രാജ്യത്തെ ഇലക്ട്രിക് വാഹന വിപണിയുടെ മേധാവിത്വം ടാറ്റ, മഹീന്ദ്ര എന്നിവയുടെ കൈകളില് ഭദ്രമാണ് എന്നകാര്യം ലോക ഇ.വി ദിനത്തില് (സെപ്റ്റംബര് 9) ശ്രദ്ധനേടുകയാണ്.

പെട്രോൾ എൻജിൻ കാർ വേണോ അതോ ഡീസൽ എൻജിൻ മതിയോ എന്ന് ചിന്തിച്ചിരുന്ന ആളുകളുടെ മുന്നിലേക്ക് മൂന്നാമതായി എത്തിയ ഓപ്ഷൻ ആയിരുന്നു ഇലക്ട്രിക് കാർ. ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യയിലെ ആളുകളുടെ ഒരു സുപ്രധാന ഓപ്ഷൻ ആയി മാറിയിട്ട് ഒരു പതിറ്റാണ്ട് പോലുമായിട്ടില്ല. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ഇന്ത്യയിൽ മാത്രമല്ല, ലോകം മുഴുവൻ ഇലക്ട്രിക് വാഹനങ്ങളുടെ കുതിപ്പിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ചൈന, അമേരിക്ക പോലെയുള്ള രാജ്യങ്ങൾ.
അക്ഷരാർഥത്തിൽ ആഗോളതലത്തിൽ തന്നെ ഇലക്ട്രിക് വാഹന മേഖലയെ കൈയടക്കി വെച്ചിരിക്കുന്ന രണ്ട് രാജ്യങ്ങളാണ് അമേരിക്കയും ചൈനയും. ടെസ്‌ല എന്ന വാഹന നിർമാതാക്കളാണ് ഇലക്ട്രിക് വാഹന മേഖലയിൽ അമേരിക്കയുടെ കരുത്ത് എങ്കിൽ, ബി.വൈ.ഡിയാണ് ചൈനയ്ക്ക് വേണ്ടി ലോകത്തിലെ ഇലക്ട്രിക് വാഹന വിപണിയെ നിയന്ത്രിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാതാക്കൾ എന്ന ഖ്യാതിക്കായുള്ള പിടിവലിയും ഈ രണ്ട് കമ്പനികൾ തമ്മിലാണ്.
2025-ലെ കണക്ക് അനുസരിച്ച് ഏകദേശം 90 രാജ്യങ്ങളിലായി 2.25 മില്ല്യൺ ഇലക്ട്രിക് വാഹനങ്ങളാണ് ചൈനീസ് ഇലക്ട്രിക് വാഹന ഭീമന്മാരായ ബി.വൈ.ഡി. വിറ്റഴിച്ചത്. അമേരിക്കൻ ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്‌ല 1.65 മില്ല്യൺ ഇലക്ട്രിക് വാഹനങ്ങളും കഴിഞ്ഞ വർഷം വിവിധ രാജ്യങ്ങളിലായി എത്തിച്ചിരുന്നു. യൂറോപ്പ്, സൗത്ത് ഈസ്റ്റ് ഏഷ്യ, ലാറ്റിൻ അമേരിക്ക, മിഡിൽ ഈസ്റ്റ് എന്നിവയാണ് ബി.വൈ.ഡിക്ക് ശക്തമായ സ്വാധീനമുള്ള വിപണികൾ. വടക്കെ അമേരിക്ക, യൂറോപ്പ്, ഏഷ്യ-പസഫിക് വിപണികൾ ടെസ്‌ലയുടെ കൈകളിലും ഭദ്രമാണ്.
ലോകത്തിൽ ഏറ്റവും കൂടുതൽ ഇലക്ട്രിക് കാറുകൾ വിൽക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ചൈനയും അമേരിക്കയും തന്നെയാണ്. എന്നാൽ, മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിൽ നിൽക്കുന്ന ജർമനി, യു.കെ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലും ഏറ്റവുമധികം വിറ്റഴിക്കുന്ന അമേരിക്കൻ ഇലക്ട്രിക് കാറായ ടെസ്‌ലയുടെ വാഹനമാണ്. ഇവിടെ ഇലക്ട്രിക് കാറുകളുടെ വിൽപ്പനയിൽ പതിനൊന്നോ പന്ത്രണ്ടോ സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യ വ്യത്യസ്തമാകുന്നത്.
വമ്പൻമാർക്ക് വഴങ്ങാത്ത ഇന്ത്യ
ലോകത്തിലെ വികസിത രാജ്യങ്ങളുടെ പോലും ഇലക്ട്രിക് വാഹന വിപണിയിൽ ഏറ്റവും വലിയ ശക്തിയായി മാറാൻ സാധിച്ച ടെസ്‌ലയ്ക്കും ബിവൈഡിക്കും മുന്നിൽ കീഴടങ്ങിയിട്ടില്ലാത്ത വിപണിയാണ് ഇന്ത്യയുടേത്. ഇന്ത്യൻ വിപണിയിൽ ബി.വൈ.ഡി. പോലെയുള്ള ഇലക്ട്രിക് വാഹന നിർമാതാക്കൾക്ക് മികച്ച വളർച്ച നേടാൻ സാധിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിൽ ഇലക്ട്രിക് വാഹന വിപണി ഭരിക്കുന്നത് ആഭ്യന്തര വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സും മഹീന്ദ്രയും ജെ.എസ്.ഡബ്ല്യു എംജിയും പോലെയുള്ള കമ്പനികളാണ്.
ബി.വൈ.ഡി, ടെസ്‌ല എന്നീ രണ്ട് ഇലക്ട്രിക് വാഹന ഭീമന്മാരും ഇന്ത്യയിൽ വാഹനങ്ങൾ എത്തിക്കുന്നുണ്ട്. എന്നാൽ, പ്രദേശികമായി വാഹനം നിർമിക്കാൻ സാധിക്കാത്തതും ഉയർന്ന ഇറക്കുമതി തീരുവ മൂലമുണ്ടാകുന്ന വലിയ വിലയുമാണ് ഈ വാഹനങ്ങളുടെ വിൽപ്പനയെ ബാധിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് ആവശ്യവുമായി ടെസ്‌ലയുടെ മേധാവി ഇലോൺ മസ്‌ക് ഇന്ത്യയുടെ ഭരണാധികാരികളെ പല തവണ സമീപിച്ചിരുന്നെങ്കിലും സർക്കാർ ഇതിന് വഴങ്ങാൻ കൂട്ടാക്കിയിരുന്നില്ല.
എന്നാൽ, ബി.വൈ.ഡിയുടെ ഇന്ത്യയിലെ വളർച്ചയ്ക്ക് വെല്ലുവിളി ഉയർത്തുന്നത് ഇന്ത്യ-ചൈന രാജ്യങ്ങൾക്കിടയിലൂള്ള നയതന്ത്രപരമായ പ്രശ്‌നങ്ങളാണ്. ഇന്ത്യയിൽ വാഹന നിർമാണ പ്ലാന്റ് തുടങ്ങാൻ ബി.വൈ.ഡി. അനുമതി തേടിയിരുന്നെങ്കിലും ചൈനയിൽ നിന്നുള്ള നിക്ഷേപങ്ങൾ സ്വീകരിക്കേണ്ടതില്ലെന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്. ബി.വൈ.ഡി. ഇന്ത്യയിൽ തത്കാലം നിർമാണ പ്ലാന്റ് ആരംഭിക്കേണ്ടെന്നാണെന്നാണ് സർക്കാർ നിലപാടെന്നാണ കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയൽ പറഞ്ഞത്.
ഇന്ത്യയിൽ ബി.വൈ.ഡിയുടെ വാഹനങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യത കണക്കിലെടുത്ത് 2024-ൽ ഇന്ത്യയിൽ 100 കോടി ഡോളറിന്റെ നിക്ഷേപം നടത്താൻ ബിവൈഡി സന്നദ്ധത അറിയിച്ചിരുന്നു. ആഭ്യന്തര കമ്പനികളുമായി സഹകരിച്ചുള്ള നിക്ഷേപത്തിനായിരുന്നു ബി.വൈ.ഡി. താത്പര്യം അറിയിച്ചത്. എന്നാൽ, നയപരമായ കാരണങ്ങളും രാജ്യസുരക്ഷയും ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസർക്കാർ ഈ വാഗ്ദാനം നിരസിക്കുകയായിരുന്നു. നിലവിൽ ചെന്നൈയിൽ ഒരു അസംബ്ലി യൂണിറ്റാണ് ബി.വൈ.ഡിക്ക് ഉള്ളത്.
ഇന്ത്യയുടെ ഇലക്ട്രിക് വാഹന വിപണിയിൽ ചൈനീസ് നിർമിത വാഹനങ്ങളുടെ വിൽപ്പന താരതമ്യേന കുറവാണെങ്കിലും ചൈനീസ് ഇലക്ട്രിക് വാഹന നിർമാതാക്കളായ ബി.വൈ.ഡി ഉൾപ്പെടെയുള്ള കമ്പനികളുടെ സാങ്കേതികവിദ്യയാണ് രാജ്യത്തെ പല മുൻനിര വാഹന നിർമാതാക്കളും ഉപയോഗിക്കുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. മഹീന്ദ്ര, മാരുതി സുസുക്കി തുടങ്ങിയ കമ്പനികളുടെ ഇലക്ട്രിക് വാഹനങ്ങൾ ബി.വൈ.ഡിയുടെ ബ്ലേഡ് ബാറ്ററി സംവിധാനമാണ് ഉപയോഗിക്കുന്നത്.
വിദേശ കമ്പനിയുടെ വെല്ലുവിളികൾ
ടെസ്‌ല, ബി.വൈ.ഡി. പോലുള്ള കമ്പനികൾ വിദേശത്ത് നിർമിച്ച വാഹനങ്ങളാണ് ഇന്ത്യയിൽ എത്തിക്കുന്നത്. ഉയർന്ന ഇറക്കുമതി തീരുവയാണ് ഇത്തരം വാഹനങ്ങളിൽ നിന്ന് ഈടാക്കുന്നത്. എന്നാൽ, ഈ തീരുവയിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗവും കേന്ദ്ര സർക്കാർ മുന്നോട്ട് വെച്ചിട്ടുണ്ട്. ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ നിർമാണം പ്രോത്സാഹിപ്പിക്കുന്നതിനായി ഒരുക്കിയിട്ടുള്ള SPMEPCI പദ്ധതി അനുസരിച്ച് യോഗ്യത നേടുന്ന കമ്പനികൾ 15 ശതമാനം ഇറക്കുമതി തീരുവയിൽ ഇവിടെ വാഹനങ്ങൾ എത്തിക്കാം. എന്നാൽ, അതിന് ചില നിബന്ധനകളും സർക്കാർ മുന്നോട്ട് വെക്കുന്നുണ്ട്.
ഇന്ത്യയിൽ കുറഞ്ഞത് 500 മില്ല്യൺ ഡോളറിന്റെ നിക്ഷേപം നടത്തണം, ഇന്ത്യയിൽ വാഹന നിർമാണ പ്ലാന്റ് ഒരുക്കണം, മൂന്ന് വർഷത്തിനുള്ളിൽ ഇവിടെ വാഹന നിർമാണം ആരംഭിക്കണം, ആദ്യ വർഷങ്ങളിൽ 25 ശതമാനം പ്രദേശിക ഉത്പന്നങ്ങൾ ഉപയോഗിച്ച് വേണം വാഹനം നിർമാക്കാൻ, അഞ്ച് വർഷത്തിനുള്ളിൽ ഇത് 50 ശതമാനമാക്കി ഉയർത്തണം തുടങ്ങിയ ആവശ്യങ്ങളാണ് ഇന്ത്യ മുന്നോട്ട് വയ്ക്കുന്നത്. എന്നാൽ, ഈ ഉപാധികളിലും ബി.വൈ.ഡിക്ക് ഏതാനും പരിമിതികളുണ്ട്.
ഇന്ത്യൻ കമ്പനികളുടെ കുതിപ്പ്
ഇലക്ട്രിക് കാറുകളുടെ വിൽപ്പനയുടെ അടിസ്ഥാനത്തിൽ 11 അല്ലെങ്കിൽ 12-ാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. 2025-ൽ 1,76,817 ഇലക്ട്രിക് കാറുകളാണ് ഇന്ത്യയിൽ വിറ്റഴിച്ചിരിക്കുന്നത്. ഓരോ വർഷവും ഉയരങ്ങളിലേക്ക് കുതിക്കുന്ന ഇന്ത്യയുടെ ഇലക്ട്രിക് വാഹന വിപണിയുടെ മേധാവിത്വം പ്രദേശിക വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സിന്റെ കൈകളിൽ ഭദ്രമാണ്. 2026 ഓഗസ്റ്റിലെ കണക്ക് അനുസരിച്ച് ഇലക്ട്രിക് വാഹന വിപണിയുടെ 42.8 ശതമാനം ടാറ്റ മോട്ടോഴ്‌സിന്റെ പക്കലാണ്. 21 ശതമാനവുമായി മഹീന്ദ്രയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ള ജെ.എസ്.ഡബ്ല്യു എം.ജി.മോട്ടോഴ്‌സിന് 15.1 ശതമാനമാണ് വിപണി വിഹിതം.
വളരുന്ന ബി.വൈ.ഡി.
മറ്റ് രാജ്യങ്ങളിലെ ഇലക്ട്രിക് കാർ വിപണിയിലേത് പോലെ ആധിപത്യം ഉറപ്പിക്കാൻ സാധിച്ചിട്ടില്ലെങ്കിലും ഇന്ത്യയിൽ ശക്തമായ സാന്നിധ്യമാകാൻ ബി.വൈ.ഡിക്ക് സാധിച്ചിട്ടുണ്ട്. 2025-ൽ വിറ്റഴിച്ച 5402 ബി.വൈ.ഡി. കാറുകൾ ഇതിന്റെ തെളിവാണ്. 2024-നെ അപേക്ഷിച്ച് 88 ശതമാനത്തിന്റെ വിൽപ്പന വളർച്ച കൂടി 2025-ൽ ബി.വൈ.ഡിക്ക് ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞാൽ ഇവർ എത്രത്തോളം കരുത്താർജിക്കുന്നുണ്ടെന്ന് മനസിലാക്കാം. നിലവിൽ ഏകദേശം മൂന്ന് ശതമാനമാണ് ഇവരുടെ വിപണി വിഹിതം. ആറ്റോ 3, സീൽ, ഇമാക്‌സ് 7, സിലിയോൺ 7 എന്നിവയാണ് ബി.വൈ.ഡി. ഇന്ത്യയിൽ എത്തിക്കുന്ന പ്രധാന മോഡലുകൾ.
Content Highlights: China and US dominate the global EV market through BYD and Tesla., India's EV market is uniquely led by domestic manufacturers like Tata Motors and Mahindra., High import duties and government restrictions on Chinese investments limit foreign EV giants in India., Indian EV sales reached significant milestones in 2025 and 2026, driven by local production and policies.
Published: 09 Sept 2026, 02:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented