാനവും മാരുതി സുസുക്കി ഇ-വിത്താരയ്ക്കാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഇന്ത്യയിൽ നിർമിക്കുന്ന ഇ-വിത്താര അമ്പതിലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ടെന്നാണ് മാരുതി സുസുക്കി അറിയിച്ചിരിക്കുന്നത്. 50,000 വാഹനങ്ങളുടെ കയറ്റുമതി പൂർത്തിയാക്കിയതോടെ 2026-27 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ ഏറ്റവുമധികം ഇലക്ട്രിക് കാറുകൾ കയറ്റുമതി ചെയ്ത കമ്പനിയെന്ന ഖ്യാതിയും മാരുതി സുസുക്കി സ്വന്തമാക്കി. കമ്പനിയുടെ ഹൻസാൽപൂരിലെ പ്ലാന്റിലാണ് ഇ-വിത്താര നിർമിക്കുന്നത്.
49 കിലോവാട്ട്, 61 കിലോവാട്ട് എന്നീ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് ഇ-വിത്താര എത്തുന്നത്. ഫോർ വീൽ ഡ്രൈവ്, ടൂ വീൽ ഡ്രൈവ് ഓപ്ഷനുകളിൽ സിംഗിൾ, ഡ്യുവൽ ഇലക്ട്രിക് മോട്ടോറുകൾ ഇതിൽ കരുത്തേകും. 49 കിലോവാട്ട് ടൂ വീൽ ഡ്രൈവ് മോഡൽ 344 കിലോമീറ്റർ റേഞ്ചും 61 കിലോവാട്ട് ടൂ വീൽ ഡ്രൈവ് മോഡൽ 428 കിലോമീറ്റർ റേഞ്ചും 61 കിലോവാട്ട് ഓൾ വീൽ ഡ്രൈവ് മോഡൽ 394 കിലോമീറ്റർ റേഞ്ചും നൽകും.
49 കിലോവാട്ട് ബാറ്ററി പാക്ക് ഓപ്ഷൻ ഇ-വിത്താരയിൽ 144 ബിഎച്ച്പി പവറും 189 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന സിംഗിൾ മോട്ടോറാണ് നൽകുന്നത്. 61 കിലോവാട്ട് ബാറ്ററി പാക്ക് വേരിയന്റിൽ 174 ബിഎച്ച്പി പവറും 189 എൻഎം ടോർക്കുമേകുന്ന മോട്ടോറും കരുത്തേകും. ഇ-വിത്താരയുടെ ഓൾ വീൽ ഡ്രൈവ് മോഡൽ സുസുക്കിയുടെ ഇ-ഓൾഗ്രിപ്പ് സംവിധാനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിന്റെ റിയർ ആക്‌സിലിലും 65 ബിഎച്ച്പി പവർ ഉത്പാദിപ്പിക്കുന്ന മോട്ടോർ നൽകുന്നുണ്ട്. ഈ ഇരട്ട മോട്ടോർ മോഡൽ 184 ബിഎച്ച്പി പവറും 300 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്.
Content Highlights: Maruti Suzuki exported 50,000 units of the e Vitara within 15 months since exports began in August 2025., Captures 93 percent of India's EV export market share between April and September 2026., Manufactured at the Hansalpur plant and exported to over 50 countries., Available in 49 kWh and 61 kWh battery options with FWD and AWD configurations offering up to 428 km range.
Published: 29 Oct 2026, 08:28 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented