പറവൂർ മുതൽ ഹിമാലയം വരെ: ഫസീല ഫ്യൂരിയസായാൽ മെരുങ്ങാത്ത ട്രാക്കില്ല


അജിത് ടോംഇന്ത്യയിലെ തന്നെ എണ്ണം പറഞ്ഞ വനിതാ റൈഡര്‍മാര്‍ അങ്കത്തിനിറങ്ങുന്ന എം.ആര്‍.എഫ്. നാഷണല്‍ റാലിയില്‍ ട്രാക്കിലെ ഏറ്റവും ഇളമുറക്കാരിയായ ഫസീലയെ ആരും തന്നെ മൈന്‍ഡ് ചെയ്തിരുന്നില്ല.

ഫസീല | Photo: Instagram

ബൈക്ക് സ്റ്റണ്ടറാകണമെന്ന് ആഗ്രഹിച്ച പ്രാക്ടീസ് ചെയ്യാനുള്ള അവസരങ്ങള്‍ തേടിയലഞ്ഞ പാലക്കാട് തടുക്കശ്ശേരി സ്വദേശിനി ഫസീല എത്തിച്ചേര്‍ന്നത് ഓഫ്റോഡ് റേസിംഗ് ട്രാക്കിലാണ്. സുഹൃത്തിനൊപ്പം ആദ്യമായി ട്രാക്ക് കാണാന്‍ കൂട്ടുപോയതാണ്. തിരിച്ചുവന്നതാവട്ടെ ലോകത്തിലെ ഏറ്റവും ദുര്‍ഘടമായ പത്ത് റാലികളില്‍ ഒന്നായി കണക്കാക്കുന്ന 'റൈഡ് ഡേ ഹിമാലയ' വരെ കീഴടക്കിയ കേരളത്തിലെ ആദ്യത്തെ പ്രൊഫഷണല്‍ ലേഡി ഓഫ് റോഡ് റേസറായിട്ടാണ്. സിനിമാക്കഥ പോലെ ത്രില്ലിങ്ങാണ് ഫസീലയുടെ ജീവിതകഥയും.

കുഞ്ഞുനാള്‍ മുതല്‍ ബൈക്കുകളെ പ്രണയിച്ച പെണ്‍കുട്ടിയായിരുന്നു ഫസീല. ചീറ്റപ്പുലിയെപ്പോലെ ട്രാക്കില്‍ പായുന്ന ബൈക്കുകളെക്കാള്‍ സ്റ്റണ്ട് ബൈക്കുകളായിരുന്നു അവരെ ആകര്‍ഷിച്ചത്. എന്നാല്‍, കാലം കാത്തുവെച്ചതാവട്ടെ ഫെഡറേഷന്‍ ഓഫ് മോട്ടോര്‍ സ്പോര്‍ട്‌സ് ക്ലബ്ബ്‌സ് ഓഫ് ഇന്ത്യയുടെ (എഫ്.എം.എസ്.സി.ഐ.) ഓഫ്റോഡ് ലൈസന്‍സ് നേടുന്ന കേരളത്തിലെ ആദ്യ വനിത എന്ന പട്ടവും! തന്റെ സുഹൃത്തായ റൈഡര്‍ രേഷ്മയ്ക്കൊപ്പം ഒരു റേസില്‍ പങ്കെടുക്കാന്‍ കൂട്ടിന് പോയതാണ് ഫസീലയുടെ ജീവിതത്തിലെ ടേണിങ്ങ് പോയന്റ്. ജോസ് സെബാസ്റ്റ്യന്‍, വിഷ്ണു വിനയന്‍ എന്നിവരാണ് ഫസീലയുടെ തലവര ഒരരര്‍ഥത്തില്‍ മാറ്റിയെഴുതിയത് എന്നും പറയാം.

ബൈക്ക് ഇഷ്ടമായിരുന്നെങ്കിലും റേസര്‍ എന്ന് സ്വപ്നത്തില്‍ പോലും ചിന്തിച്ചിട്ടുണ്ടായിരുന്നില്ല. റേസിങ്ങില്‍ താത്പര്യം ഉണ്ടെങ്കില്‍ ഒരുകൈ നോക്കാമെന്ന ഓഫറായിരുന്നു ജോസ് സെബാസ്റ്റ്യന്‍ ആദ്യം വര്‍ക്ഷോപ്പില്‍ വെച്ച് കണ്ടപ്പോള്‍ പറഞ്ഞത്. എന്നാല്‍, അന്ന് ഒരു സ്റ്റണ്ടറുടെ മനസായിരുന്നു ഫസീലയ്ക്ക്. റേസിങ്ങിലേക്ക് ഒരു തരത്തിലും ആകര്‍ഷിച്ചിരുന്നില്ല. 2016-ല്‍ ആദ്യമായി ട്രാക്കിലിറങ്ങിയത് വെറുതെയായില്ല. പിന്നീടങ്ങോട്ട് കേരളത്തില്‍ അങ്ങോളമിങ്ങോളം നടക്കുന്ന മത്സരങ്ങളില്‍ കഴിവു തെളിയിച്ച് ദേശീയതലത്തിലേക്കും ബൈക്ക് ഓടിച്ച് കയറിയത്.

എല്ലാത്തിനും കാരണമായ ഹാന്‍ഡില്‍

ബൈക്ക് ഇഷ്ടപ്പെട്ടിരുന്നതിനാല്‍ റോഡിലൂടെ പോകുന്ന ബൈക്കുകളെ ശ്രദ്ധിക്കുന്നത് ഒരു ശീലമായിരുന്നു. ഒരു ദിവസം റോഡിലിരുന്ന ഒരു ബൈക്കില്‍ കണ്ണുടക്കി. കാര്യം വേറെയൊന്നുമല്ല, സാധാരണ കാണുന്നതുപോലെയല്ല അതിന്റെ ഹാന്‍ഡില്‍. പ്രത്യേകം ഡിസൈന്‍ ചെയ്ത ഒന്നാണത്. അതിന്റെ പ്രത്യേകതയും മറ്റും അറിയാനായി ബൈക്കിന്റെ ഉടമയ്ക്കായി കാത്തിരുന്നു. ഒടുവില്‍ അയാളില്‍ നിന്നും കിട്ടിയ വിവരമനുസരിച്ച് കോഗ് റേസിങ്ങ് വര്‍ക്ക്ഷോപ്പില്‍ എത്തി. ഇവിടെ വെച്ചാണ് ആദ്യമായി ജോസ് സെബാസ്റ്റ്യന്‍ എന്നയാളെ പരിചയപ്പെടുന്നത്. ഈ കൂടിക്കാഴ്ചയാണ് റേയ്സര്‍ ആകാനുള്ള ചിന്ത ഫസീലയുടെ മനസില്‍ പാകിയതെന്ന് പറയാം. രേഷ്മക്കൊപ്പം ഒരു കൂട്ടായി ട്രാക്കിലെ മത്സരത്തിന് ഇറങ്ങാം എന്ന ചിന്ത വീണ്ടും ജോസ് സെബാസ്റ്റ്യനെ കണ്ടുമുട്ടിയതോടെ ഒരു കൈ നോക്കാമെന്നായി.

ട്രാക്കിലേക്ക്...

2016-ല്‍ പറവൂരില്‍ നടന്ന മത്സരത്തിലാണ് ആദ്യമായി ഫസീല ട്രാക്കിലിറങ്ങുന്നത്. ജോസ് സെബാസ്റ്റ്യന്‍, വിഷ്ണു വിനയന്‍ (മെക്കാനിക് /റേസ് ബൈക്ക് ട്യൂണര്‍) എന്നിവരുടെ മേല്‍നോട്ടത്തില്‍ ട്രാക്കില്‍ നാല് ദിവസം മാത്രമാണ് ആദ്യമത്സരത്തിന് മുമ്പ് ലഭിച്ച പരിശീലനം. വിജയത്തോടെയുള്ള തുടക്കം നല്‍കിയ ആത്മവിശ്വാസത്തില്‍ പിന്നീടങ്ങോട്ട് കേരളത്തില്‍ അങ്ങോളമിങ്ങോളം നടക്കുന്ന മത്സരങ്ങളില്‍ ട്രാക്കിലെ നിറസാന്നിധ്യമായിരുന്നു ഫസീല. വര്‍ഷങ്ങള്‍ക്കിപ്പുറം വഡോദര, ഇന്‍ഡോര്‍, പൂനെ, നാസിക്, കോയമ്പത്തൂര്‍, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളിലെ വ്യത്യസ്ത റാലി ട്രാക്കുകളെല്ലാം ഫസീലയ്ക്ക് കൈവെള്ള പോലെ പരിചിതമാണ്.

2022 എം.ആര്‍.എഫ്. ഇന്ത്യന്‍ നാഷണല്‍ റാലി ചാമ്പ്യന്‍ഷിപ്പ് ട്രാക്കിലാണ് ഫസീല ഇപ്പോള്‍. ലേഡീസ് കാറ്റഗറിയില്‍ ചിക്മംഗളൂരുവിലും, മംഗലാപുരത്തുമായി പിന്നിട്ട രണ്ട് റൗണ്ടുകളില്‍ ലീഡിങ്ങ് പൊസിഷനിലാണ് ഫസീല ഇപ്പോള്‍. ആറ് റൗണ്ടുകളിലായി നടക്കുന്ന മത്സരത്തിലെ ആദ്യ റൗണ്ടില്‍ മൂന്നാം സ്ഥാനത്തായി പോയെങ്കിലും മനോവീര്യം കൈവീടാതെയുള്ള കുതിപ്പില്‍ രണ്ടാം റൗണ്ടില്‍ ഫസ്റ്റ്പൊസിഷന്‍ എത്തിപ്പിടിക്കാനായി. ഒന്നാം റൗണ്ടില്‍ 15 പോയന്റും രണ്ടാം റൗണ്ടില്‍ 25 പോയന്റും നേടിയാണ് ഫസീല ലീഡിങ്ങ് പോസിഷനില്‍ എത്തിയിട്ടുള്ളത്. കോയമ്പത്തൂര്‍ വെച്ച് നടക്കാനിരിക്കുന്ന മൂന്നാംറൗണ്ടിനുള്ള ഒരുക്കങ്ങളിലാണ് ഫസീല ഇപ്പോള്‍.

ഫസീലയുടെ കോച്ച് ആനന്ദ് പോത്തന്നൂരും, ട്യൂണര്‍ വിഷ്ണു വിനയനും

റേസിങ്ങിലെ തന്റെ ആദ്യട്രാക്ക് മുതല്‍ ഇന്നുവരെ കരുത്തായി കൂടെയുള്ള വ്യക്തിയാണ് വിഷ്ണു വിനയന്‍ മോട്ടോട്രൈബ്. റേയ്സര്‍മാരുടെ ഭാഷയില്‍ പറഞ്ഞാന്‍ ഫസീലയുടെ ബൈക്കിന്റെ ട്യൂണറും (റേസിങ്ങ് ബൈക്കുകളുടെ മെക്കാനിക്കല്‍ പരിശോധന നടത്തുന്നയാള്‍) ഇദ്ദേഹമാണ്. മുന്‍ ബൈക്ക് റേസര്‍ ചാമ്പ്യനും ടി.ആര്‍.എഫ്. റെയ്സിങ്ങ് ഓണറുമായ ആനന്ദ് പോത്തന്നൂരിന്റെ കീഴിലാണ് ഇപ്പോള്‍ ഫസീലയുടെ പരീശീലനം. മത്സരത്തില്‍ കരുത്ത് തെളിയിച്ച ഫസീലയെ എം.ആര്‍.എഫ്. ഇന്ത്യന്‍ നാഷണല്‍ റാലി ചാമ്പ്യന്‍ഷിപ്പില്‍ സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് കാസ്ട്രോള്‍ പവര്‍ വണ്‍ ആണ്.

മറക്കാനാവാത്ത യാത്ര

'ഫസീലയ്ക്ക് മാത്രം'എന്ന് അവകാശപ്പെടാന്‍ സാധിക്കുന്ന ഒരു നേട്ടം സമ്മാനിച്ചത് ഹിമാലയന്‍ മോട്ടോര്‍ സ്പോര്‍ട്സ് അസോസിയേഷന്‍ 2018-ല്‍ സംഘടിപ്പിച്ച റൈഡ് ഡേ ഹിമാലയ ക്രോസ് കണ്‍ട്രി ഈവന്റിലായിരുന്നു. 20 ഈവന്റുകളോടെ 2018-ല്‍ അവസാനിപ്പിച്ച ഈ ക്രോസ് കണ്‍ട്രി റാലി ഫിനിഷ് ചെയ്ത ഏക മലയാളി എന്ന നേട്ടം ഇന്നും ഫസീലയുടെ ക്രെഡിറ്റില്‍ തന്നെയാണുള്ളത്. ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രദേശത്ത് കൂടിയായിരുന്നു ഈ റാലി. ദുര്‍ഘടമായതും അപകടവും വളവുകളും ഒളിച്ചിരിക്കുന്ന പാതകളിലൂടെ മൂന്നര ദിവസത്തിനുള്ളില്‍ 2000 കിലോമീറ്റര്‍ പിന്നിട്ടാണ് ഈ നേട്ടം സ്വന്തമാക്കിയത്. ടി.വി.എസിന്റെ സ്പോണ്‍സര്‍ഷിപ്പോടെയുള്ള ഈ മത്സരത്തില്‍ ടി.വി.എസ്. അപ്പാച്ചെ ആര്‍.ടി.ആര്‍.200 ആയിരുന്നു വാഹനം.

ആദ്യ നാഷണല്‍ റാലി

ഇന്ത്യയിലെ തന്നെ എണ്ണം പറഞ്ഞ വനിതാറൈഡര്‍മാര്‍ അങ്കത്തിനിറങ്ങുന്ന എം.ആര്‍.എഫ്. നാഷണല്‍ റാലിയില്‍ ട്രാക്കിലെ ഏറ്റവും ഇളമുറക്കാരിയായ ഫസീലയെ ആരും തന്നെ മൈന്‍ഡ് ചെയ്തിരുന്നില്ല. ജയപരാജയങ്ങളെക്കാള്‍ മത്സരത്തിനായി ട്രാക്കില്‍ ഇറങ്ങുകയെന്നത് മാത്രമായിരുന്നു ഫസീലയുടെ സഹറൈഡര്‍മാരുടെയും ലക്ഷ്യം. എന്നാല്‍, പിന്നീട് സംഭവിച്ചതെല്ലാം ട്വിസ്റ്റോട് ട്വിസ്റ്റ് തന്നെയായിരുന്നു. ട്രാക്കിലെ പുലികളെ ഒരോരുത്തരായി പിന്തള്ളി ഫസീല ഫസ്റ്റ് റണ്ണറപ്പായി രണ്ടാം റൗണ്ട് ഇന്‍ഡോറിലായിരുന്നു. യാത്രയാവട്ടെ ബൈക്കുമായി റോഡിലൂടെയും. എന്നാല്‍, ട്രാക്കിലെ പരിചയക്കുറവ് ഇവിടെ വില്ലനായതോടെ സെക്കന്‍ഡ് റണ്ണറപ്പായാണ് ഫിനീഷ് ചെയ്തത്. പിന്നീട് നടന്ന റൗണ്ടുകളിലും ഫസ്റ്റ് സെക്കന്‍ഡ് റണ്ണറപ്പ് സ്ഥാനങ്ങളില്‍ തൃപ്തയാവേണ്ടി വന്നു ഫസീലയ്ക്ക്. എന്നാല്‍, ചാമ്പ്യന്‍ഷിപ്പ് അവസാനിച്ചതോടെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തായിരുന്നു ഫസീലയുടെ പേര്.

ട്രാക്കില്‍ വേണ്ടത് ബുദ്ധി

വേഗതയെക്കാളും ട്രാക്കില്‍ വേണ്ടത് കണ്‍ട്രോള്‍ ചെയ്യാനുള്ള ബുദ്ധിയാണെന്നാണ് ഫസീലയുടെ പക്ഷം. താന്‍ ഏറ്റവുമൊടുവില്‍ പങ്കെടുത്ത ട്രാക്കില്‍ നിരവധി റിവര്‍ ക്രോസുകളും ചെങ്കുത്തായ പാതകളും ചെളികളും മറ്റും നിറഞ്ഞ വഴികളുമാണ് ഉണ്ടായിരുന്നത്. ഇത്തരം പ്രദേശങ്ങളില്‍ വേഗത്തിന് മാത്രം പ്രാധാന്യം കൊടുത്താല്‍ അപകടമുറപ്പാണ്. എന്നാല്‍, വാഹനമോടിക്കുന്ന ടെറൈന്‍ തിരിച്ചറിഞ്ഞ് ആക്സിലറേഷന്‍ കൊടുക്കുകയും ബോഡി പൊസിഷന്‍ അഡജസ്റ്റ് ചെയ്ത് ഓടിക്കാനും സാധിച്ചാല്‍ മാത്രമാണ് ട്രാക്ക് ഫിനീഷ് ചെയ്യാന്‍ സാധിക്കൂവെന്നാണ് ഫസീല അഭിപ്രായപ്പെടുന്നത്. സ്പീഡിനെക്കാളും വാഹനം കണ്‍ട്രോള്‍ ചെയ്യാനാണ് ആദ്യം പഠിക്കേണ്ടതെന്നും ഫസീല പറയുന്നു.

അവസരമുണ്ട്, സാഹചര്യമില്ല!

പെണ്‍കുട്ടികള്‍ക്ക് ഏറെ അവസരമുള്ള മേഖലയാണ് ബൈക്ക് റേസിങ്ങ്. എറണാകുളത്ത് 35-ഓളം പെണ്‍കുട്ടികള്‍ പ്രാക്ടീസ് ചെയ്യുന്നത് തനിക്കറിയാം. എന്നാല്‍, ഇവര്‍ പ്രദേശിക മത്സരങ്ങളില്‍ മാത്രമാണ് പങ്കെടുക്കുന്നത്. പരിശീലിക്കുന്നതിന് ട്രാക്ക് ഇല്ലാത്തതാണ് ഇതിനുള്ള കാരണമെന്നാണ് തോന്നുന്നത്. ബൈക്ക് റേസിങ്ങില്‍ ഏറ്റവും പ്രധാനം സേഫ്റ്റിയും ചിട്ടയായ പരിശീലനവുമാണ്. എന്നാല്‍, കേരളത്തില്‍ ഇതിനുള്ള ഒരു ട്രാക്ക് പോലുമില്ല. എറണാകുളത്തും മറ്റുമുള്ളവര്‍ക്ക് ഏറ്റവും അടുത്തുള്ള ട്രാക്കുകള്‍ കോയമ്പത്തൂര്‍, മംഗലാപുരം ഒക്കെ ആണ്. ഇവിടെ പോയി പരിശീലനം നേടുന്നത് എല്ലാവര്‍ക്കും പ്രായോഗികമായ കാര്യമായിരിക്കില്ല. ഇതുകൊണ്ടൊക്കെയാണ് റേസിങ്ങില്‍ പെണ്‍കുട്ടികള്‍ കുറയുന്നത്.

സുരക്ഷ മുഖ്യം

റേസിങ്ങില്‍ റൈഡറുടെ കംഫര്‍ട്ടിനെക്കാള്‍ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കണം. ഫുള്‍ റൈഡിങ്ങ് ഗിയറുകള്‍ ഇട്ട് ബൈക്ക് ഓടിക്കുന്നത് കംഫര്‍ട്ട് കുറഞ്ഞാലും സുരക്ഷിതമാണ്. അടുത്തിടെ എനിക്ക് അറിയാവുന്ന ഒരു റൈഡര്‍ സേഫ്റ്റി ഗിയര്‍ ഇല്ലാതെ ബൈക്ക് ഓടിച്ച് അപകടമുണ്ടാകുകയും കാല്‍മുട്ടിന് പരിക്കേല്‍ക്കുകയും ചെയ്തു. അപകടത്തിന്റെ തീവ്രതയെക്കാള്‍ ആറ് മാസം സമയമാണ് അയാള്‍ക്ക് നഷ്ടമായത്. ഒരു റേയ്സറെ സംബന്ധിച്ച് ഇത് വലിയ നഷ്ടമാണ്. ഗ്ലൗസ് ഇടാതെ കൈയിലെ തൊലി ഒന്ന് ഉരഞ്ഞാല്‍ പോലും രണ്ടാഴ്ചയാണ് നഷ്ടമാകുന്നത്. അതുകൊണ്ടുതന്നെ സേഫ്റ്റി ഗിയറുകള്‍ പൂര്‍ണമായും ധരിച്ച് മാത്രമേ പരീശീലനത്തിനും മത്സരത്തിനും ഇറങ്ങാവൂവെന്നാണ് ഫസീലയുടെ അഭിപ്രായം.

സ്റ്റണ്ട് V/s റേസ്

ബൈക്ക് സ്റ്റണ്ടിങ്ങാണോ റേസിങ്ങാണോ റിസ്‌ക് എന്ന് ചോദിച്ചാല്‍ ഉത്തരത്തിന് ഫസീല രണ്ട് തവണ ആലോചിക്കില്ല. റേസ് എന്നാണ് മറുപടി. അതിന് കൃത്യമായ വിശദീകരണവുമുണ്ട്. റേസിങ്ങിന് ട്രാക്കില്‍ ഇറങ്ങുമ്പോള്‍ മുന്നില്‍ അപ്പ് ഹില്‍ ആണോ, ഡൗണ്‍ ഹില്‍ ആണോ, റിവര്‍ ക്രോസ് ആണോയെന്ന് യാതൊരു മുന്നറിവുമുണ്ടാവില്ല. അതേസമയം, സ്റ്റണ്ടിങ്ങ് ആണെങ്കില്‍ എല്ലാത്തിനും ബേസിക്ക് ടെക്നിക്ക് ഉണ്ട് ഇത് പഠിച്ചെടുത്താന്‍ റിലാക്സ് ചെയ്ത് പ്രാക്ടീസ് ചെയ്യുകയും ഇത് പഠിച്ചെടുക്കുകയും ചെയ്യാം. അതുപോലെ തന്നെ അപകട സാധ്യതയും കുറവാണ്. ശരിക്കും ഈ രണ്ട് മേഖലയും തമ്മില്‍ ഒരു ബന്ധവും ഇല്ലെന്നാണ് ഫസീലയുടെ പക്ഷം. രണ്ടും രണ്ടു വ്യത്യസ്ത സ്‌പോര്‍ട്‌സ് ആണ്. എന്നാല്‍ കേരളത്തില്‍ സ്റ്റണ്ട്‌സിനേക്കാള്‍ റേസിങ്ങിനാണ് അവസരങ്ങള്‍ ഉള്ളത്.

പ്രധാന നേട്ടങ്ങള്‍:
1.ഇപ്പോള്‍ (2022)എം.ആര്‍.എഫ്. നാഷണല്‍ റാലി 40 പോയിന്റ്‌സോടെ ലീഡിങ് ചെയ്യുന്നു.
2.കോയമ്പത്തൂര്‍ ആര്‍.ജി സ്‌പോര്‍ട്‌സ് അക്കാദമിയുടെ ബെസ്റ്റ് റൈഡര്‍ അവാര്‍ഡ് (2022)
3. ബാംഗ്ലൂര്‍ ഓട്ടോട്രാക്ക് റേസിംങ് ഒന്നാം സ്ഥാനം 2022
4. കേരള സൂപ്പര്‍ക്രോസ്സ് 2019 ഒന്നാം സ്ഥാനം.
5. നാഷണല്‍ റാലി ചമ്പ്യന്‍ഷിപ് 2017&2018 രണ്ടാം സ്ഥാനം.

Content Highlights: Lady Off Road and Rally Rider Fazeela, The First Women Sports Club Of India Of Road Licence Holder

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


saji

1 min

എന്തിന് രാജിവെക്കണം, എന്താ പ്രശ്‌നം; പ്രതികരണവുമായി സജി ചെറിയാന്‍ 

Jul 6, 2022

Most Commented