വാഹന സെന്‍സറുകളുടെ കാര്യക്ഷമത, റോഡിലെ മറ്റു വാഹനങ്ങളുമായുള്ള ഇടപെടല്‍, പെട്ടെന്നുള്ള തീരുമാനങ്ങള്‍ എടുക്കാനുള്ള ശേഷി എന്നിവ വിലയിരുത്തപ്പെടും.

ദുബായ്: റോഡുകളിൽ ഡ്രൈവറില്ലാ വാഹനങ്ങളുടെ സുരക്ഷിതമായ ഉപയോഗം ഉറപ്പാക്കുന്നതിനായി മിഡിലീസ്റ്റിലെ തന്നെ ഏറ്റവും മികച്ച സ്മാർട്ട് ഗ്രൗണ്ട് ടെസ്റ്റിങ് കേന്ദ്രമായ 'ദുബായ് മൊബിലിറ്റി ലാബ്സ്' പ്രവർത്തനം ആരംഭിച്ചു. ദുബായ് സിലിക്കൺ ഒയാസിസിൽ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും (ആർ.ടി.എ.) ദുബായ് ഇന്റഗ്രേറ്റഡ് ഇക്കണോമിക് സോൺസ് അതോറിറ്റിയും ചേർന്നാണ് ഈ അത്യാധുനിക കേന്ദ്രം സജ്ജമാക്കിയത്.
2030-ഓടെ ദുബായിലെ ആകെ യാത്രകളുടെ 25 ശതമാനവും ഡ്രൈവറില്ലാ വാഹനങ്ങളിലേക്ക് മാറ്റാൻ ലക്ഷ്യമിടുന്ന 'ദുബായ് സ്മാർട്ട് സെൽഫ് ഡ്രൈവിങ് ട്രാൻസ്പോർട്ട് സ്ട്രാറ്റജി'യുടെ നിർണായക ചുവടുവെപ്പായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ പൊതുനിരത്തുകളിൽ ഇറക്കുന്നതിന് മുൻപ് അവയുടെ സുരക്ഷയും കാര്യക്ഷമതയും പരിശോധിക്കാനും സർട്ടിഫിക്കറ്റ് നൽകാനും ഈ ലാബിലൂടെ സാധിക്കും.
സിലിക്കൺ ഒയാസിസിനുള്ളിലെ പ്രത്യേക ട്രാക്കുകൾക്ക് പുറമേ, അവിടെനിന്ന് അൽ ഖുദ്ര വരെയുള്ള പൊതുനിരത്തുകളിലും ഡ്രൈവറില്ലാ വാഹനങ്ങൾ പരീക്ഷിക്കാൻ സാധിക്കുന്ന രീതിയിലാണ് കേന്ദ്രം രൂപകല്പന ചെയ്തിരിക്കുന്നത്. വിവിധ കാലാവസ്ഥകളിലും റോഡു സാഹചര്യങ്ങളിലും സ്വയംനിയന്ത്രിത വാഹനങ്ങൾക്കുണ്ടാകുന്ന മാറ്റങ്ങൾ വിലയിരുത്താൻ 248 സങ്കീർണ സാഹചര്യങ്ങളാണ് ലാബിൽ ഒരുക്കിയിട്ടുള്ളത്.
വാഹനങ്ങളുടെ സെൻസറുകളുടെ കാര്യക്ഷമത, റോഡിലെ മറ്റു വാഹനങ്ങളുമായുള്ള ഇടപെടൽ, പെട്ടെന്നുള്ള തീരുമാനങ്ങൾ എടുക്കാനുള്ള ശേഷി എന്നിവ ഇവിടെ കൃത്യമായി വിലയിരുത്തപ്പെടും. മൂന്ന് ലൈറ്റ്-ഇൻഡസ്ട്രിയൽ യൂണിറ്റുകൾ, ഇൻഡോർ ഇൻസ്റ്റാളേഷൻ സംവിധാനങ്ങൾ, 60 കിലോവാട്ടിന്റെ മൂന്ന് ഇലക്ട്രിക് വാഹന ചാർജിങ് കേന്ദ്രങ്ങൾ എന്നിവയും ഈ ലാബിൽ ഉൾപ്പെടുന്നു.
ടെസ്ല, വിറൈഡ്, പോണി .എ.ഐ. തുടങ്ങിയ ആഗോളവിപണിയിലെ മുൻനിര കമ്പനികളുടെ സ്വയംനിയന്ത്രിത വാഹനങ്ങൾ ഇവിടെ പരീക്ഷണ ഓട്ടം നടത്തിക്കഴിഞ്ഞു. ദുബായിയെ ഭാവി ഗതാഗത സാങ്കേതികവിദ്യകളുടെ ആഗോള പരീക്ഷണശാലയാക്കി മാറ്റുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ആർ.ടി.എ. ചെയർമാൻ മത്തർ അൽ തായർ വ്യക്തമാക്കി. ആഗോള മുൻനിര പരിശോധാ ഏജൻസിയായ 'ഡെക്ര'യ്ക്കാണ് ലാബിന്റെ ആദ്യ മൂന്നു വർഷത്തെ നടത്തിപ്പ് ചുമതല. അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സ്വയംനിയന്ത്രിത വാഹനങ്ങളുടെ പരീക്ഷണങ്ങൾ ഏകോപിപ്പിക്കുന്നത് ഈ ഏജൻസിയായിരിക്കും.
Content Highlights: Dubai Mobility Labs launched for safe testing of autonomous vehicles in the Middle East., A joint initiative by RTA and Dubai Integrated Economic Zones Authority at Dubai Silicon Oasis., Supports Dubai's goal to shift 25% of total trips to driverless vehicles by 2030., Features 248 complex scenarios to test AI-driven vehicles across various weather and road conditions.
Published: 28 Sept 2026, 12:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented