മൂന്ന് വര്ഷത്തിന്റെ മാത്രം പഴക്കമുള്ള വാഹനമാണ് ഹോണ്ട എലിവേറ്റ്. അതുകൊണ്ടുന്നെ ഡിസൈന് ഒട്ടും തന്നെ ഔട്ട്‌ഡേറ്റഡ് ആയിട്ടില്ലെന്ന് സാരം.

‘ഇത് ഇന്ത്യയ്ക്കുവേണ്ടി മാത്രമുള്ള വാഹനമല്ല, ഇന്ത്യയിൽ നിർമിച്ച വിദേശ രാജ്യങ്ങളിലേക്ക് കൂടി എത്താൻ പോകുന്ന വാഹനമാണ്’. 2023-ൽ ഹോണ്ടയുടെ എലിവേറ്റ് എന്ന എസ്‌യുവി പുറത്തിറക്കിയപ്പോൾ ഹോണ്ട നടത്തിയ പ്രഖ്യാപനമാണിത്. ഹോണ്ടയുടെ മാതൃരാജ്യമായ ജപ്പാനിലേക്ക് ഉൾപ്പെടെ 33 രാജ്യങ്ങളിലേക്ക് ഈ മെയ്ഡ് ഇൻ ഇന്ത്യ എലിവേറ്റ് എത്തുന്നുണ്ട്. എന്നാൽ, ചില രാജ്യങ്ങളിൽ പേര് WR-V എന്നാകുമെന്നുമാത്രം. മൂന്ന് വർഷം കൊണ്ട് 1.60 ലക്ഷം യൂണിറ്റിന്റെ വിൽപ്പന കൈവരിച്ച ഈ വാഹനം ആദ്യ മുഖംമിനുക്കൽ നടത്തി എത്തിയിരിക്കുകയാണ്.
ഡിസൈനിലെ മാറ്റം
മൂന്ന് വർഷത്തിന്റെമാത്രം പഴക്കമുള്ള വാഹനമാണ് ഹോണ്ട എലിവേറ്റ്. അതുകൊണ്ടുതന്നെ ഡിസൈൻ ഔട്ട്‌ഡേറ്റഡ് ആയിട്ടില്ലെന്ന് സാരം. നിലവിൽ ഉണ്ടായിരുന്ന മോഡലിൽ അൽപ്പം മിനുക്കുപണികൾ വരുത്തിയാണ് 2026 എലിവേറ്റ് എത്തിയിരിക്കുന്നത്. മുഖഭാവത്തിൽ ചെറിയ മാറ്റങ്ങളാണ് പ്രധാനമായും ഹോണ്ട വരുത്തിയിരിക്കുന്നത്. ബോണറ്റിനും ഗ്രില്ലിനും ഇടയിലായി നൽകിയിട്ടുള്ള മൂന്ന് എൽഇഡി ലൈറ്റ് സ്ട്രിപ്പുകളാണ് പ്രധാനമായി മുഖത്തുള്ള പുതുമ.
ഈ ലൈറ്റുകൾ എത്തിയതോടെ ഗ്രില്ല് അൽപ്പം ചെറുതാകുകയും ഹണി കോംമ്പ് പാറ്റേണിലേക്ക് മാറുകയും ചെയ്തു. ഫോഗ്‌ലാമ്പ് ഹൗസിങ് ബോഡി കളറിലേക്ക് മാറി. മുമ്പ് ഗ്രില്ലിലായിരുന്നു ലോഗോയുടെ സ്ഥാനമെങ്കിൽ പുതിയ മോഡലിൽ അത് ബോണറ്റിലേക്ക് മാറിയിട്ടുണ്ട്. വീൽ ആർച്ചിന്റെ വീതി കുറഞ്ഞതും ക്ലാഡിങ്ങുകൾ തിളക്കം വെച്ചതും ഒഴിച്ചുനിർത്തിയാൽ എടുത്തു പറയത്തക്ക മാറ്റങ്ങൾ വശങ്ങളിലില്ല. പിൻഭാഗത്തെ മാറ്റം ടെയ്ൽ ലൈറ്റിലാണ്. എൽ.ഇ.ഡിയിൽ ഒരുങ്ങിയിട്ടുള്ള കണക്ടഡ് ലൈറ്റാണ് പുതിയ പതിപ്പിലെ ടെയ്ൽലാമ്പ്.
അകത്തളത്തിലെ കൂട്ടിച്ചേർക്കൽ
എലിവേറ്റിന്റെ ആദ്യ മുഖം മിനുക്കലിൽ ഏതാനും കൂട്ടിച്ചേർക്കലുകളാണ് അകത്തളത്തിന് ലഭിച്ചിരിക്കുന്നത്. ഡാഷ് ബോർഡിന്റെ ഡിസൈനിലെ മാറ്റം പ്രകടമാണ്. മുൻ മോഡലിൽ നൽകിയിരുന്ന വുഡൻ ട്രിം പുതിയ പതിപ്പിൽനിന്ന് അപ്രത്യക്ഷമായിരിക്കുന്നു. ആ ഭാഗത്തും ലെതർ കൊണ്ടുള്ള അലങ്കാരമാണ് നൽകിയിരിക്കുന്നത്. ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ മുൻ മോഡലിലേത് തുടരുന്നു. ക്ലൈമറ്റ് കൺട്രോൾ പാനലിലെ സ്‌ക്രീനിലും മാറ്റം കാണാം. മുൻ മോഡലിന്റെ അകത്തളത്തിന് ബ്ലാക്ക് ആൻഡ് ബ്രൗൺ കോംബിനേഷൻ ആയിരുന്നെങ്കിൽ പുതിയത് ബ്ലാക്ക് ആൻഡ് ബേജ് ആണ്.
മുൻ മോഡലിൽ ഇല്ലാതിരുന്ന ഏതാനും ഫീച്ചറുകളും പുതിയ പതിപ്പിൽ നൽകിയിട്ടുണ്ട്. എയർ പ്യൂരിഫയറാണ് ഇതിൽ പ്രധാനം. ആദ്യ എലിവേറ്റിൽ ഒരു സാധാരണ ഹാൻഡ് ബ്രേക്ക് സംവിധാനമായിരുന്നെങ്കിൽ പുതിയതിൽ ഇലക്ട്രിക് പാർക്ക് ബ്രേക്ക് സംവിധാനം കൊണ്ടുവന്നിട്ടുണ്ട്. വയർലെസ് ചാർജിങ് പാഡും എലിവേറ്റിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഏറ്റവും പ്രധാനമായുള്ള കൂട്ടിച്ചേർക്കൽ സീറ്റ് വെന്റിലേഷനാണ്. മുന്നിലേയും പിന്നിലേയും സീറ്റുകളിൽ വെന്റിലേഷൻ സംവിധാനം കൊണ്ടുവന്നിട്ടുണ്ട്. മുന്നിലെ രണ്ട് സീറ്റുകളും ഇലക്ട്രിക്കലായി അഡ്ജസ്റ്റ് ചെയ്യാനും സാധിക്കും.
സുരക്ഷയ്ക്ക് പ്രാധാന്യം
സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിയാണ് എലിവേറ്റ് എത്തിയിരിക്കുന്നത്. ഹോണ്ട സെൻസ് എന്ന പേരിൽ ക്യാമറ അധിഷ്ഠിതമായ അഡാസ് സംവിധാനമാണ് ഇതിൽ നൽകിയിരിക്കുന്നത്. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പ് അസിസ്റ്റ് സിസ്റ്റം, റോഡ് ഡിപാർച്ചർ മിറ്റിഗേഷൻ സിസ്റ്റം, ഓട്ടോ ഹൈ ബീം, കൊളീഷൻ മിറ്റിഗേഷൻ ബ്രേക്കിങ് തുടങ്ങിയവയെല്ലാം അഡാസ് ഫീച്ചറുകളാണ്. ഇതിനൊപ്പം നാല് വീലിലും ഡിസ്‌ക് ബ്രേക്ക് നൽകിയും സുരക്ഷാ കാര്യക്ഷമത ഉയർത്തിയിട്ടുണ്ട്.
മാറ്റമില്ലാതെ എൻജിൻ
ഇത്തവണയെങ്കിലും ഹൈബ്രിഡ് എലിവേറ്റും ടർബോ എൻജിനുമെല്ലാം പ്രതീക്ഷിച്ചവർക്ക് നിരാശയാണ് ഫലം. മെക്കാനിക്കലായി യാതൊരു മാറ്റവും വരുത്താൻ ഹോണ്ട തയാറായിട്ടില്ല. 1.5 ലിറ്റർ ഐ-വിടെക് നാച്വറലി ആസ്പിരേറ്റഡ് പെട്രോൾ എൻജിൻ എലിവേറ്റിൽ തുടരും. 119 ബിഎച്ച്പി പവറും 145 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്ന കരുത്ത്. ആറ് സ്പീഡ് മാനുവൽ, ഏഴ് സ്പീഡ് സ്റ്റെപ്പ്ഡ് സി.വി.ടി എന്നിവയാണ് എലിവേറ്റിലെ ട്രാൻസ്മിഷൻ ഓപ്ഷനുകൾ.
ഡ്രൈവിങ് അനുഭവം
ഗുരുഗ്രാമിൽനിന്ന് ജയ്പൂർവരെ 299 കിലോ മീറ്റർ ദൈർഘ്യമുള്ള ഡ്രൈവാണ് എലിവേറ്റിൽ നടത്തിയത്. കുതിച്ച് പായുന്ന എക്‌സ്പ്രസ് ഹൈവേകളിലും ഒരു വാഹനം കഷ്ടിച്ച് കടന്നുപോകുന്ന രാജസ്ഥാൻ ഗ്രാമീണ റോഡുകളിലുമെല്ലാം എലിവേറ്റിനൊപ്പം സഞ്ചരിച്ചു. ഓട്ടോമാറ്റിക് എലിവേറ്റാണ് ഡ്രൈവ് ചെയ്തത്. ഡൽഹി-മുംബൈ എക്‌സ്പ്രസ് വേയിലും, എൻഎച്ച് 48-ലൂടെ ആയിരുന്നു ആദ്യ യാത്ര. മികച്ച റോഡും മികച്ച സസ്‌പെൻഷനും ചേർന്നതോടെ യാത്രാനുഭവം മികച്ചതായിരുന്നു.
നാച്വറലി ആസ്പിരേറ്റഡ് എൻജിനും സി.വി.ടി. ട്രാൻസ്മിഷനും ചേരുന്നതോടെ പെട്ടെന്ന് വേഗമെടുക്കുകയെന്നത് അൽപ്പം വെല്ലുവിളിയാണ്. പ്രത്യേകിച്ച് ഓട്ടോമാറ്റിക് പതിപ്പിൽ. എന്നാൽ, പതിയെ വേഗമെടുത്ത് അത് നിലനിർത്തുന്നത് ഒരു വെല്ലുവിളിയല്ല. ആ വേഗത നൂറ് കടക്കുന്നതും ആയാസരഹിതമായാണ്. എക്‌സ്പ്രസ് ഹൈവേ ആണെങ്കിൽ പോലും ചെറിയ ഉയർച്ച-താഴ്ചകൾ റോഡിലുണ്ട്. എന്നാൽ, സസ്‌പെൻഷൻ സംവിധാനത്തിന്റെ മേന്മ കൊണ്ടുതന്നെ ഇത് വാഹനത്തിനുള്ളിലേക്ക് എത്തുന്നില്ലെന്നതും ഡ്രൈവിങ്ങിനെ മികച്ചതാക്കുന്നുണ്ട്.
ഇലക്ട്രിക് സ്റ്റിയറിങ് സംവിധാനമാണ്. കുറഞ്ഞ വേഗതയിൽ താരതമ്യേന ലൈറ്റ് സ്റ്റിയറിങ് വീലാണ്. എന്നാൽ, സ്പീഡ് 100 കടക്കുന്നതോടെ സ്റ്റിയറിങ്ങിന് അൽപ്പം ഭാരം തോന്നിക്കുന്നുണ്ട്. റോഡുമായി കണക്ടഡ് ആയിട്ടുള്ള ഫീൽ തരുന്നുണ്ട്. 5.2 മീറ്ററാണ് ടേണിങ്ങ് റേഡിയസ്. 220 എംഎം ഗ്രൗണ്ട് ക്ലിയറൻസുള്ള വാഹനമാണെങ്കിലും ബോഡി റോൾ താരതമ്യേന കുറവാണ്. മുൻ മോഡലിനെ അപേക്ഷിച്ച് ശബ്ദം ക്യാബിനിലേക്ക് എത്തുന്നത് കുറഞ്ഞിട്ടുണ്ട്. സിറ്റി ട്രാഫിക്കിലും മടുപ്പുളവാക്കാത്ത ഡ്രൈവിങ് അനുഭവമാണ് ഈ വാഹനം നൽകുന്നത്. 16 കിലോ മീറ്ററിന് മുകളിൽ നിർമാതാക്കൾ ഇന്ധനക്ഷമത ഉറപ്പുനൽകുന്നുണ്ടെങ്കിലും ഇത് പൂർണമായും ഡ്രൈവിങ്ങിനെ ആശ്രയിച്ചിരിക്കും.
വിലയറിയാം
ഓട്ടോമാറ്റിക്, മാനുവൽ എന്നീ ട്രാൻസ്മിഷൻ ഓപ്ഷനുകളിലായി യഥാക്രമം അഞ്ചും നാലും വീതം വേരിയന്റുകളിലാണ് ഹോണ്ട എലിവേറ്റ് എത്തുന്നത്. SV, V, VX, ZX, ZX+ എന്നിങ്ങനെയാണ് വേരിയന്റുകളുടെ വിശേഷണം. ഇതിൽ മാനുവൽ പതിപ്പിന് 13.69 ലക്ഷം രൂപ മുതൽ 19.49 ലക്ഷം രൂപ വരെയും ഓട്ടോമാറ്റിക് പതിപ്പുകൾക്ക് 16 ലക്ഷം രൂപ മുതൽ 21.23 ലക്ഷം രൂപ വരെയുമാണ് ഡൽഹിയിലെ ഓൺറോഡ് വില.
Content Highlights: Refreshed exterior styling featuring new LED light strips and connected tail lamps., Interior upgrades include ventilated seats, electric parking brake, and air purifier., Enhanced safety with Honda SENSING ADAS technology and all-wheel disc brakes., Retains the reliable 1.5-litre i-VTEC petrol engine with manual and CVT transmission options.
Published: 13 Oct 2026, 03:17 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented