വാടാനപ്പള്ളി: യു.എ.ഇ.യിൽനിന്ന് റോഡുമാർഗം ബൈക്കിൽ ഒറ്റയ്ക്ക് യാത്രചെയ്ത് വാടാനപ്പള്ളി സ്വദേശി മുഹമ്മദ് നസീബ് ജന്മനാട്ടിലെത്തി. മേയ് മൂന്നിന് ദുബായിൽനിന്ന് ആരംഭിച്ച് ജൂലായ് 12-ന് കേരളത്തിലെത്തി. സംസ്‌കാരവും ഭൂപ്രകൃതിയും തൊട്ടറിഞ്ഞുള്ള യാത്ര. യമഹ നിക്കെൻ ജി.ടി. ബൈക്കിലായിരുന്നു നസീബിന്റെ യാത്ര.

To advertise here,

സൗദി അറേബ്യ, ജോർദാൻ, ഇറാഖ്, തുർക്കി, ജോർജിയ, റഷ്യ, കസാക്കിസ്ഥാൻ, ചൈന, നേപ്പാൾ എന്നിവയുൾപ്പെടെ 12-ലധികം രാജ്യങ്ങളിലൂടെ സഞ്ചരിച്ചാണ് മുഹമ്മദ് നസീബ് വാടാനപ്പള്ളിയിലെ വീട്ടിലെത്തിയത്. യാത്രക്കിടെ വിവിധ രാജ്യങ്ങളുടെ അതിർത്തികൾ കടക്കുന്നതിനുള്ള അനുമതികൾ, വിസ നടപടിക്രമങ്ങൾ തുടങ്ങി വെല്ലുവിളികൾ നേരിട്ടെങ്കിലും യാത്ര വിജയകരമായിരുന്നുവെന്ന് നസീബ് പറഞ്ഞു.

വാടാനപ്പള്ളി ഫാറൂഖ് നഗർ സ്വദേശിയാണ് നസീബ്. കഴിഞ്ഞ ആറു വർഷമായി ദുബായിൽ ഇന്റീരിയർ ഡിസൈനറായി ജോലിചെയ്യുകയാണ്. സാഹസികയാത്രകളോട് താത്പര്യമുള്ള അദ്ദേഹം 2019-ൽ ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിലേക്കാണ് ആദ്യമായി ബൈക്കുയാത്ര നടത്തിയത്. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയാണ് യാത്രകൾക്ക് കരുത്തായതെന്ന് നസീബ് പറയുന്നു.

പൂർണമായ പ്ലാനുണ്ടെങ്കിലേ യാത്ര വിജയമാക്കാൻ കഴിയൂവെന്നാണ് നസീബിന്റെ പക്ഷം. അവസരം ലഭിച്ചാൽ യൂറോപ്പ് റോഡ്ട്രിപ്പ് നടത്തണമെന്നതാണ് അടുത്ത ലക്ഷ്യമെന്നും നസീബ് പറഞ്ഞു. ജിംഷിതയാണ് ഭാര്യ. അഹമ്മദ് അഫ്രാസും മുഹബ്‌ മുറാദുമാണ് മക്കൾ. ജന്മനാട്ടിലെത്തിയ നസീബിന് വാടാനപ്പള്ളിയിൽ പൗരസ്വീകരണം നൽകി. യാത്രാനുഭവങ്ങൾ പങ്കുവെച്ച നസീബിനെ സദസ്സ് കൈയടികളോടെയാണ് അഭിനന്ദിച്ചത്.

യമഹ നിക്കെൻ ജിടി

യമഹ വിപണിയിൽ എത്തിച്ചിട്ടുള്ള വ്യത്യസ്തമായ ടൂറിങ് മോട്ടോർ സൈക്കിളാണ് നിക്കെൻ ജി.ടി. ത്രീ വീൽ സ്‌പോർട്‌സ് ടൂറിങ് മോട്ടോർസൈക്കിളായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. മുന്നിൽ രണ്ട് ടയറുകളും പിന്നിൽ ഒന്നുമാണ് ഇതിലുള്ളത്. ലീനിങ് മൾട്ടി വീൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽതന്നെ സാധാരണ ബൈക്കുകൾ പോലെ ഉപയോഗിക്കാവുന്ന വാഹനമാണിത്.

890 സിസി ശേഷിയുള്ള മൂന്ന് സിലിണ്ടർ ലിക്വഡ് കൂൾഡ് എൻജിനാണ് ഈ വാഹനത്തിൽ നൽകിയിട്ടുള്ളത്. 115 പിഎസ് പവറും 90.7 എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ഗിയർബോക്‌സാണ് ട്രാൻസ്മിഷൻ ഒരുക്കുന്നത്. മുന്നിൽ രണ്ട് ടയറുകൾ ഉള്ളതിനാൽ തന്നെ ഏറ്റവും മികച്ച കോർണറിങ് ഗ്രിപ്പ് ഉറപ്പാക്കാൻ നിക്കെൻ ജിടിക്ക് സാധിക്കും. എബിഎസ്, ട്രാക്ഷൻ കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ക്വിക്ക് ഷിഫ്റ്റർ തുടങ്ങിയ സംവിധാനങ്ങളും ഇതിലുണ്ട്.