ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് കൂടുതൽ കരുത്തേറിയതും ഉയർന്ന ഇന്ധനക്ഷമത ഉറപ്പാക്കുന്നതുമായി പുതിയ ടർബോ എൻജിനുകൾ നിർമിക്കാനൊരുങ്ങുന്ന കാര്യം സുസുക്കി വെളിപ്പെടുത്തിയത്. ഏതാനും ദിവസങ്ങൾക്കിപ്പുറം വികസിപ്പിക്കാനൊരുങ്ങുന്ന എൻജിനുകളുടെ വിവരങ്ങളും ഇവരുടെ കരുത്തും ഉൾപ്പെടെയുള്ള വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് സുസുക്കി. ടർബോ എൻജിനൊപ്പം ഹൈബ്രിഡ് സാങ്കേതികവിദ്യയും ഒരുങ്ങുന്നുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്.

To advertise here,

ലുക്കിങ് 10 ഇയേഴ്‌സ് അഹേഡ് എന്ന സുസുക്കിയുടെ ടെക്‌നോളജി സ്ട്രാറ്റജി 2026-ന്റെ ഭാഗമായാണ് വിവിധ പവർട്രെയിനുകളിലുള്ള എൻജിനുകൾ വികസിപ്പിക്കുന്നത്. ഇതിൽ തന്നെ ഏറ്റവും സുപ്രധാനമായ ഒന്നാണ് പുതിയ ടർബോ എൻജിൻ. ഈ എൻജിന്റെ കരുത്താണ് ഇപ്പോൾ സുസുക്കി വെളിപ്പെടുത്തിയിരിക്കുന്നത്. 1.2 ലിറ്റർ മൂന്ന് സിലിണ്ടർ ടർബോ പെട്രോൾ എൻജിനായിരിക്കും വികസിപ്പിക്കുന്നത്. ഇത് 126 എച്ച്പി പവറും 230 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കുമെന്നും സുസുക്കി അറിയിച്ചു.

ഇതിനുപുറമെ, ഈ ടർബോ എൻജിൻ ഇ100 ഇന്ധനവുമായി വരെ പൊരുത്തപ്പെടുന്നതായിരിക്കും. ഈ എൻജിനെ അടിസ്ഥാനമാക്കി സി.എൻ.ജി (കംപ്രസ്ഡ് നാച്വറൽ ഗ്യാസ്), സിബിജി (കംപ്രസ്ഡ് ബയോ ഗ്യാസ്) എന്നീ പവർട്രെയിനുകളും ഒരുക്കാനാകും. ഈ എൻജിൻ ഇന്ത്യയിലെ വാഹനങ്ങളിൽ നൽകുന്ന കാര്യ കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഇന്ത്യയിലേക്കും ഈ എൻജിനുകൾ നൽകിയേക്കുമെന്നാണ് വിലയിരുത്തലുകൾ.

1.2 ലിറ്റർ ടർബോ പെട്രോൾ എൻജിന് പുറമെ, നിലവിൽ ബലേനൊ ഉൾപ്പെടെയുള്ള വാഹനത്തിൽ കരുത്തേകുന്ന ഇസഡ് സീരീസ് എൻജിനെ അടിസ്ഥാനമാക്കിയുള്ള സീരീസ് ഹൈബ്രിഡ് പവർട്രെയിനും, ജപ്പാനിലെ ചെറിയ കാറുകളായ കെയ് കാറുകൾക്കായുള്ള 0.66 ലിറ്റർ എൻജിനും സുസുക്കി പ്രദർശനത്തിന് എത്തിച്ചിട്ടുണ്ട്. ഇവയ്‌ക്കൊപ്പം ഭാവിയിൽ പുറത്തിറക്കാനൊരുങ്ങുന്ന 1.5 ലിറ്റർ ഡയറക്ട് ഇഞ്ചക്ഷൻ ടർബോ പെട്രോൾ എൻജിന്റെ സവിശേഷതകളും വെളിപ്പെടുത്തിയിട്ടുണ്ട്.

സീരീസ് ഹൈബ്രിഡ് സംവിധാനമാണ് 1.2 ലിറ്റർ ത്രീ സിലിണ്ടർ എൻജിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്നത്. ഈ സംവിധാനത്തിൽ വാഹനത്തിലെ എൻജിൻ വൈദ്യുതി ഉത്പാദിപ്പിക്കുകയും വാഹനത്തിൽ നൽകിയിട്ടുള്ള ഇലക്ട്രിക് മോട്ടോർ വീലുകളിലേക്ക് പവർ എത്തിക്കുകയും ചെയ്യുന്നു. ഇതിൽ രണ്ട് മോട്ടോറുകളായിരിക്കും നൽകുക. ഇതിലെ എൻജിൻ 82 എച്ച്പി പവറും 108 എൻഎം ടോർക്കുമേകുമ്പോൾ ജനറേറ്റർ മോട്ടോർ 83 എച്ച്പി പവറും ഡ്രൈവ് മോട്ടോർ 88 എച്ച്പി പവറും നൽകും.

1.5 ലിറ്റർ നാല് സിലിണ്ടർ ടർബോ പെട്രോൾ എൻജിനാണ് സുസുക്കിയുടെ പരിഗണനയിലുള്ള മറ്റൊരു എൻജിൻ. 160 എച്ച്പി പവറും 280 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള എൻജിനായിരിക്കും ഇത്. 1.2 ലിറ്റർ എൻജിന് സമാനമായി 1.5 ലിറ്റർ എൻജിനും ഇ100, സിഎൻജി, സിബിജി എന്നിവയ്ക്ക് ഇണങ്ങുന്നതായിരിക്കും. 1.2 ലിറ്റർ എൻജിനെ അടിസ്ഥാനമാക്കി ഭാവിയിൽ പ്ലഗ് ഇൻ ഹൈബ്രിഡ് സംവിധാനവും സുസുക്കി ആലോചിക്കുന്നുണ്ട്.

Source