എസ്‌യുവി ആധിപത്യത്തിൽ നഷ്ടപ്പെട്ട പ്രതാപം തിരിച്ചെടുക്കുകയാണ് സെഡാനുകൾ. സ്ലാവിയ, വെർട്ടസ്, ഡിസയർ എന്നീ വാഹനങ്ങളിലൂടെ ഗംഭീര തിരിച്ചുവരവിന്റെ സൂചനകളാണ് നൽകുന്നത്. പ്രതാപകാലത്തിലേക്കുള്ള സെഡാനുകളുടെ മടങ്ങിവരവിന് പൂർണതയേകാനുള്ള ടാറ്റയുടെ സംഭാവനയും ഒരുങ്ങിക്കഴിഞ്ഞു. ഏരിസ് എന്ന പേരിലാണ് ഇന്ത്യയിലെ സെഡാൻ ശ്രേണിയിലേക്കുള്ള ടാറ്റ മോട്ടോഴ്‌സിന്റെ വാഹനം എത്തിയിരിക്കുന്നത്. നിരത്തുകളിൽ വേണ്ടത്ര തിളങ്ങാൻ കഴിയാതെ പോയ ടിഗോർ എന്ന വാഹനത്തിന്റെ പകരക്കാരനായാണ് ഏരിസ് നിരത്തുകളിലേക്ക് എത്തിയിരിക്കുന്നത്.

To advertise here,

ഡിഫീറ്റ് ബോറിങ് എന്ന ക്യാംപെയ്നിലാണ് ഏരിസ് എന്ന സെഡാൻ ടാറ്റ മോട്ടോഴ്‌സ് അവതരിപ്പിച്ചത്. ടാറ്റയുടെ പുതുതലമുറ മൾട്ടി എനർജി വെഹിക്കിൾ പ്ലാറ്റ്‌ഫോമായ എക്‌സ്-ആൽഫ എന്ന പ്ലാറ്റ്‌ഫോമാണ് ഏരിസ് സെഡാന് അടിസ്ഥാനമൊരുക്കുന്നത്. നാല് മീറ്ററിൽ താഴെ വലുപ്പത്തിൽ പ്രീമിയം പ്രൊഫൈൽ നൽകിയാണ് ഏരിസ് എത്തിയിരിക്കുന്നത്. സേഫ്റ്റി ഡോം എന്ന് വിശേഷിപ്പിക്കുന്ന ഈ വാഹനത്തിന്റെ നിർമാണത്തിന് കരുത്തേറിയ സ്റ്റീലാണ് ഉപയോഗിച്ചിരിക്കുന്നതെന്നാണ് നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സ് അവകാശപ്പെടുന്നത്.

ന്യൂ ലുക്ക്

ടിഗോർ എന്ന വാഹനത്തിന്റെ പകരക്കാരൻ റോളിലാണ് ഏരിസ് എത്തിയതെങ്കിലും ടിഗോറിന്റെ ഡിസൈൻ ഹാങ്ങോവറുകൾ ഒന്നും ഏരിസിനെ ബാധിച്ചിട്ടില്ല. അതേസമയം, ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ടിയാഗോയിൽ നിന്ന് ഏതാനും ഡിസൈൻ സവിശേഷതകൾ കടംകൊണ്ടിട്ടുമുണ്ട്. എൽ.ഇ.ഡിയിലാണ് ഹെഡ്‌ലൈറ്റ് ഒരുങ്ങിയിരിക്കുന്നത്. രണ്ട് ലൈറ്റുകളെയും ബന്ധിപ്പിച്ച് പിയാനോ ബ്ലാക്ക് നിറത്തിലുള്ള ഒരു സ്ട്രിപ്പ് നൽകിയിരിക്കുന്നു. പുതുമ തോന്നിക്കുന്ന ഡിസൈനിലാണ് ബമ്പർ ഒരുങ്ങിയിരിക്കുന്നത്. എയർ ഇൻടേക്കിനായി വലിയ ഒരു ഭാഗം തന്നെ നൽകിയിട്ടുണ്ട്. ഇതിലാണ് ഫോഗ്‌ലാമ്പിന്റെയും സ്ഥാനം.

ബമ്പറിൽ നൽകിയിട്ടുള്ള ക്യാമറ ഡാഷ്‌ക്യാമിന്റെ ദൗത്യം കൂടി നിർവഹിക്കുന്നുണ്ട്. സി.എൻ.ജി. പതിപ്പിൽ 14 ഇഞ്ച് വലിപ്പത്തിലെ സ്റ്റീൽ വീലും പെട്രോളിൽ 15 ഇഞ്ച് വലിപ്പമുള്ള അലോയി വീലുമാണുള്ളത്. ഡോറിൽ ഏരിസ് അക്ഷരങ്ങൾ പതിപ്പിച്ചിരിക്കുന്നു. 360 ഡിഗ്രി ക്യാമറകൾ റിയർവ്യൂ മിററിൽ നൽകുന്നുണ്ട്. കണക്ടഡ് ടെയ്ൽലൈറ്റാണ് പിൻഭാഗത്തെ പ്രധാന അലങ്കാരം. പൂർണമായും എൽഇഡി ലൈറ്റുകളാണ് ഇതിലുള്ളത്. മുന്നിലെ ബമ്പറിന്റെ അതേ ഡിസൈനിലാണ് പിന്നിലേതും ഒരുങ്ങിയിരിക്കുന്നത്. വാഹനത്തിന് മുകളിൽ ഷാർക്ക് ഫിൻ ആന്റിനയാണ്. ഹാച്ച്‌ഡോർ തുറക്കാൻ ഹൈഡ്രോളിക് സ്ട്രട്ടുകളാണ് നൽകിയിരിക്കുന്നത്. സിഎൻജിയിൽ 227 ലിറ്ററിന്റെയും പെട്രോളിൽ 419 ലിറ്ററിന്റെയും ബൂട്ട്‌ സ്‌പേസും നൽകുന്നു.

ഫീച്ചർ റിച്ച്

ലളിതമായ ഡിസൈനിൽ ലാവിഷായ ഫീച്ചറുകൾ നൽകിയാണ് ഏരിസിന്റെ അകത്തളത്തിന്റെ രൂപകല്പന. പ്രീമിയം ഫീൽ നൽകുന്ന ഡിസൈനാണ് ഡാഷ്‌ബോർഡിൽ നൽകിയിരിക്കുന്നത്. 10.25 ഇഞ്ച് വലിപ്പത്തിലുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ഇതിലുള്ളത്. കണക്ടിവിറ്റി സംവിധാനങ്ങൾ ഉൾപ്പെടെ ഇതിൽ ഒരുക്കിയിട്ടുണ്ട്. ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിന്റെ വലിപ്പം അഞ്ച് ഇഞ്ചിലേക്ക് കുറച്ചിട്ടുണ്ട്. എൽഇഡി സ്‌ക്രീനിലാണ് ഇതിൽ നൽകിയിരിക്കുന്നത്. ടിയാഗോയിൽ നിന്ന് കടംകൊണ്ട ക്ലൈമറ്റ് കൺട്രോൾ യൂണിറ്റും സ്റ്റിയറിങ്ങുമാണ് ഏരിസിൽ നൽകിയിരിക്കുന്നത്. വയർലെസ് ചാർജിങ് പാഡും ഇതിൽ വരുന്നുണ്ട്.

ഫാബ്രിക്-ലെതറേറ്റ് കൂട്ടുകെട്ടിലാണ് സീറ്റുകൾ ഒരുങ്ങിയിരിക്കുന്നത്. മികച്ച സപ്പോർട്ടും കുഷ്യനുമാണ് ഇതിലെ ഹൈലൈറ്റ്. ഈ സെഗ്മെന്റിൽ ആദ്യമായി വെന്റിലേറ്റഡ് സീറ്റുകൾ എന്ന സവിശേഷതയും ഇതിലുണ്ട്. പിൻനിരയിലും ആവശ്യത്തിനുള്ള സ്‌പേസ് ഒരുക്കിയിട്ടുണ്ട്. പിന്നിലെ സീറ്റിലും സെന്റർ ആംറെസ്റ്റ് നൽകുന്നുണ്ട്. എ.സി. വെന്റുകൾ, മൊബൈൽ ചാർജിങ്, ത്രീ പോയന്റ് സീറ്റ് ബെൽറ്റ്, ടോഗിൾ സ്വിച്ചുകൾ നൽകിയിട്ടുള്ള ഡോർ പാഡ് തുടങ്ങിയ ഫീച്ചറുകൾ പിൻനിരയിലും സ്ഥാനം പിടിച്ചിട്ടുണ്ട്.

ഒരു എൻജിൻ രണ്ട് ഇന്ധനം

പെട്രോൾ, സിഎൻജി പവർട്രെയിനുകളിലാണ് ഏരിസ് പുറത്തിറക്കിയിരിക്കുന്നത്. രണ്ടിനും അടിസ്ഥാനം ടാറ്റയുടെ 1.2 ലിറ്റർ മൂന്ന് സിലിണ്ടർ റെവോട്രോൺ പെട്രോൾ എൻജിനാണ്. 84.8 ബി.എച്ച്.പി. പവറും 113 എൻ.എം. ടോർക്കുമാണ് പെട്രോൾ എൻജിന്റെ സംഭാവനയെങ്കിൽ 74.4 ബി.എച്ച്.പി. പവറും 96.5 എൻ.എം. ടോർക്കുമാണ് സി.എൻ.ജി. മോഡൽ ഉത്പാദിപ്പിക്കുന്ന കരുത്ത്. രണ്ട് പതിപ്പുകൾക്കൊപ്പവും അഞ്ച് സ്പീഡ് മാനുവൽ, എ.എം.ടി. എന്നീ ട്രാൻസ്മിഷൻ ഓപ്ഷനുകളും ടാറ്റ മോട്ടോഴ്‌സ് നൽകിയിട്ടുണ്ട്. 3995 എം.എം. നീളവും 1684 എം.എം. വീതിയും 1532 എം.എം. ഉയരവും 2450 എം.എം. വീൽബേസും 170 എം.എം. ഗ്രൗണ്ട് ക്ലിയറൻസും നൽകിയാണ് ഏരിസ് ഒരുക്കിയിരിക്കുന്നത്.

ഏരിസുമായി റോഡിലേക്ക്

ഏരിസിന്റെ സി.എൻ.ജി. മോഡലാണ് ആദ്യം ഓടിച്ചത്. പെട്രോൾ മോഡലിനെ അപേക്ഷിച്ച് കരുത്തിൽ അൽപ്പം പിന്നിലാണ് സി.എൻ.ജി. പതിപ്പ്. ഇത് ഒഴിച്ച് നിർത്തിയാൽ താരതമ്യേന ഭേദപ്പെട്ട ഡ്രൈവിങ് അനുഭവമാണ് ഏരിസ് സിഎൻജി നൽകുന്നത്. സസ്‌പെൻഷൻ സംവിധാനത്തിൽ വരുത്തിയിട്ടുള്ള പുതുക്കലുകൾ ഡ്രൈവിങ്ങിൽ വ്യക്തമാണ്. രണ്ട് സി.എൻ.ജി. സിലിണ്ടറുകൾ നൽകിയിട്ടുള്ളതിനാൽ തന്നെ സസ്‌പെൻഷനിൽ കാര്യമായ അഴിച്ചുപണി വരുത്തിയിട്ടുണ്ട്. കുറഞ്ഞ വേഗതയിൽ സസ്‌പെൻഷൻ അൽപ്പം കട്ടിയാണ്. വേഗതയെടുക്കുമ്പോൾ വാഹനം മികച്ച സ്‌റ്റെബിലിറ്റി നൽകുന്നുണ്ട്. റോഡിലെ കുഴികളും ഹംപുമൊന്നും യാത്രക്കാരെ കാര്യമായി ബാധിക്കാതെ സസ്‌പെൻഷൻ നോക്കുന്നുണ്ട്.

സി.എൻ.ജി. ഓട്ടോമാറ്റിക്കിലെ ഷിഫ്റ്റ് സെലക്ടർ ഒരു റോട്ടറി നോബിലാണ് നൽകിയിട്ടുള്ളത്. പാഡിൽ ഷിഫ്റ്റുകളുമുണ്ട്. ട്രാഫിക്കിലെ ഡ്രൈവിങ് സുഗമമാക്കുന്നത് ഇതിലെ ഇലക്ട്രിക് സ്റ്റിയറിങ് വീലാണ്. കുറഞ്ഞ വേഗത്തിൽ വളരെ ലൈറ്റും വേഗത കൂടുന്നതിന് അനുസരിച്ച് ഭാരം കൂടുന്നതും കൃത്യമായി തിരിച്ചറിയാം. വാഹനത്തിന്റെ സ്റ്റാർട്ടിങ്ങിൽ വലിയ വിറയൽ ഇല്ലെങ്കിലും എൻജിൻ സ്റ്റാർട്ട് ചെയ്ത് നിർത്തിയിടുമ്പോൾ നേരിയ വിറയൽ കാലിൽ അറിയാം. വേഗത കൂടുന്നതിന് അനുസരിച്ച് എൻജിൻ ശബ്ദം ക്യാബിനിലേക്ക് കയറുന്നുണ്ട്. സിറ്റി യാത്രകളിൽ മികച്ച ഓപ്ഷനാണെങ്കിലും ഹൈവേയിലെ യാത്രകളിൽ പ്രത്യേകിച്ച് ഓവർ ടേക്കിങ്ങിൽ അൽപ്പം മടി കാണിക്കുന്ന ഒന്നാണ് ഏരിസ് സി.എൻ.ജി. മോഡൽ.

ഇനി പെട്രോളിലേക്ക്

സി.എൻ.ജിക്കുശേഷം ഡ്രൈവ് ചെയ്തതിനാലായിരിക്കാം പെട്രോൾ-മാനുവൽ മോഡൽ തികച്ചും വ്യത്യസ്തമായ ഡ്രൈവിങ് ഫീലാണ് നൽകിയത്. വളരെ റിഫൈൻഡ് ആയിട്ടുള്ള വാഹനമാണ് ഏരിസ്. ത്രീ സിലിണ്ടർ വാഹനങ്ങളിൽ പ്രതീക്ഷിക്കുന്ന വിറയൽ ഈ പെട്രോൾ മാനുവലിൽ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. മാനുവൽ പതിപ്പിലെ ഡ്രൈവിങ് അനുഭവം മികച്ചതാക്കുന്നത് ഇതിലെ വളരെ ലൈറ്റ് ആയിട്ടുള്ള ക്ലച്ച് തന്നെയാണ്. ഗിയർ സ്ലോട്ടുകളും വളരെ മികച്ചതാണ്. ആർ.പി.എം. 3000-ത്തിന് മുകളിൽ കയറിയാൽ മാത്രമാണ് അൽപ്പമെങ്കിലും ശബ്ദത്തിന്റെ ബുദ്ധിമുട്ട് ഡ്രൈവറിനെ ബാധിക്കുന്നത്. 100 കിലോമീറ്റർ വേഗതയിലേക്ക് വളരെ വേഗത്തിൽ എത്താനുള്ള കരുത്തും ഈ വാഹനത്തിനുണ്ട്.

സ്റ്റിയറിങ്ങിന്റെ പ്രകടനം സിഎൻജി മോഡലിലേതിന് സമാനമാണ്. സസ്‌പെൻഷൻ ട്യൂണിങ്ങിലും ചെറിയ മാറ്റം അനുഭവപ്പെടുന്നുണ്ട്. ഹൈവേകളിലെ യാത്രയിൽ യാതൊരു വിധ ബോഡി റോളുകളും വാഹനത്തിലുള്ളവരെ ബാധിക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്. ക്ലച്ച് വളരെ ലൈറ്റ് ആയതിനാൽ തന്നെ ട്രാഫിക് കൂടുതലുള്ള പ്രദേശങ്ങളിലും ഗിയർ മാറുന്നതിന്റെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നിട്ടില്ല. മിഡ് റേഞ്ച് ടോർക്ക് മികച്ച രീതിയിൽ ലഭിക്കുന്നുണ്ട്. വേഗതയിലുള്ള ഡ്രൈവിങ്ങിൽ മികച്ച ആത്മവിശ്വാസവും ലഭിക്കുന്നു.

വിലയാണ് ഹൈലൈറ്റ്

രണ്ട് പവർട്രെയിനിൽ രണ്ട് ട്രാൻസ്മിഷൻ ഓപ്ഷനുകളിലായി അഞ്ച് വേരിയന്റുകളിലാണ് ടാറ്റ ഏരിസ് എത്തിയിരിക്കുന്നത്. സ്മാർട്ട്, പ്യുവർ, പ്യുവർ പ്ലസ്, ക്രിയേറ്റീവ്, അക്കംപ്ലിഷ്ഡ് എന്നിങ്ങനെയാണ് വേരിയന്റുകളുടെ പേര്. പെട്രോൾ മാനുവൽ പതിപ്പുകൾക്ക് 5.29 ലക്ഷം രൂപ മുതൽ 8.19 ലക്ഷം രൂപ വരെയും എ.എം.ടി. പതിപ്പിന് 6.69 ലക്ഷം രൂപയിൽ തുടങ്ങി 8.74 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറൂം വില. സി.എൻ.ജി. പതിപ്പിലെ മാനുവലിന് 6.29 ലക്ഷത്തിൽ ആരംഭിച്ച് 9.19 ലക്ഷം വരെയാണ് എക്‌സ്‌ഷോറൂം വില. എ.എം.ടിക്ക് 7.69 ലക്ഷം രൂപ മുതൽ 9.74 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വിലയാകുന്നത്.