ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിന് സ്വയം മാതൃക കാണിച്ച് ഒരു മുഖ്യമന്ത്രി. തന്റെ ഔദ്യോഗിക വാഹനമായിരുന്ന ഡീസൽ എസ്‌യുവി ഉപേക്ഷിച്ച് ഇലക്ട്രിക് എസ്‌യുവിയിലേക്ക് മാറിയാണ് അദ്ദേഹം ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് മാതൃകയായിരിക്കുന്നത്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്താണ് തന്റെ ഔദ്യോഗിക വാഹനം ടാറ്റയുടെ ഇലക്ട്രിക് എസ്‌യുവിയായ ഹാരിയർ ഇവി തിരഞ്ഞെടുത്തത്.

To advertise here,

മുഖ്യമന്ത്രിയുടെ വസതിയിൽ എത്തിയാണ് ടാറ്റ അധികൃതർ ഹാരിയർ ഇലക്ട്രിക് അദ്ദേഹത്തിന് കൈമാറിയത്. ഹാരിയർ ഇ.വിയുടെ ഏറ്റവും ഉയർന്ന വേരിയന്റ് ആയ എംപവേർഡ് ഓൾ വീൽ ഡ്രൈവ് പതിപ്പാണ് അദ്ദേഹം ഔദ്യോഗിക വാഹനമായി തിരഞ്ഞെടുത്തത്. വെള്ള നിറത്തിലുള്ള വാഹനത്തിൽ വിഐപി വാഹനങ്ങൾ നൽകുന്നത് സമാനമായ എൽഇഡി സ്‌ട്രോബ് ലൈറ്റുകളും ഫ്‌ളാഗ് പോസ്റ്റും നൽകിയിരിക്കുന്നതും ചിത്രങ്ങളിൽ കാണാം.

ടൊയോട്ടയുടെ പ്രീമിയം എസ്‌യുവി മോഡലായ ഫോർച്യൂണറിൽ നിന്നാണ് അദ്ദേഹം ഹാരിയർ ഇ.വിയിലേക്ക് മാറിയിരിക്കുന്നതെന്നാണ് സൂചന. മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ജീവനക്കാർ, ടാറ്റയുടെ അധികൃതർ ഉൾപ്പെടെ കുറച്ച് ആളുകളുടെ സാന്നിധ്യത്തിൽ വളരെ ആഘോഷമായാണ് വാഹനം കൈമാറിയത്. മുഖ്യമന്ത്രിക്ക് വാഹനം കൈമാറുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ടാറ്റയുടെ ഇലക്ട്രിക് വാഹനങ്ങളിലെ ഫ്‌ളാഗ്ഷിപ്പ് മോഡലാണ് ഹാരിയർ ഇ.വി. 14.5 ഇഞ്ച് QLED ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10 സ്പീക്കർ ജെബിഎൽ സൗണ്ട് സിസ്റ്റം, ഡോൾബൈ ആറ്റ്മോസ് ഓഡിയോ എക്സ്പീരിയൻസ്, 10.25 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, ഡിജിറ്റൽ ഇന്റീരിയർ റിയർവ്യൂ മിറർ, ബിൽറ്റ് ഇൻ ഡാഷ്‌ക്യാം, പവേർഡ് ബോസ് മോഡ്, ഡിജിറ്റൽ കീ, വെന്റിലേറ്റഡ് മുൻനിര സീറ്റുകൾ, ഓട്ടോ പാർക്ക് അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകളുമായാണ് ഹാരിയർ ഇ.വി.എത്തുന്നത്.

രണ്ട് ബാറ്ററി ഓപ്ഷനുകളിലായി ആറ് വേരിയന്റുകളിലാണ് ഹാരിയർ ഇവി എത്തിയിരിക്കുന്നത്. 65 കിലോവാട്ട് ബാറ്ററി പാക്കിൽ മൂന്ന് വേരിയന്റുകളാണുള്ളത്. അഡ്വഞ്ചർ 65, അഡ്വഞ്ചർ എസ് 65, ഫിയർലെസ് പ്ലസ് 65 എന്നിങ്ങനെ പേര് നൽകിയിരിക്കുന്ന ഇവയ്ക്ക് യഥാക്രമം 21.69 ലക്ഷം, 22.19 ലക്ഷം, 24.19 ലക്ഷം എന്നിങ്ങനെയാണ് എക്‌സ്‌ഷോറൂം വില. 75 കിലോവാട്ട് പതിപ്പിലും മൂന്ന് വേരിയന്റുകളാണുള്ളത്. ഫിയർലെസ് പ്ലസ് 75, എംപവേർഡ് 75, എംപവേർഡ് 75 QWD എന്നിങ്ങനെ പേര് നൽകിയിരിക്കുന്ന മോഡലുകൾക്ക് 25.19 ലക്ഷം, 27.69 ലക്ഷം, 29.19 ലക്ഷം എന്നിങ്ങനെയാണ് എക്‌സ്‌ഷോറൂം വില.

റിയർ വീൽ ഡ്രൈവ് മോഡലായി എത്തുന്ന ഹാരിയർ ഇവി 65-ലെ ഇലക്ട്രിക് മോട്ടോർ 175 എച്ച്പി പവറും 315 എൻഎം ടോർക്കുമാണ് നൽകുന്നത്. ഹാരിയർ ഇവി 75-ലേയും റിയർ വീൽ ഡ്രൈവ് പതിപ്പിലും ഈ മോട്ടോർ തന്നെയാണ് പ്രവർത്തിക്കുന്നത്. എന്നാൽ, ഈ വാഹനത്തിന് 627 കിലോമീറ്റർ റേഞ്ച് ഉറപ്പാക്കുന്നുണ്ട്. ഹാരിയർ ഇവി ഓൾ വീൽ ഡ്രൈവ് പതിപ്പിൽ ഇരട്ട മോട്ടോറാണ് നൽകിയിരിക്കുന്നത്. മുന്നിലെ ആക്സിൽ നൽകിയിട്ടുള്ള മോട്ടോർ 158 എച്ച്പിയും പിന്നിലേത് 238 എച്ച്പിയും പവർ ഉത്പാദിപ്പിക്കും. 504 എൻഎം ആണ് ഇതിന്റെ ടോർക്ക്.