കോഴിക്കോട്: ബൈക്കുകളായിരുന്നു ഷൈമിന എന്ന ആറാംക്ലാസുകാരിയെ ചെറുപ്പംമുതലേ കൊതിപ്പിച്ചിരുന്നത്. ഹെല്‍മെറ്റും ജാക്കറ്റുമൊക്കെയണിഞ്ഞ് ഒരു ബുള്ളറ്റില്‍ പറന്നുപോകുന്ന സ്വപ്നത്തിലാണ് അവളെന്നും ഉറങ്ങിയത്. ഒരു യാഥാസ്ഥിതികകുടുംബത്തില്‍ പിറന്ന പെണ്‍കുട്ടിക്ക് കാണാനാവാത്ത സ്വപ്നം. ആറാംക്ലാസിലെത്തിയപ്പോഴേക്കും വീട്ടിലെ സ്‌കൂട്ടറോടിക്കാന്‍ പഠിച്ചു. പതിനെട്ടാംവയസ്സില്‍ ജോലിയില്‍നിന്ന് മിച്ചംപിടിച്ച് ആദ്യം വാങ്ങിയത് ഒരു തണ്ടര്‍ബേഡ് റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക്. ആ ബൈക്കില്‍ അവള്‍ സ്വപ്നങ്ങളിലേക്കുള്ള യാത്ര തുടങ്ങി. വളരെ പെട്ടെന്നുതന്നെ ഇന്ത്യയാകെ സഞ്ചരിച്ച റൈഡറായി മാറി.

To advertise here,

എന്നാല്‍, പെട്ടെന്നൊരു ദിവസം ബൈക്കില്‍നിന്നുണ്ടായ വീഴ്ച ഷൈമിനയെ എട്ടുമാസത്തോളം കിടക്കയിലാക്കി. കൈയുടെ പരിക്കുകാരണം ദീര്‍ഘദൂരം ബൈക്ക് ഓടിക്കുന്നതിന് തടസ്സമുണ്ടായി. വിട്ടുകൊടുക്കാന്‍ അപ്പോഴും ഷൈമിന ഒരുക്കമായിരുന്നില്ല. കിടപ്പിലായിരിക്കെ അവള്‍ പുതിയ സ്വപ്നങ്ങള്‍ കണ്ടു. യാത്രയെ ചുറ്റിത്തന്നെയായിരുന്നു അതും. അങ്ങനെ ആ വീഴ്ചയില്‍നിന്ന് 'ഷൈംസ് ടെയ്ക്ക് ഓഫ്' ഉയര്‍ന്നു. ഇന്ന് ഒറ്റയ്ക്ക് യാത്ര പോകാനാഗ്രഹിക്കുന്ന ഒരുപാട് സ്ത്രീകള്‍ക്ക് ചിറകുനല്‍കുന്ന ട്രാവല്‍ ഏജന്‍സിയായി ഷൈമിന രജീഷ് ഫൗണ്ടറും സിഇഒയുമായുള്ള 'ഷൈംസ് ടെയ്ക്ക് ഓഫ്' വളര്‍ന്നു. സ്ത്രീകള്‍ക്കായി വിമാനയാത്രകള്‍, ട്രെയിന്‍ യാത്രകള്‍, റോഡ് ട്രിപ്പുകള്‍, ബൈക്ക് റൈഡുകള്‍ എന്നിവയെല്ലാം ടെയ്ക്ക് ഓഫ് ഒരുക്കിക്കൊടുക്കുന്നു.

സ്വപ്നത്തിലെന്നും ബൈക്ക്

അരക്കിണറിലായിരുന്നു ഷൈമിനയുടെ വീട്. ചെറുപ്പംമുതലേയുള്ള മകളുടെ ബൈക്ക് സ്‌നേഹം ഉമ്മ മുംതാസിന് ഒട്ടും ഇഷ്ടമായിരുന്നില്ല. ഉപ്പ അബൂബക്കര്‍ സിദ്ദിഖ് വിദേശത്തായതിനാല്‍ത്തന്നെ കുട്ടികളെ വളര്‍ത്തിയതും പഠിപ്പിച്ചതുമെല്ലാം ഉമ്മയായിരുന്നു. എങ്ങനെയെങ്കിലും ബൈക്കോടിക്കാന്‍ പഠിക്കണമെന്നതായിരുന്നു കുഞ്ഞു ഷൈമിനയുടെ ആഗ്രഹം. അക്കാലത്ത് വനിതാ ബൈക്ക് റൈഡര്‍മാര്‍ വിരളമായിരുന്നു. ബൈക്കില്‍ യാത്രപോയ വനിതകളെക്കുറിച്ച് ഒരു മാഗസിനില്‍വന്ന വാര്‍ത്ത ഏറെ സ്വാധീനിച്ചു. എത്രയുംപെട്ടെന്ന് ഒരു ബൈക്ക് വാങ്ങണം അതായിരുന്നു ആഗ്രഹം. ഇതിനിടെ വിവാഹിതയായി.

ആ സമയത്ത് ഭര്‍ത്താവിന് ചെറിയജോലിയായതിനാല്‍ ഷൈമിനകൂടി ജോലിക്കുപോകാന്‍ തീരുമാനിച്ചു. ഒരു സ്വകാര്യകമ്പനിയില്‍ അക്കൗണ്ടന്റായി. മകളുടെ ബൈക്ക് യാത്രകള്‍ക്ക് വീട്ടുകാര്‍ എതിരായിരുന്നു. എങ്കിലും ഭര്‍ത്താവ് പിന്തുണ നല്‍കി. പ്രമുഖ റൈഡറായ ഷൈനി രാജ്കുമാറുമായി പരിചയപ്പെട്ടു. അവര്‍ തുടങ്ങിയ ഡോണ്ട്ലെസ് റോയല്‍ എക്‌സ്പ്ലോറേഴ്സില്‍ ചേര്‍ന്നു. ലഡാക്കിലേക്കും ഇന്ത്യയാകെയും ബൈക്കില്‍ സഞ്ചരിച്ചു.

ജീവിതം മാറിമറിയുന്നു

ഒരുദിവസം റൈഡ് കഴിഞ്ഞ് വയനാടുവഴി തിരിച്ചുവരുകയായിരുന്നു. യാത്രയിലെപ്പോഴോ ഉറങ്ങിപ്പോയി. ചുരത്തിലെ ഹെയര്‍പിന്‍ വളവില്‍നിന്ന് താഴേക്കുവീഴുകയായിരുന്നു. അധികം താഴ്ചയിലേക്കായിരുന്നില്ല വീഴ്ചയെങ്കിലും കൈക്കും കാലുകള്‍ക്കും നട്ടെല്ലിനുമെല്ലാം നല്ല പരിക്കുപറ്റി. എട്ടുമാസത്തോളം കിടക്കയിലായി.

''അതുവരെ, ജോലിചെയ്ത് പണമുണ്ടാക്കി കൂടുതല്‍ യാത്രകള്‍ പോകണമെന്നത് മാത്രമായിരുന്നു ആഗ്രഹം. ചെറുപ്പത്തിലൊന്നും ഞാന്‍ അധികംയാത്രകളൊന്നും ചെയ്തിട്ടില്ലാത്തതുകൊണ്ട് കൂടുതല്‍ സ്ഥലങ്ങള്‍ കാണാന്‍ വലിയ താത്പര്യമായിരുന്നു. അതിനായി കൂടുതല്‍ നല്ലകമ്പനികളിലേക്ക് ഞാന്‍ പലതവണ മാറിയിരുന്നു. ഒരു ബിസിനസ് തുടങ്ങുന്നതൊന്നും സ്വപ്നത്തിലേ ഉണ്ടായിരുന്നില്ല'' -ഷൈമിന പറയുന്നു. എന്നാല്‍, കിടപ്പിലായപ്പോള്‍ പല ചിന്തകളും വന്നു. ഒരു റിസ്‌ക് എടുത്ത് എന്തെങ്കിലുംചെയ്താലേ ആവശ്യത്തിന് യാത്രചെയ്യാനൊക്കെ എന്തെങ്കിലും സമ്പാദിക്കാനാവൂ എന്ന ചിന്ത വന്നു. കുറച്ചുഭേദമായപ്പോള്‍ കിടന്നുകൊണ്ട് ഓണ്‍ലൈനായി ജോലിചെയ്യാന്‍ തുടങ്ങി. അതിനൊപ്പം ഓണ്‍ലൈനായി ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ബോട്ടീക്ക് എന്നിവയൊക്കെ തുടങ്ങിനോക്കിയെങ്കിലും വിജയിച്ചില്ല.

തുടക്കം വീട്ടില്‍

അപ്പോള്‍ തായ്ലാന്‍ഡ് ആസ്ഥാനമായ ഒരു ട്രാവല്‍ കമ്പനിക്കുവേണ്ടിയാണ് ജോലിചെയ്തിരുന്നത്. അതൊക്കെ പഠിച്ചപ്പോള്‍ എന്തുകൊണ്ട് ഇത്തരത്തിലൊന്ന് തുടങ്ങിക്കൂടാ എന്നാലോചിച്ചു. പല സ്ത്രീകളും യാത്രചെയ്യാന്‍ ഏറെ ആഗ്രഹമുള്ളവരാണ്. പക്ഷേ, ഒറ്റയ്ക്ക് എങ്ങനെ പോകണമെന്നറിയില്ല. അവര്‍ക്കായി ട്രിപ്പുകള്‍ സംഘടിപ്പിക്കുന്നതിന് മുന്‍ഗണന നല്‍കിക്കൊണ്ട് 2018-ല്‍ 'ഷൈംസ് ടെയ്ക്ക് ഓഫ്' തുടങ്ങി.