ഡ്രാഗണ്‍ ചലഞ്ചിലെ വിജയം റേഞ്ച് റോവര്‍ വാഹനങ്ങള്‍ക്ക് ലോകമെമ്പാടുമുള്ള വാഹനപ്രേമികള്‍ക്ക് ഇടയില്‍ വലിയ സ്വീകാര്യത നേടി നല്‍കിയിരുന്നു.

Photo: Youtube/Power Torque
റേഞ്ച് റോവര്‍ എന്ന ആഡംബര എസ്‌യുവിയുടെ കരുത്ത് ലോകം തിരിച്ചറിഞ്ഞത് ഡ്രാഗണ്‍ ചലഞ്ച് എന്ന പടി കയത്തിലൂടെയായിരുന്നു. ചൈനയിലെ ടിയാന്‍മെന്‍ പര്‍വ്വതത്തിലെ സ്വര്‍ഗവാതില്‍(ഹെവന്‍സ് സ്റ്റെയര്‍കേസ്) എന്ന് വിശേഷിപ്പിക്കുന്ന 999 സ്റ്റെപ്പുകള്‍ അനായാസം ഓടിക്കയറിയാണ് റേഞ്ച് റോവര്‍ എസ്‌യുവിയുടെ കരുത്ത് തെളിയിച്ചത്. എന്നാല്‍, റേഞ്ച് റോവറിന്റെ ഡ്രാഗണ്‍ ടെസ്റ്റ് കോപ്പിയടിക്കാനിറങ്ങി തോറ്റ് തുന്നംപാടിയിരിക്കുകയാണ് ചൈനീസ് വാഹന നിര്‍മാതാക്കളായ ചെറി ഓട്ടോമൊബൈല്‍സ്.
ചെറി ഓട്ടോമൊബൈല്‍സ് ചൈനീസ് വാഹന വിപണിയില്‍ എത്തിച്ചിട്ടുള്ള ആഡംബര എസ്‌യുവി മോഡലായ ഫെങ്‌യൂന്‍ എക്‌സ്3എല്‍ ഉപയോഗിച്ചാണ് 999 പടികള്‍ ഉള്ള ഹെവന്‍സ് സ്റ്റെയര്‍കേസ് കയറാന്‍ ശ്രമിച്ചത്. 30 സെന്റി മീറ്റര്‍ വീതിയും 60 ഡിഗ്രി ചെരിവിലുമാണ് ഈ 999 സ്റ്റെപ്പുകളും നിര്‍മിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇതുവഴി വാഹനങ്ങള്‍ കൊണ്ടുപോകുകയെന്നത് വീഡിയോയില്‍ കാണുന്നത് പോലെ സിംപിള്‍ ആയിട്ടുള്ള ഒരു ഉദ്യമമല്ലെന്ന് ചുരുക്കം.
ഡ്രാഗണ്‍ ചലഞ്ചിലെ വിജയം റേഞ്ച് റോവര്‍ വാഹനങ്ങള്‍ക്ക് ലോകമെമ്പാടുമുള്ള വാഹനപ്രേമികള്‍ക്ക് ഇടയില്‍ വലിയ സ്വീകാര്യത നേടി നല്‍കിയിരുന്നു. ഇത് ലക്ഷ്യമിട്ടാണ് ചെറി ഓട്ടോമൊബൈല്‍സും ഫെങ്‌യൂന്‍ എക്‌സ്3എല്‍ എന്ന എസ്‌യുവിയുമായി പടി കയറാനിറങ്ങിയത്. എന്നാല്‍, ദയനീയ പരാജയമായിരുന്നു ഈ എസ്‌യുവിയെ കാത്തിരുന്നത്. പകുതി പോലും പടികള്‍ കയറാനായില്ലെന്ന് മാത്രമല്ല, വാഹനം പിന്നിലേക്ക് ഉരുണ്ടുവന്ന് സ്റ്റെപ്പിന് വശങ്ങളിലായി കെട്ടിയിരുന്ന കൈവരി തകര്‍ക്കുകയും ചെയ്തു.
വാഹനത്തിന്റെ പടികയറ്റവും പരാജയവും വിനോദസഞ്ചാരികളെ അമ്പരപ്പിച്ചിരുന്നു. ഏകദേശം രണ്ട് മണിക്കൂറോളം കൈവരിയില്‍ ഇടിച്ച വാഹനം ഇവിടെ കുടുങ്ങി കുടക്കുകയും ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ട്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള പടികളുടെ കൈവരികള്‍ തകര്‍ന്നതിനെ തുടര്‍ന്ന് ഇത് ശരിയാക്കുന്നതിനായി രണ്ട് ദിവസത്തേക്ക് സഞ്ചാരികളെ വിലക്കിയിരുന്നു. സംഭവത്തിന് പിന്നാലെ ചെറി ഓട്ടോമൊബൈല്‍സ് ക്ഷമാപണം അറിയിച്ചുള്ള ഒരു വിശദീകരണ കുറിപ്പ് പുറത്തിറക്കിയിരുന്നു.
വാഹനവുമായി സ്റ്റെപ്പ് കയറുമ്പോള്‍ ഉറപ്പാക്കേണ്ട സുരക്ഷയുടെ ഭാഗമായി ആങ്കര്‍ പോയന്റില്‍ ഒരു റോപ്പ് നല്‍കിയിരുന്നു. ഇതിന്റെ കൊളുത്ത് വേര്‍പ്പെട്ടതിനെ തുടര്‍ന്ന് ഈ കയര്‍ വാഹനത്തിന്റെ പിന്നില്‍ വലത് വശത്തെ ടയറില്‍ ചുറ്റുകയായിരുന്നു. ഇത് വാഹനത്തിന്റെ പവര്‍ ട്രാന്‍സ്മിഷന്‍ തടയുകയും വാഹനം പിന്നിലേക്ക് തെന്നി നിങ്ങാന്‍ കാരണമാകുകയും ചെയ്തുവെന്നാണ് ഔദ്യോഗിക വിശദീകരണം. പരീക്ഷണത്തിനായി ഇത്രയും പ്രസിദ്ധമായ സ്ഥലം തിരഞ്ഞെടുക്കുമ്പോള്‍ ഉറപ്പാക്കേണ്ട ജാഗ്രതയില്‍ കുറവുണ്ടായെന്നും കമ്പനി സമ്മതിക്കുന്നു.
പരീക്ഷണം പരാജയപ്പെട്ടതിന്റെ ഫലമായി ഈ മേഖലയില്‍ ഉണ്ടായിട്ടുള്ള എല്ലാ കേടുപാടുകളുടെയും ഉത്തരവാദിത്വം ഏറ്റെടുക്കുമെന്ന് അറിയിച്ച ചെറി ഓട്ടമൊബൈല്‍സ്, ഇത് പുനര്‍നിര്‍മിക്കുന്നതിനൊപ്പം നഷ്ടപരിഹാരവും നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇവിടെയുണ്ടായിട്ടുള്ള നാശനഷ്ടത്തിന് രാജ്യത്തെ പൊതുജനങ്ങളോടും ടിയാന്‍മെന്‍സ് മൗണ്ടന്‍ സിനിക് ഏരിയ അധികൃതരോടും ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്നും ചൈറി ഓട്ടോമൊബൈല്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
2018-ല്‍ ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ എസ്‌യുവി ഉപയോഗിച്ച് നടത്തിയ നടകയറ്റത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചെറി ഓട്ടോമൊബൈല്‍സും തങ്ങളുടെ വാഹനനിരയിലെ കരുത്തന്‍ മോഡലായ ഫെങ്‌യൂന്‍ എസ്‌യുവിയുമായി ഈ പരീക്ഷണത്തിന് ഇറങ്ങിയത്. റേഞ്ച് റോവര്‍ പ്ലഗ് ഇന്‍ ഹൈബ്രിഡ് മോഡലായ പി400 എന്ന മോഡലാണ് പടി കയറ്റത്തിനായി ഉപയോഗിച്ചത്. ജാഗ്വാര്‍ ഫോര്‍മുല ഇ റേസിങ് വിഭാഗം ഡ്രൈവറായ ടങ് ഹോ പിന്‍ ആണ് വാഹനമോടിച്ചത്. 21 മിനിറ്റും 47 സെക്കന്റും എടുത്താണ് ഡ്രാഗണ്‍ ചലഞ്ച് എന്ന വിശേഷിപ്പിച്ച ഈ ഉദ്യമം തീര്‍ത്തത്.
Content Highlights: Chery`s Fengyun X3L attempts the iconic Dragon Challenge climb but fails spectacularly, damaging guardrails. Learn about the failed stunt and its aftermath.
Published: 17 Nov 2025, 11:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented