കോട്ടയ്ക്കല്‍: 27 സംസ്ഥാനങ്ങളിലൂടെയും ആറ് കേന്ദ്രഭരണ പ്രദേശങ്ങളിലൂടെയും സഞ്ചരിച്ച് ബുള്ളറ്റ് യാത്രികന്‍ ബി.പി. ബിജു ശനിയാഴ്ച കോട്ടയ്ക്കലിലെത്തി. തന്റെ യാത്രാനുഭവത്തില്‍ ഒറ്റയ്ക്കു യാത്രചെയ്യുന്നവര്‍ക്ക് ഇന്ത്യ ഏറ്റവും സുരക്ഷിതമായ രാജ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

To advertise here,

പെണ്‍കുട്ടികളുടെ ശാക്തീകരണം വിദ്യാഭ്യാസത്തിലൂടെ എന്ന സന്ദേശം പങ്കുവെച്ചാണ് യാത്ര. ഇന്ത്യയില്‍ പലയിടത്തും പെണ്‍കുട്ടികള്‍ക്കെതിരേ പലതരത്തിലുള്ള അതിക്രമങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ പൊതുവേ വിദ്യാഭ്യാസമുള്ളവരും ശാക്തീകരിക്കപ്പെട്ടവരുമായ പെണ്‍കുട്ടികളെയാണു കാണുന്നത്. ഇവിടെ ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരേ പ്രവര്‍ത്തിക്കാന്‍ കുട്ടികളോട് ആഹ്വാനംചെയ്യുകയാണ് താനെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം പട്ടം സ്വദേശിയായ ഈ 52 വയസ്സുകാരന്‍ ആക്സിസ് ബാങ്ക് മുന്‍ ഏരിയാ വൈസ് പ്രസിഡന്റായിരിക്കേ സ്വയം വിരമിച്ചാണ് ഇത്തരത്തിലൊരു യാത്ര നടത്താന്‍ തീരുമാനിച്ചത്. 28-ന് കേരളത്തില്‍ പ്രവേശിച്ച് കാസര്‍കോടും കണ്ണൂരും ഒഴികെയുള്ള എല്ലാ ജില്ലകളിലൂടെയും യാത്ര കടന്നുപോകുന്നുണ്ട്.

2024 ജനുവരി ഒന്നിന് കന്യാകുമാരിയില്‍നിന്നു തുടങ്ങിയ യാത്ര 666 ദിവസമെടുത്ത് ഒക്ടോബര്‍ 27-ന് തിരുവനന്തപുരത്ത് അവസാനിപ്പിക്കാനാണു ലക്ഷ്യം. അതിനകം അഞ്ഞൂറോളം കോളേജുകളിലും സ്‌കൂളുകളിലുമായി 75000-ത്തോളം വിദ്യാര്‍ഥികളുമായി സംവദിക്കും. യാത്ര പൂര്‍ത്തിയാകുമ്പോഴേക്കും 22 മാസങ്ങള്‍കൊണ്ട് 45,000-ത്തോളം കിലോമീറ്റര്‍ സഞ്ചരിക്കുകയും ചെയ്യും.

കുട്ടികളോട് സംവദിക്കുന്നതിന്റെ ഭാഗമായി കോട്ടൂര്‍ എകെഎം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സന്ദര്‍ശിച്ചു. ഇദ്ദേഹം സന്ദര്‍ശിക്കുന്ന 406-ാമത്തെ സ്‌കൂളാണിത്.

സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടി പ്രന്‍സിപ്പല്‍ അലി കടവണ്ടി ഉദ്ഘാടനംചെയ്തു. പ്രഥമാധ്യാപിക കെ.കെ. സൈബുന്നീസ അധ്യക്ഷതവഹിച്ചു. സ്‌കൂള്‍ മാനേജര്‍ കെ. ഇബ്രാഹിം ഹാജി, ജയദേവന്‍ കോട്ടയ്ക്കല്‍, പ്രദീപ് വാഴങ്കര എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ വിവിധ സ്‌കൂളുകള്‍ സന്ദര്‍ശിച്ച് ഇദ്ദേഹം തിങ്കളാഴ്ച പാലക്കാട്ടേയ്ക്കു യാത്രതിരിക്കും.