
കോഴിക്കോട്: സുഹൃത്തിന്റെ റേഞ്ച് റോവർ എസ്.യു.വി. ഔദ്യോഗിക വാഹനമാക്കി ഉപയോഗിച്ചെന്ന വിവാദങ്ങളിൽ പ്രതികരിച്ച് മന്ത്രി കെ.എം. ഷാജി. ഇപ്പോൾ ഫേമസ് ആയ റേഞ്ച് റോവർ ഞാൻ മന്ത്രി ആയപ്പോൾ ഉപയോഗിച്ചുതുടങ്ങിയതല്ലെന്നും എത്രയോ വർഷങ്ങളായി താൻ ഇടക്കിടെ ഉപയോഗിക്കുന്ന വാഹനമാണിതെന്നും അദ്ദേഹം സാമൂഹികമാധ്യമ പോസ്റ്റിൽ പറഞ്ഞു. താൻ ഒരധികാരസ്ഥാനത്തും ഇല്ലാതിരുന്ന കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ ഒരുപാട് തവണ ഈ വാഹനം ഉപയോഗിച്ചിട്ടുണ്ട്. തനിക്ക് ഒരുപാട് നല്ല സൗഹൃദങ്ങൾ ഉണ്ട്. അവരിൽ പലർക്കും മുന്തിയ വാഹനങ്ങളും ഉണ്ട്. അവരിൽ ആരുടെ വണ്ടിയും നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് ഉപയോഗിക്കുന്നതിൽ എന്തെങ്കിലും തെറ്റുണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്നും ഷാജി വ്യക്തമാക്കി.
ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഞാൻ റേഞ്ച് റോവർ കാർ ഉപയോഗിച്ചതും അത് തിരിച്ചു കൊടുത്തു എന്നതും ആണ് പുതിയ വാർത്ത. നാടിനെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങൾ ചർച്ച ചെയ്യേണ്ടതുള്ളപ്പോൾ മാധ്യമങ്ങൾ ഇതിന്റെ ഒക്കെ പുറകെ ആണോ പോകേണ്ടത്?!
സൈബർ സഖാക്കളും രാഷ്ട്രീയ ശത്രുക്കളും അവരുടെ പണി ചെയ്യുന്നതാണെന്ന് മനസ്സിലാക്കാം. ആ പണി അവർ ഇപ്പോൾ തുടങ്ങിയതുമല്ല! മാധ്യമങ്ങൾ അങ്ങനെ ആണോ?! ഇപ്പോൾ "ഫേമസ്" ആയ റേഞ്ച് റോവർ ഞാൻ മന്ത്രി ആയപ്പോൾ ഉപയോഗിച്ചു തുടങ്ങിയതല്ല. എത്രയോ വർഷങ്ങൾ ആയി ഞാൻ ഇടക്കിടെ ഉപയോഗിക്കുന്ന വാഹനം ആണ്. ഞാൻ ഒരധികാര സ്ഥാനത്തും ഇല്ലാതിരുന്ന കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ ഒരു പാട് തവണ ഞാൻ ഈ വാഹനം ഉപയോഗിച്ചിട്ടുണ്ട്.
നിരവധി തവണ വരികയും തിരിച്ചു പോകുകയും ചെയ്തിട്ടുണ്ട്. മാധ്യമ പ്രവർത്തകരെ, നിങ്ങളുടെ ആർക്കൈവിൽ നോക്കിയാൽ അത് കാണാം. എനിക്ക് ഒരു പാട് നല്ല സൗഹൃദങ്ങൾ ഉണ്ട്. അവരിൽ പലർക്കും മുന്തിയ വാഹനങ്ങളും ഉണ്ട്.
അവരിൽ ആരുടെ വണ്ടിയും നടപടിക്രമങ്ങൾ പാലിച്ചു കൊണ്ട് ഉപയോഗിക്കുന്നതിൽ എന്തെങ്കിലു തെറ്റുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഈ വിഷയത്തിൽ നിയമപരമായ വല്ല പ്രശ്നങ്ങളും ഉണ്ടെങ്കിൽ അത് ചൂണ്ടി കാണിക്കാൻ എല്ലാവർക്കും അവകാശമുണ്ട്.
ആവശ്യമായ അനുമതികൾ വാങ്ങി തന്നെയാണ് ഞാൻ ഈ വാഹനം ഉപയോഗിച്ചിട്ടുള്ളത്. കൂടാതെ, ഇത് ഞാൻ സ്ഥിരമായി ഉപയോഗിക്കുന്ന വാഹനവും അല്ല. നല്ല വാഹനങ്ങൾ വീട്ടിൽ വെറുതെ ലോക്ക് ചെയ്ത് വെച്ചിട്ടുള്ള സുഹൃത്തുക്കളോടാണ്. യാക്കൂബ്ക്കയെ പോലെ പ്രശസ്തൻ ആകാൻ ആഗ്രഹമുണ്ടെങ്കിൽ വണ്ടി എനിക്ക് ഉപയോഗിക്കാൻ തന്നോളൂ, ആവശ്യമായ അനുമതി എടുത്ത് ഞാൻ ഉപയോഗിച്ചോളാം. മാധ്യമ പ്രവർത്തകരോടും പൊതു സമൂഹത്തോടും ഉള്ള അഭ്യർഥന എന്തെന്നാൽ, നിങ്ങൾ എന്റെ പിന്നാലെ തന്നെ ഉണ്ടായിക്കോളൂ; നിങ്ങൾ നിരന്തരം ഓഡിറ്റും ചെയ്യണം. ഇത് പോലെയുള്ള കാര്യങ്ങളെ പറ്റി അല്ല.പകരം,എന്നെ ഭക്ഷണം തന്നു സ്നേഹിക്കുന്ന, താമസിക്കാൻ ഇടം തന്നു സഹായിക്കുന്ന, വാഹനം തരുന്ന എന്റെ സൗഹൃദങ്ങൾ, ആ സൗഹൃദങ്ങളുടെ പേരിൽ ഈ ഭരണ സംവിധാനത്തിൽ നിന്നും എന്തെങ്കിലും അവിഹിതമായി ആരെങ്കിലും നേടുന്നുണ്ടോ എന്ന് നിങ്ങൾ അന്വേഷിക്കണം. അങ്ങിനെ എന്തെങ്കിലു കണ്ടാൽ എന്നോടും പൊതു സമൂഹത്തോടും ഒരു മടിയുമില്ലാതെ വിളിച്ചു പറയണം.
ഇനി ഞാൻ തന്നെ അത്തരം സൗഹൃദങ്ങൾക്ക് വേണ്ടി എന്തെങ്കിലും അവിഹിതമായി ചെയ്യുന്നു എന്ന് നിങ്ങൾ കണ്ടാൽ ഒരു ദയയും കാണിക്കരുത്. എന്നെ പൊളിച്ചടുക്കണം. പിന്നെ സിപിഎം സൈബർ പോരാളികളോടും, വീട്ടിലിരിക്കുന്ന മുൻ മന്ത്രിമാരോടും എന്റെ സ്ഥിരം "അഭ്യൂദയ കാംക്ഷി" കളോടും,നിങ്ങളെയൊന്നും ഇത് വരെ പേടിച്ചിട്ടുമില്ല, ഇനിയൊട്ട് പേടിക്കാൻ തീരുമാനിച്ചിട്ടുമില്ല!! തടയൽ ഭീഷണിയുമായി യുദ്ധഭൂമിയിൽ ഇറങ്ങിയ ടീമിനോട് പറയാൻ ഉള്ളത്.ഞാൻ സഞ്ചരിക്കുന്ന ഏത് വാഹനവും നിയമപരമായി നിരത്തിൽ ഇറക്കാൻ അർഹതയുള്ളത് ആണെങ്കിൽ അത് ഓടുക തന്നെ ചെയ്യും. തടയാൻ എന്റെ വാഹനത്തിൽ 'വ്യാജവാഴക്കുല' ഇല്ലല്ലോ.
Content Highlights: Minister KM Shaji clarified that the Range Rover is not a new vehicle and he has been using it for years.
Published: 20 Sept 2026, 11:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented