ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിലെ മേധാവിത്വം സുരക്ഷിതമാക്കാനുള്ള ശക്തമായ നീക്കങ്ങളിലാണ് ആഭ്യന്തര വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സ്. ഹാച്ച്ബാക്ക് മുതൽ എസ്‌യുവി വരെയുള്ള സെഗ്മെന്റുകളിൽ ഇലക്ട്രിക് മോഡലുകൾ എത്തിച്ച് വിപണി പിടിച്ച ടാറ്റയുടെ ഇലക്ട്രിക് വാഹന നിരയിലേക്ക് ഒരു ഏഴ് സീറ്റർ ഇലക്ട്രിക് എസ്‌യുവി കൂടി എത്താനൊരുങ്ങുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ.

To advertise here,

ടാറ്റയുടെ ഐ.സി.ഇ. വാഹന നിരയിലെ ഏഴ് സീറ്റർ എസ്‌യുവിയായ സഫാരിയുടെ ഇലക്ട്രിക് പതിപ്പാണ് ഏഴ് സീറ്റർ ഇലക്ട്രിക് എസ്‌യുവിയായി എത്തുകയെന്നാണ് സൂചന. ഇന്ത്യയിലെ ഉപയോക്താക്കൾക്കുള്ള പുതുവർഷ സമ്മാനമായി 2027-ന്റെ തുടക്കത്തിൽ സഫാരി ഇലക്ട്രിക് പതിപ്പ് അവതരിപ്പിക്കുമെന്നാണ് അഭ്യൂഹങ്ങൾ. സഫാരിയുടെ വരവോടെ നിലവിൽ ഹാരിയർ ഇലക്ട്രിക് കൈയാളുന്ന ഫ്ലാഗ്ഷിപ്പ് ഇവി പട്ടം സഫാരി ഇലക്ട്രിക്കിലേക്ക് മാറും.

ടൈറോണ എന്ന കോഡ്നെയിമിലാണ് സഫാരിയുടെ ഇവി നിർമിക്കുന്നതെന്ന് മുൻപ് തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഹാരിയർ ഇലക്ട്രിക്കിന് അടിസ്ഥാനമൊരുക്കുന്ന ആക്ടി.ഇവി പ്ലസ് പ്ലാറ്റ്ഫോമിലാണ് സഫാരി ഇവിയും നിർമിക്കുന്നത്. പ്ലാറ്റ്‌ഫോമിന് പുറമേ, ബാറ്ററിയും ഇലക്ട്രിക് മോട്ടോറും ഉൾപ്പെടെയുള്ള മെക്കാനിക്കൽ സംവിധാനങ്ങളും ഹാരിയർ ഇവിയുമായി പങ്കിട്ടായിരിക്കും സഫാരി ഇലക്ട്രിക് എത്തുകയെന്നാണ് വിലയിരുത്തൽ.

സിംഗിൾ റിയർ മോട്ടോർ സംവിധാനത്തിൽ ഒരുങ്ങുന്ന 65 കിലോവാട്ട്, 75 കിലോവാട്ട് ബാറ്ററി പാക്ക് മോഡലുകളിലും ഡ്യുവൽ മോട്ടോർ ഓൾ വീൽ ഡ്രൈവ് സംവിധാനത്തിലും സഫാരി ഇലക്ട്രിക് എത്തും. ഹാരിയർ 75 കിലോവാട്ട് റിയർ വീൽ ഡ്രൈവ് പതിപ്പിന് 627 കിലോമീറ്ററും ഓൾ വീൽ ഡ്രൈവ് പതിപ്പിന് 622 കിലോമീറ്റർ റേഞ്ചുമാണ് എആർഎഐ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. 65 കിലോവാട്ട് ബാറ്ററി പാക്ക് മോഡലിന് 538 കിലോമീറ്റർ റേഞ്ചുമാണ് ഉറപ്പ് നൽകുന്നത്. ഇതേ റേഞ്ച് സഫാരിയിലും പ്രതീക്ഷിക്കാം.

ഹാരിയർ ഇലക്ട്രിക്കിൽ നൽകിയിട്ടുള്ള വിവിധ ടെറൈൻ മോഡുകളും സഫാരി ഇവിയിലേക്ക് കൊണ്ടുവന്നേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നോർമൽ, സ്നോ, ഗ്രാസ്, മഡ്, സാൻഡ്, റോക്ക് ക്രൗൾ, കസ്റ്റം എന്നീ മോഡുകളാണ് ഹാരിയർ ഇവിയിൽ നൽകിയിരിക്കുന്നത്. മികച്ച യാത്ര അനുഭവം ഉറപ്പാക്കുന്നതിനായി ഫ്രീക്വൻസി ഡാംപേഴ്സ് മൾട്ടി ലിങ്ക് സസ്പെൻഷനും സഫാരി ഇലക്ട്രിക്കിൽ നൽകും.

റെഗുലർ സഫാരി മോഡലിനോട് ചേർന്ന് നിൽക്കുന്ന ഡിസൈനിലായിരിക്കും ഇലക്ട്രിക് പതിപ്പും ഒരുങ്ങുക. എന്നാൽ, ഇലക്ട്രിക് വാഹനങ്ങളുടെ പൊതുസ്വഭാവം എന്ന നിലയിൽ മൂടിക്കെട്ടിയ ഗ്രില്ലും, എയറോ ഒപ്റ്റിമൈസ്ഡ് ടയറുകളും ഇ.വി. ബാഡ്ജിങ്ങുമായിരിക്കും റെഗുലർ മോഡലിൽ നിന്ന് ഇലക്ട്രിക് പതിപ്പിൽ വരുത്തിയേക്കാവുന്ന മാറ്റങ്ങൾ. സിയേറ ഇ.വിയിൽ നൽകിയിരിക്കുന്നതിന് സമാനമായ മൂന്ന് സ്‌ക്രീൻ സംവിധാനങ്ങൾ ഉൾപ്പെടെയുള്ളവ അകത്തളത്തിലും പ്രതീക്ഷിക്കാം.

Source