അക്കമിട്ട നിരത്താൻ മാത്രം മേന്മകൾ ഏറെയുണ്ടെങ്കിലും പെട്രോൾ എൻജിന്റെ അഭാവം തുടക്കം മുതലേ ഹാരിയറിൽ നിഴലിച്ചിരുന്നു.

ടാറ്റ മോട്ടോഴ്‌സ്, ഇന്ന് ഇന്ത്യയിൽ വലിയ സ്വീകാര്യതയുള്ള വാഹന നിർമാതാക്കൾ. എന്നാൽ, കുറച്ച് വർഷം പിന്നിലേക്ക് തിരിഞ്ഞ് നോക്കിയാൽ ഈ കാണുന്ന പ്രതാപങ്ങൾ ഒന്നുമില്ലാത്ത ടാറ്റയുടെ ഒരുപറ്റം കാറുകളെ നമുക്ക് കാണാനാകും. കുറ്റപ്പെടുത്തലുകളും പരിഹാസങ്ങളും ഏറ്റുവാങ്ങിയിരുന്ന ടാറ്റയുടെ വാഹനങ്ങൾ എപ്പോൾ മുതലാണ് മാറാൻ തുടങ്ങിയത്. ഏത് വാഹനമാണ് ഇന്ന് കാണുന്ന ഈ മാറ്റങ്ങൾക്ക് തുടക്കമിട്ടത്. തലവര തിരുത്തിയത് നെക്‌സോണിലൂടെയാണെങ്കിലും ഇതിന് തുടർച്ച നൽകിയത് ഹാരിയർ, സഫാരി തുടങ്ങിയ വാഹനങ്ങളിലൂടെയാണ്.
ടാറ്റ ഹാരിയറിൽ നിന്ന് തുടങ്ങാം. റേഞ്ച് റോവർ പോലൊരു ടാറ്റ എസ്‌യുവി, ഇതായിരുന്നു ഈ വാഹനത്തിന് പൊതുവെ ലഭിച്ചിരുന്ന വിശേഷണം. ഇത് ഒരു പരസ്യത്തിന് വേണ്ടി പറഞ്ഞതായിരുന്നില്ല. ടാറ്റയുടെ ഉടമസ്ഥതയിലുള്ള ലാൻഡ് റോവറിന്റെ ഡി8 ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കി വികസിപ്പിച്ചെടുത്ത ഒമേഗ ആർക് (ഒപ്റ്റിമൽ മോഡുലാർ എഫിഷന്റ് ഗ്ലോബൽ അഡ്വാൻസ്ഡ് ആർക്കിടെക്ചർ) അടിസ്ഥാനമാക്കിയാണ് ഹാരിയർ എന്ന എസ്‌യുവി ടാറ്റ മോട്ടോഴ്‌സ് നിർമിച്ചെടുത്തത്.
ഹാരിയർ ഇതുവരെ
ഇന്ത്യൻ നിരത്തുകളിൽ മിഡ് സൈസ് എസ്‌യുവി അല്ലെങ്കിൽ സി-സെഗ്മെന്റ് എസ്‌യുവി ശ്രേണിയിലേക്ക് ടാറ്റ മോട്ടോഴ്‌സ് എത്തിച്ച വാഹനമായിരുന്നു ഹാരിയർ ഇവി. കരുത്തുറ്റ പ്ലാറ്റ്‌ഫോം, ഏറ്റവും മികച്ച സസ്‌പെൻഷൻ സംവിധാനം, അഡ്വാൻസ്ഡ് ഫീച്ചറുകൾ, ബോൾഡ് എക്‌സ്റ്റീരിയർ ഡിസൈൻ, വിശാലമായ അകത്തളം എന്നിങ്ങനെ എല്ലാം ഒത്തിണങ്ങിയ വാഹനമായിരുന്നു ഹാരിയർ. 2019-ലെ പുതുവർഷ സമ്മാനമായാണ് ഹാരിയർ എന്ന എസ്‌യുവിയെ ടാറ്റ മോട്ടോഴ്‌സ് ഇന്ത്യക്ക് സമ്മാനിച്ചത്.
അക്കമിട്ട നിരത്താൻ മാത്രം മേന്മകൾ ഏറെയുണ്ടെങ്കിലും പെട്രോൾ എൻജിന്റെ അഭാവം തുടക്കം മുതലേ ഹാരിയറിൽ നിഴലിച്ചിരുന്നു. 2019-ൽ എത്തിയ ഈ വാഹനത്തിൽ ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനൊപ്പം 2.0 ലിറ്റർ ഡീസൽ എൻജിൻ മാത്രമാണ് നൽകിയിരുന്നു. കൃത്യം ഒരു വർഷത്തിന് ശേഷം ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഈ ഡീസൽ എൻജിനൊപ്പം നൽകി. അപ്പോഴും ഹാരിയർ എന്ന എസ്‌യുവിക്ക് പെട്രോൾ എൻജിൻ അന്യമായിരുന്നു. 2023-ൽ വലിയ മാറ്റങ്ങൾക്ക് ഈ വാഹനം വിധേയമായെങ്കിലും പെട്രോൾ എൻജിൻ മോഡൽ എത്തിക്കാൻ നിർമാതാക്കൾ തയാറായില്ല.
ഹാരിയർ ഇനി മുതൽ
ഹാരിയർ എന്ന എസ്‌യുവി പുറത്തിറങ്ങി ഏഴാം വർഷത്തിലേക്ക് കടക്കുമ്പോഴാണ് ഈ വാഹനത്തിൽ പെട്രോൾ എൻജിന്റെ കരുത്ത് കൂടിയെത്തുന്നത്. കാത്തിരുന്ന് ലഭിച്ച പെട്രേൾ എൻജിനാകട്ടെ ഡീസൽ എൻജിനോളം തന്നെ കരുത്തുള്ളതുമാണ്. ഫിയറ്റിൽ നിന്ന് സോഴ്‌സ് ചെയ്തിരുന്ന 2.0 ലിറ്റർ ക്രെയോജെറ്റ് ആണ് ഹാരിയറിലെ ഡീസൽ എൻജിനെങ്കിൽ ഇതിനോട് കട്ടയ്ക്ക് പിടിക്കാൻ കെൽപ്പുള്ള 1.5 ലിറ്റർ ഹൈപ്പീരിയോൺ ആണ് ഹാരിയറിൽ സ്ഥാനം പിടിച്ചിരിക്കുന്ന പെട്രോൾ എൻജിൻ. ടാറ്റ സ്വന്തം പണിപ്പുരയിൽ വികസിപ്പിച്ചെടുത്ത എൻജിനാണെന്നതാണ് ഇതിന്റെ സവിശേഷതയും.
എൻജിനുകളിലെ മത്സരം
ഹാരിയറിലേക്ക് ഒരു പെട്രോൾ എൻജിൻ നൽകുമ്പോൾ ഡീസൽ എൻജിൻ നൽകിയിരുന്ന പ്രകടനത്തെക്കാൾ ഒട്ടും പിന്നിലാകരുതെന്നത് മാത്രമായിരുന്നു നിർമാതാക്കളുടെ പ്രഥമ പരിഗണന. ഡീസൽ മോഡലിൽ നൽകിയിരുന്നു 2.0 ലിറ്റർ ഫോർ സിലിണ്ടർ ക്രെയോജെറ്റ് എൻജിൻ 1956 സിസി ശേഷിയിൽ 170 പിഎസ് പവറും 350 എൻഎം ടോർക്കുമാണ് ഉത്പാജിപ്പിച്ചിരുന്നത്. അതേസമയം, 1.5 ലിറ്റർ ഹൈപ്പീരിയോൺ പെട്രോൾ എൻജിൻ 1498 സിസി ശേഷിയിൽ 170 പിഎസ് പവറും 280 എൻഎം ടോർക്കുമാണ് നൽകുന്നത്. അതായത് ടോർക്കിൽ മാത്രമാണ് പെട്രോൾ എൻജിൻ അൽപ്പം പിന്നിലുള്ളതെന്ന് സാരം.
സഫാരിയിലേക്കും
സഫാരി എന്ന നെയിംപ്ലേറ്റ് ടാറ്റയുടെ അഭിമാനമായിരുന്നു. 2000-ത്തിന്റെ തുടക്കത്തിൽ ഇന്ത്യൻ നിരത്തുകളിലെത്തിയ എസ്‌യുവിയിൽ കേട്ടുത്തുടങ്ങിയ ഈ ഐതിഹാസിക നാമം ഇന്നും ടാറ്റക്കൊപ്പമുണ്ട്. ഹാരിയർ എസ്‌യുവിയുടെ ജേഷ്ഠ സഹോദരൻ എന്ന് വിശേഷിപ്പിക്കാവുന്ന വാഹനമാണ് ഇപ്പോഴുള്ള സഫാരി. ഹാരിയറിന്റെ വരവിന് പിന്നാലെ തന്നെ ടാറ്റയിൽ നിന്ന് എത്തിയ ഏഴ് സീറ്റർ എസ്‌യുവിയായിരുന്നു സഫാരി. 2021-ലാണ് സഫാരിക്ക് വീണ്ടും ഇന്ത്യൻ നിരത്തുകളിലേക്ക് എൻട്രി ലഭിക്കുന്നത്.
ഹാരിയറിൽ അടിസ്ഥാനമൊരുക്കുന്ന അതേ പ്ലാറ്റ്‌ഫോം, ഹാരിയറിന് കരുത്തേകുന്ന അതേ എൻജിൻ തുടങ്ങിയവയുമായാണ് സഫാരി വിപണിയിൽ എത്തുന്നത്. ഹാരിയർ ഒരു അഞ്ച് സീറ്റർ എസ്‌യുവി ആണെങ്കിൽ സഫാരിയിൽ ഏഴുപേർക്ക് യാത്ര ചെയ്യാനാകുമെന്നതും ഡിസൈനിലുമായിരുന്നു പ്രധാന മാറ്റം. ഹാരിയറിനെ പെട്രോൾ എൻജിൻ ലഭിച്ചതിനൊപ്പം തന്നെ സഫാരിയെന്ന ടാറ്റയുടെ ഈ ഐതിസാഹിക മോഡലിലേക്കും പെട്രോൾ എൻജിൻ സ്ഥാനമുറപ്പിച്ചിരിക്കുകയാണ്.
ഹൈപ്പീരിയോൺ എൻജിൻ
ടാറ്റ മോട്ടോഴ്‌സ് സ്വന്തമായി വികസിപ്പിച്ചെടുത്ത പെട്രോൾ എൻജിനാണ് ഹൈപ്പീരിയോൺ ടിജിഡിഐ (ടർബോചാർജ്ഡ് ഗ്യാസോലിൻ ഡയറക്ട് ഇഞ്ചക്ഷൻ). ടാറ്റയിൽ നിന്ന് അടുത്തിടെ പുറത്തിറങ്ങിയ സിയേറയിലാണ് ആദ്യമായി ഈ പെട്രോൾ എൻജിൻ നൽകിയത്. 1.2 ലിറ്റർ മൂന്ന് സിലണ്ടർ, 1.5 ലിറ്റർ നാല് സിലണ്ടർ എന്നീ കരുത്തുകളിൽ ടർബോചാർജ്ഡ് എൻജിനായാണ് ഇവ എത്തിയിരിക്കുന്നത്. എന്നാൽ, 1.5 ലിറ്റർ മാത്രമാണ് വാഹനങ്ങളിൽ നൽകി തുടങ്ങിയിട്ടുള്ളത്.
1.5 ലിറ്റർ ഹൈപ്പീരിയോൺ പെട്രോൾ എൻജിൻ രണ്ട് ട്യൂണിങ്ങിലാണ് ഇതിനോടകം തന്നെ എത്തിയിരിക്കുന്നത്. സിയേറയിലെ ഈ എൻജിൻ 160 പിഎസ് പവറാണ് ഉത്പാദിപ്പിക്കുന്നതെങ്കിൽ ഹാരിയറിലും സഫാരിയിലും 170 പിഎസ് പവർ ഉത്പാദിപ്പിക്കുന്നു. ഇതേ വ്യത്യാസം ടോർക്കിലും കാണാനാകും. സിയേറയിൽ 255 എൻഎം ആയിരുന്നു ടോർക്ക് എങ്കിൽ ഈ രണ്ട് മോഡലിലേക്ക് എത്തിയപ്പോൾ 280 എൻഎം ആയി ടോർക്ക് ഉയർന്നിട്ടുണ്ട്.
മാറ്റം ഡ്രൈവിങ്ങിൽ അറിയുമോ?
ഡീസൽ ഹാരിയർ ഓടിച്ചിട്ടുള്ളവർ ഒരു മുൻവിധിയോടെയായിരിക്കും പെട്രോൾ മോഡലിനെ സമീപിക്കുക. എന്നാൽ, ഈ മുൻവിധിയുടെ ആയുസ് വാഹനം ഓടിതുടങ്ങുന്നത് വരെ മാത്രമാണ്. പെർഫോമെൻസിൽ ഡീസൽ എൻജിനെക്കാളും ഒട്ടും പിന്നിലല്ല പെട്രോൾ പതിപ്പും. മെച്ചപ്പെട്ട എൻജിൻ ടോർക്ക് ഉള്ളതിനാൽ തന്നെ പെട്ടെന്ന് തന്നെ വേഗത കൈവരിക്കാൻ സാധിക്കുന്നുണ്ട്. മികച്ച പവർ ഡെലിവറിക്കൊപ്പം കുറഞ്ഞ ടർബോ ലാഗുമാണ് മറ്റൊരു നേട്ടം. 10 സെക്കന്റിൽ കുറഞ്ഞ സമയത്തിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനും ഈ വാഹനത്തിന് കഴിയുന്നുണ്ട്. ഇന്ധനക്ഷമത ടാറ്റ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും നാട്രാക്‌സിലെ പരീക്ഷണയോട്ടത്തിൽ 25.9 കിലോമീറ്റർ മൈലേജാണ് ഹാരിയർ കൈവരിച്ചത്. സഫാരി 216 കിലോമീറ്റർ ഉയർന്ന വേഗതയും നേടി.
മികച്ച ത്രോട്ടിൽ റെസ്‌പോൺ, ഏറ്റവും കുറഞ്ഞ ട്രാൻസ്മിഷൻ ലാഗ് എന്നിവയും ഈ വാഹനം ഉറപ്പാക്കിയിട്ടുണ്ട്. ഓട്ടോമാറ്റിക് മോഡലാണ് ഡ്രൈവ് ചെയ്യാനായത്. എൻജിനുമായി നന്നായി ഇണങ്ങിയിട്ടുള്ള ഗിയർ റേഷ്യോയാണ് ഇതിൽ ഉറപ്പാക്കിയിരിക്കുന്നത്. ഓട്ടോമാറ്റിക് പതിപ്പിൽ പാഡിൽ ഷിഫ്റ്റുകൾ നൽകിയിട്ടുണ്ട്. ഇത് ഉപയോഗിച്ചാൽ വാഹനം സ്‌പോർട്ട് മോഡലിലേക്ക് മാറും. മൂന്ന് ഡ്രൈവ് മോഡലുകളും മൂന്ന് ടെറൈൻ മോഡലുകളും ഇതിൽ നൽകിയിട്ടുമുണ്ട്. കുറഞ്ഞ വൈബ്രേഷനാണ് എൻജിനുള്ളതെങ്കിൽ ശബ്ദം അൽപ്പം കൂടുതൽ ക്യാബിനിലേക്ക് എത്തുന്നുണ്ട്. രണ്ട് വാഹനങ്ങളുടെയും പെർഫോമെൻസിൽ കാര്യമായി മാറ്റമില്ല.
എൻജിനൊപ്പം വേറെയും മാറ്റങ്ങൾ
ഹാരിയർ, സഫാരി എന്നീ വാഹനങ്ങളുടെ മാറ്റങ്ങളിലെ മാറ്റങ്ങൾ ബോണറ്റിനടിയിൽ മാത്രം ഒതുക്കിയിട്ടില്ലെന്നതാണ് ഒരു പ്രത്യേകത. മൂന്ന് പുതിയ ഫീച്ചറുകളാണ് ഈ വാഹനങ്ങൾ വരുത്തിയത്. ആദ്യത്തേത് മുന്നിൽ നൽകിയിട്ടുള്ള ക്യാമറയ്ക്ക് നൽകിയ വാഷറാണ്. വൈപ്പർ ഉപയോഗിച്ച് വിൻഡ് ഷീൽഡ് കഴുകുന്നതിനൊപ്പം ക്യാമറയും വൃത്തിയാകും. രണ്ടാമത്തേത് ഔട്ടർ റിയർവ്യൂ മിററിൽ നൽകിയിട്ടുള്ള മെമ്മറി ഫങ്ഷനാണ്. നമ്മുടെ ഡ്രൈവിങ് പൊസിഷന് ഇണങ്ങുന്ന തരത്തിൽ റിയർവ്യൂ മിററിൽ മെമ്മറി സെറ്റ് ചെയ്യാം. റിവേഴ്‌സ് ഗിയറിലേക്ക് ഇടുമ്പോൾ മിറർ ടയറിന്റെ വ്യൂ ലഭിക്കുന്ന രീതിയിൽ താഴും. ഷാർക്ക് ഫിൻ ആന്റിനയിൽ നൽകിയിട്ടുള്ള ക്യാമറയാണ് മൂന്നാമത്തെ പുതുമ. ഇതിനൊപ്പം അകത്തെ റിയർവ്യൂ മിറർ ഡിജിറ്റൽ സ്‌ക്രീനായും മാറിയിട്ടുണ്ട്. പിന്നിലെ ക്യാമറയിൽ ലഭിക്കുന്ന ദൃശ്യങ്ങൾ ഈ സ്‌ക്രീനിൽ ലഭിക്കും. ഇത് റെക്കോഡ് ചെയ്യാനും സാധിക്കും.
Content Highlights: Discover the new Tata Harrier and Safari petrol variants. Experience enhanced performance, powerful new engines, and exciting features. Learn more!
Published: 29 Dec 2025, 02:58 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented