വാഹനങ്ങളുടെ 'ചെവി'യെന്ന് വിളിച്ചിരുന്ന കണ്ണാടികള് ഇപ്പോള് അതിന്റെ കണ്ണുകളാണ്.

വാഹനങ്ങളുടെ വശങ്ങളിൽ കാണുന്ന കണ്ണാടികൾ (റിയർവ്യൂ മിറർ) അധികകാശുമുടക്കി വാങ്ങേണ്ടിയിരുന്ന ലക്ഷ്വറിയായിരുന്നുവെന്ന് എത്രപേർക്കറിയാം? വാഹനത്തിന്റെ മുൻഭാഗത്തോ വാതിലിന്റെ വശത്തോ സ്ഥാപിച്ചിരുന്ന കണ്ണാടി, ഡ്രൈവർ ഇരിക്കുന്ന ഭാഗത്ത് വരുന്നതുപോലും പണ്ട്് ക്ലാസിക് കാറുകളിൽ മാത്രമുണ്ടായിരുന്ന ഫീച്ചറാണ്.
ചില വാഹനനിർമാതാക്കളാകട്ടെ, ഈയടുത്തകാലംവരെ ഒരു കണ്ണാടിയാണ് കാറിനൊപ്പം നൽകിയിരുന്നത്. രണ്ടാമത്തേത് ആഡ്ഓൺ ആക്സസറിയായിരുന്നു. വാഹനങ്ങളുടെ 'ചെവി'യെന്ന് വിളിച്ചിരുന്ന കണ്ണാടികൾ ഇപ്പോൾ അതിന്റെ കണ്ണുകളാണ്. പിൻകാഴ്ചകൾ കാണാൻ മാത്രമല്ല ചുറ്റും കണ്ട് സമാധാനത്തോടെ വാഹനമോടിക്കാനുള്ള സൗകര്യവും കൂടിയാണ് അതു പകരുന്നത്.
കാലവും കണ്ണാടിയും
കാലം ടോപ്ഗിയറിൽ കുതിച്ചപ്പോൾ കണ്ണാടിക്ക് ഏറെ രൂപമാറ്റങ്ങളുണ്ടായി. ഇന്ന് അവ വാഹനങ്ങളുടെ മാറ്റിനിർത്താനാകാത്ത ഭാഗമായി. മുപ്പതുകളിൽ ഇത് ലോകത്താകമാനം വാഹനങ്ങളിൽ നിർബന്ധമാക്കുകയും എഴുപതുകളിൽ സുരക്ഷാമാനദണ്ഡങ്ങളുടെ ഭാഗമാക്കുകയും ചെയ്തു. എൺപതുകളിൽ തുടങ്ങി രണ്ടായിരത്തിലെത്തിയപ്പോഴേക്കും വാഹനത്തിനകത്തിരുന്ന് വിരലുകളിൽ ക്രമീകരിക്കാവുന്ന സംവിധാനങ്ങൾ പല കമ്പനികളും നടപ്പാക്കി. ഓടിക്കുന്നവരുടെ സൗകര്യത്തിനും ആവശ്യത്തിനുമനുസരിച്ച് ഒരു ജോയ് സ്റ്റിക്കോ ബട്ടണോ ഉപയോഗിച്ച് ക്രമീകരിക്കാനാവുംവിധം ഇവയുടെ സാങ്കേതികവിദ്യ വളർന്നു.
കാണാതാകുമോ കണ്ണാടി
പുതിയകാലത്തിന്റെ വാഹനരൂപകല്പന കണ്ണാടികളെ ഇല്ലാതാക്കുകയോ ഇന്നത്തെ രൂപത്തിൽനിന്ന് പൂർണമായും മാറ്റുകയോ ചെയ്യാം. 360 ഡിഗ്രി കാഴ്ചയ്ക്ക് ഇപ്പോൾ കണ്ണാടികളിൽ ഉൾച്ചേർത്തിരിക്കുന്ന ക്യാമറകൾ സ്വതന്ത്രഭാവംപൂണ്ട് കണ്ണാടികളുടെ സ്ഥാനംതന്നെ ഏറ്റെടുക്കാം. വ്യക്തമായ കാഴ്ചകൾക്കു പുറമേ വാഹനങ്ങളുടെ എയറോഡൈനാമിക്കിനെ സഹായിക്കുമെന്നാണ് വാഹനനിർമാതാക്കൾ അവകാശപ്പെടുന്നത്.പുറത്തിറങ്ങാനിരിക്കുന്ന പല മുൻനിര ബ്രാൻഡുകളുടെ കാറുകളുടെ ചിത്രങ്ങളിൽനിന്ന് കണ്ണാടിയുടെ 'ഇല്ലാ'താകുന്ന ഭാവി വ്യക്തമാണ്. ഒരു അത്യാവശ്യത്തിൽനിന്ന് ഉടലെടുത്ത് സൗന്ദര്യത്തിന്റെ രൂപംപൂണ്ട കണ്ണാടികൾ ഓർമ്മകളുടെ മ്യൂസിയത്തിൽ കയറുമോ എന്ന് കാത്തിരുന്നുകാണാം.
കഥ തുടങ്ങുന്നത് ഇവിടെ
1906-ലാണ് കണ്ണാടികളുടെ ചരിത്രം തുടങ്ങുന്നത്. അടഞ്ഞസ്ഥലത്തിരുന്ന് പുറകിലെ കാഴ്ചകാണാനുള്ള സൗകര്യം വാഹനലോകത്ത് വളരെ വേഗം സ്വീകരിക്കപ്പെട്ടു. അതേവർഷംതന്നെ 'വാർണിങ് മിറർ ഫോർ ഓട്ടോമൊബൈൽസ്' എന്നപേരിൽ ഫ്രാൻസിൽ ഇത് പേറ്റന്റ് ചെയ്തു. പുറകിലെ റോഡ് കാണാൻ ഏതു സ്ഥാനത്തേയ്ക്കും ക്രമീകരിക്കാവുന്ന കണ്ണാടി പിന്നീട് 1908-ൽ നിലവിൽവന്നു.
ലോകമറിഞ്ഞ ആദ്യ 'റിയർവ്യൂ മിറർ' അവതരിപ്പിച്ചത് 1911-ലാണ്. റേ ഹാറൂൺ എന്ന കാറോട്ടക്കാരൻ തന്നോടൊപ്പം റേസിൽ പങ്കെടുക്കുന്ന കാറുകളെ ഒരു റൈഡിങ് മെക്കാനിക്കിന്റെ സഹായമില്ലാതെ കാണാൻ തന്റെ 'മാർമോൺ വാസ്പ്' റേസ് കാറിന്റെ സ്റ്റിയറിങ് വീലിന് മുൻപിലായി സ്ഥാപിച്ച ഒറ്റക്കണ്ണാടിയായിരുന്നു അത്. പക്ഷേ, പരുക്കൻ പ്രതലത്തിൽ വാഹനമോടിക്കുമ്പോഴുള്ള വിറയൽ കാരണം ഇതിലൂടെ ഒന്നും കാണാൻ കഴിഞ്ഞിരുന്നില്ല എന്നതാണ് യാഥാർഥ്യം!.
നിരത്തിലോടുന്ന വാഹനങ്ങളിൽ കാണുന്ന കണ്ണാടികൾ കണ്ടുപിടിച്ചത് 1921-ൽ 'എൽമെർ ബേർജറാണ്. 'കോപ്-സ്‌പോട്ടർ' എന്നപേരിലാണ് അദ്ദേഹത്തിന്റെ 'ബേർജർ ആൻഡ് കമ്പനി' ഇത് പുറത്തിറക്കിയത്. അതെ, അമിതവേഗത്തിൽ പോകുമ്പോൾ പോലീസ് പിന്തുടരുന്നുണ്ടോ എന്ന് തിരിഞ്ഞുനോക്കാതെ അറിയാൻതന്നെ.
Content Highlights: Rearview mirrors started as optional luxury accessories before becoming mandatory safety features., The concept was patented in France in 1906 as the Warning Mirror for Automobiles., Ray Harroun used the first rearview mirror in a race car in 1911 on his Marmon Wasp., Elmer Berger invented the first commercial car mirror called Cop-Spotter in 1921., Future car designs may replace physical mirrors with 360-degree cameras for better aerodynamics.
Published: 03 Oct 2026, 12:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented