ന്ത്യയിലെ പാസഞ്ചർ വാഹന വിപണിയിൽ ടാറ്റ മോട്ടോഴ്‌സിന് തലയുയർത്തി നിൽക്കാൻ കരുത്ത് നൽകിയ വാഹനങ്ങളാണ് ഹാരിയർ, സഫാരി എന്നീ എസ്‌യുവികൾ. വിപണിയിലും നിരത്തിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഈ വാഹനങ്ങളുടെ പ്രത്യേക പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് നിർമാതാക്കൾ. സ്റ്റെൽത്ത് എഡിഷൻ എന്ന പേരിലാണ് ഈ രണ്ട് എസ്‌യുവികളുടെയും പ്രത്യേക പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

To advertise here,

ഹാരിയറിന്റെയും സഫാരിയുടെയും ഫിയർലെസ് അൾട്രാ, അക്കംപ്ലീഷ് അൾട്രാ എന്നീ വേരിയന്റുകളെ അടിസ്ഥാനമാക്കിയാണ് സ്റ്റെൽത്ത് എഡിഷൻ ഒരുങ്ങിയിരിക്കുന്നത്. സ്റ്റെൽത്ത് എഡിഷൻ ഹാരിയറിന് യഥാക്രമം 23.43 ലക്ഷവും 26.01 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. സഫാരി സ്റ്റെൽത്ത് എഡിഷന് 24.09 ലക്ഷവും 26.76 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. ഹാരിയർ ഇലക്ട്രിക് പതിപ്പ് സ്റ്റെൽത്ത് എഡിഷനിലേക്ക് മാറിയിട്ടില്ല.

റെഗുലർ ഹാരിയർ, സഫാരി വാഹനങ്ങളിൽ നിന്ന് സ്റ്റെൽത്ത് എഡിഷനെ വേറിട്ടതാക്കുന്ന അവയുടെ നിറം തന്നെയാണ്. സ്റ്റെൽത്ത് ബ്ലാക്ക് നിറത്തിലാണ് ഈ പ്രത്യേക പതിപ്പ് ഒരുക്കിയിരിക്കുന്നത്. ഈ വാഹനങ്ങളുടെ റെഡ്-ഡാർക്ക് എഡിഷൻ മോഡലിൽ നൽകിയിരുന്ന മാറ്റ് ബ്ലാക്ക് ഫിനീഷിങ്ങിലുള്ള 19 ഇഞ്ച് വലിപ്പമുള്ള അലോയി വീലാണ് സ്‌റ്റെൽത്ത് എഡിഷനിലും. മുന്നിലെ ഫെൻഡറിലാണ് സ്റ്റെൽത്ത് എഡിഷൻ ബാഡ്ജിങ് പതിപ്പിച്ചിരിക്കുന്നത്.

പൂർണമായും കറുപ്പണിഞ്ഞ അകത്തളമാണ് സ്റ്റെൽത്ത് എഡിഷനെ റെഗുലർ പതിപ്പിൽ നിന്ന് വേറിട്ടതാക്കുന്നത്. കാർബൺ നോയിർ ലെതറേറ്റ് സീറ്റുകൾ, ടെറൈൽ റെസ്‌പോൺസ് സിസ്റ്റത്തിൽ നൽകിയിരിക്കുന്ന ജുവ്വൽഡ് ഡയൽ, പവേർഡ്, വെന്റിലേറ്റഡ് സംവിധാനമുള്ള മുൻനിര സീറ്റുകൾ, അഡ്ജസ്റ്റ് ചെയ്യാവുന്ന ആംറെസ്റ്റ് തുടങ്ങിയവയാണ് അകത്തളത്തിൽ പുതുതായി സ്ഥാനം പിടിച്ചിരിക്കുന്നത്. മറ്റ് ഫീച്ചറുകൾ റെഗുലർ മോഡലിൽ നിന്നുള്ളതാണ്.

പെട്രോൾ-ഡീസൽ എൻജിനുകളിലും സ്‌റ്റെൽത്ത് എഡിഷൻ എത്തുന്നുണ്ട്. 170 എച്ച്.പി. പവറും 280 എൻഎം ടോർക്കുമേകുന്ന 1.5 ലിറ്റർ പെട്രോൾ, 170 എച്ച്പി പവറും 350 എൻഎം ടോർക്കുമേകുന്ന 2.0 ലിറ്റർ ഡീസൽ എന്നിവയാണ് ഇതിലെ എൻജിനുകൾ. ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നീ ഗിയർബോക്‌സുകളാണ് ഈ രണ്ട് വാഹനങ്ങളിലും ട്രാൻസ്മിഷൻ ഒരുക്കുന്നത്. മൂന്ന് ടെറൈൻ മോഡുകളും ഇതിൽ നൽകുന്നുണ്ട്.