അതിവേഗ ചാർജിങ് സംവിധാനം ഒരുക്കുന്നതില് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇലക്ട്രിക് വാഹനങ്ങളെ പോലും പിന്നിലാക്കിയിരിക്കുകയാണ് ഗീലി.

ലോകത്തിലെ തന്നെ വൻകിട ഇലക്ട്രിക് വാഹന നിർമാതാക്കൾക്കിടയിൽ വലിയ മത്സരത്തിന് കളമൊരുങ്ങിയിട്ടുണ്ട്. വാഹനങ്ങളുടെ വിൽപ്പനയുമായോ മോഡലുകളുടെ എണ്ണവുമായി ബന്ധപ്പെട്ടോ ഒന്നുമല്ല ഈ മത്സരം നടക്കുന്നത്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ വാഹനത്തിലെ ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ കഴിയുന്ന സംവിധാനം ഒരുക്കുന്നതിലാണ് വാഹന നിർമാതാക്കളുടെ മത്സരം. പ്രധാനമായും ചൈനീസ് ഇലക്ട്രിക് വാഹന നിർമാതാക്കൾ തമ്മിലാണ് പ്രധാന പോരാട്ടം.
30 മിനിറ്റിനുള്ളിൽ ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ സാധിക്കുന്ന സാങ്കേതികവിദ്യകൾ ഇതിനോടകം തന്നെ മുൻനിര വാഹന നിർമാതാക്കൾ വികസിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഒരു പെട്രോൾ എൻജിൻ കാറിൽ ഫുൾ ടാങ്ക് പെട്രോൾ നിറയാൻ എടുക്കുന്ന സമയത്തിനുള്ളിൽ ഇലക്ട്രിക് വാഹനത്തിന്റെ ബാറ്ററി ഫുൾ ചാർജ് ചെയ്യാൻ സാധിക്കണമെന്നതാണ് ഇലക്ട്രിക് വാഹന നിർമാതാക്കളുടെ ലക്ഷ്യം. ഇലക്ട്രിക് വാഹനങ്ങളുടെ ഡിമാന്റ് വർധിപ്പിക്കുന്നതിന് അത് ആവശ്യമാണെന്നാണ് കമ്പനികൾ കരുതുന്നത്.
അഞ്ച് മിനിറ്റിനുള്ളിൽ ബാറ്ററിയിൽ ചാർജ് നിറയുന്ന സാങ്കേതികവിദ്യ വികസിപ്പിക്കാനാണ് നിർമാതാക്കൾ ശ്രമിക്കുന്നത്. എന്നാൽ, മെഗാവാട്ട് ലെവലിൽ വൈദ്യുതി ലിഥിയം അയേൺ ബാറ്ററിയിലേക്ക് കടത്തി വിടുന്നത് എൻജിനീയറിങ് സംബന്ധമായ വെല്ലുവിളികൾക്ക് കാരണമാകുമെന്നാണ് വിലയിരുത്തൽ. തീപിടുത്തത്തിനുള്ള സാധ്യത, ബാറ്ററിയുടെ ആയുസ് കുറയൽ, പവർ ഗ്രിഡ്ഡുകൾക്ക് കേടുപാടുകൾ സംഭവിക്കുക തുടങ്ങിയ പ്രശ്‌നങ്ങളാണ് ഉണ്ടാകാൻ സാധ്യതയുള്ളത്.
അതിവേഗ ചാർജിങ് സംവിധാനം ഒരുക്കുന്ന മത്സരത്തിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇലക്ട്രിക് വാഹനങ്ങളെ പോലും പിന്നിലാക്കിയിരിക്കുകയാണ് ചൈനീസ് ഇലക്ട്രിക് വാഹന നിർമാതാക്കളായ ഗീലി. ചാർജിങ് ഗണ്ണിൽ നിന്ന് 2.25 മെഗാവാട്ട് വരെ പീക്ക് ഔട്ട്പുട്ടും പ്രത്യേക ബാറ്ററിയും നൽകുന്ന അതിവേഗ ചാർജിങ് സംവിധാനമാണ് ഗീലി ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ഫാസ്റ്റ് ചാർജിനെക്കാൾ ഉപരി ഫ്‌ളാഷ് ചാർജർ ആയിട്ടാണ് ഈ സംവിധാനം ഒരുങ്ങുന്നത്.
ഈ ചാർജിങ് സംവിധാനം ഉപയോഗിച്ച് കേവലം 4.5 മിനിറ്റിൽ ഇലക്ട്രിക് വാഹന ബാറ്ററി 10 ശതമാനത്തിൽ നിന്ന് 70 ശതമാനം വരെ ചാർജ് ചെയ്യാനാകും. അതുപോലെ 8.40 മിനിറ്റിൽ പത്ത് ശതമാനത്തിൽ നിന്ന് 97 ശതമാനം ചാർജ് ചെയ്യാനും സാധിക്കുമെന്നാണ് ഗീലി അവകാശപ്പെടുന്നത്. ഇതിനോട് മത്സരിക്കാൻ ഉതകുന്ന ഫ്‌ളാഷ് ചാർജിങ് സംവിധാനം ബി.വൈ.ഡിയും വികസിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഈ ചാർജർ ഉപയോഗിച്ച് 10 ശതമാനത്തിൽ നിന്ന് 97 ശതമാനം ചാർജ് നിറയാൻ ഒമ്പത് മിനിറ്റ് എടുക്കും.
ചൈനയിലെ മറ്റൊരു മുൻനിര ഇലക്ട്രിക് വാഹന നിർമാണ കമ്പനിയായ ലീ ഓട്ടോയും അതിവേഗ ചാർജിങ്ങ് ഒരുക്കുന്നതിൽ ബഹുദൂരം മുന്നേറിയിട്ടുണ്ട്. സിഎടിഎല്ലിന്റെ കിരിൻ ബാറ്ററികളാണ് ഇവരുടെ വാഹനങ്ങളിൽ ഉപയോഗിക്കുന്നത്. 12 മിനിറ്റിനുള്ളിൽ 500 കിലോമീറ്റർ സഞ്ചരിക്കാനുള്ള ചാർജിങ് ഉറപ്പാക്കാൻ സാധിക്കുന്ന അതിവേഗ ചാർജിങ് സംവിധാനമാണ് ലീ ഓട്ടോ വികസിപ്പിച്ചിരിക്കുന്നത്.
Content Highlights: EV manufacturers are competing to reduce battery charging times drastically., Geely introduced a flash charger capable of charging an EV from 10% to 70% in just 4.5 minutes., BYD and Li Auto are also developing advanced high-speed charging technologies to compete in the market., Engineering challenges include high electricity loads, fire risks, and grid strain.
Published: 28 Sept 2026, 02:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented