
ഗതാഗത നിയമങ്ങള്‍ പാലിച്ചു മാത്രം വാഹനം ഓടിക്കുകയും കൃത്യമായി സീറ്റ് ബെല്‍റ്റോ ഹെല്‍മെറ്റോ ധരിക്കുകയും ചെയ്തിരുന്ന പലരും റോഡിലെ മഞ്ഞയും വെള്ളയും നിറമുള്ള വരകള്‍ അടുത്തിടെവരെ അത്ര കാര്യമായി എടുത്തിരുന്നില്ല. എ.ഐ ക്യാമറകളടക്കം രംഗത്തു വന്നതോടെയാണ് വാഹനം ഓടിക്കുമ്പോള്‍ റോഡിലെ വരകളും ശ്രദ്ധിക്കേണ്ടതാണ് എന്ന ബോധം പലര്‍ക്കുമുണ്ടായത്. റോഡിലെ മഞ്ഞവര കടക്കുന്നവർക്കെതിരേ 2000 രൂപ പിഴ ചുമത്തുമെന്ന വാര്‍ത്തകള്‍ വന്നു. ഇതോടെയാണ് ഈ വരകള്‍കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് പലരും കണ്ടെത്താന്‍ ശ്രമം തുടങ്ങിയത്. ഡ്രൈവര്‍മാര്‍ക്കുള്ള നിര്‍ദേശങ്ങളാണ് റോഡിലെ ഓരോ വരകളും.
ഡ്രൈവിങ് അനായാസമാക്കുന്നതിനും വാഹനാപകടങ്ങള്‍ ഒഴിവാക്കുന്നതും വഴി വിലപ്പെട്ട ജീവനുകള്‍ രക്ഷിക്കുന്നതിലും സുപ്രധാന പങ്കാണ് അവയ്ക്കുള്ളത്. നിരത്തില്‍ കുതിച്ചുപായുന്ന വാഹനങ്ങള്‍ ഇന്നു കാണുന്ന തരത്തില്‍ കാര്യക്ഷമതയുള്ളതായി മാറാന്‍ ഇടയാക്കിയ പല സുപ്രധാന കണ്ടുപിടിത്തങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ചവരെപ്പോലെതന്നെ ഒരു വനിതയാണ് ഈ വരകളുടെയും തുടക്കക്കാരി. മഞ്ഞയും വെള്ളയും നിറത്തിലും ഇടവിട്ടുമൊക്കെയുള്ള ആ വരകള്‍ ലോകം മുഴുവനുമുള്ള റോഡുകളില്‍ ഇന്ന് വാഹനങ്ങളിലും കാല്‍നടയായും സഞ്ചരിക്കുന്ന ലക്ഷക്കണക്കിനു പേര്‍ക്ക് സുരക്ഷ ഒരുക്കുന്നു.
ആദ്യം അവഗണിച്ചു, പിന്നീട് അംഗീകരിക്കേണ്ടിവന്നു
ഇരുദിശയിലേക്കും സഞ്ചരിക്കുന്ന വാഹനങ്ങള്‍ കൂട്ടിയിടിക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കുന്ന തരത്തില്‍ റോഡിന് നടുവിലൂടെ ഒരു വര വരച്ചാല്‍ പല അപകടങ്ങളും ഒഴിവാക്കാന്‍ കഴിയുമെന്ന് ചിന്തിക്കുകയും അതിനുവേണ്ടി അധികൃതര്‍ക്കുമേല്‍ നിരന്തരം സമ്മര്‍ദം ചെലുത്തുകയും ചെയ്തത് ജൂണ്‍ റോബര്‍ട്‌സണ്‍ മക് കരോള്‍ എന്ന അമേരിക്കക്കാരിയായ വനിതാ ഡോക്ടറാണ്. 1924-ലാണ് ഡോ. മക് കരോളിന്റെ നിര്‍ദേശം അംഗീകരിച്ചുകൊണ്ട് കാലിഫോര്‍ണിയ ഹൈവേ കമ്മീഷന്‍ അവിടെയുള്ള 3500 മൈല്‍ ദൈര്‍ഘ്യമുള്ള പാതയില്‍ അത്തരത്തിലുള്ള വര പെയിന്റുചെയ്തത്.
എന്നാല്‍, മക് കരോള്‍ അതുകൊണ്ട് തൃപ്തയായില്ല വര വരയ്ക്കണമെന്ന ആവശ്യമുന്നയിച്ച് സമീപപ്രദേശങ്ങളിലെ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് അവര്‍ നിരന്തരം കത്തയയ്ക്കുകയും അതിനുവേണ്ടി ശക്തമായ സമ്മര്‍ദം ചെലുത്തുകയുമുണ്ടായി. ഭരണാധികാരികളില്‍ പലരും അവരുടെ നിര്‍ദേശം വളരെ മികച്ചതാണെന്ന് വിലയിരുത്തുകയും പ്രദേശത്തെ റോഡുകള്‍ക്ക് നടുവിലൂടെ വര വരയ്ക്കുകയുംചെയ്തു. മക് കരോളിന്റെ നിര്‍ദേശം അവഗണിക്കുകയും അവജ്ഞയോടെ തള്ളിക്കളയുകയും ചെയ്തവരുമുണ്ട്. അവരുടെയൊക്കെ കണ്ണു തുറക്കുന്നതിനും അപകടം ഒഴിവാക്കുന്ന വരകള്‍ നിയമപ്രകാരം അവശ്യമാണെന്ന വ്യവസ്ഥകള്‍ പ്രാബല്യത്തില്‍വരാനും വീണ്ടും വര്‍ഷങ്ങള്‍തന്നെ വേണ്ടിവന്നു.
രോഗികള്‍ക്കുവേണ്ടി ലൈബ്രറി സ്ഥാപിച്ച ഡോക്ടര്‍
വെറുമൊരു ഡോക്ടര്‍ മാത്രമായിരുന്നില്ല മക് കരോള്‍. കുതിരപ്പുറത്തും കുതിരവണ്ടിയിലും സഞ്ചരിച്ച് പരമാവധി ജനങ്ങള്‍ക്ക് വൈദ്യസഹായം എത്തിക്കാന്‍ ശ്രമിച്ച അവര്‍ അക്കാലത്തെ പരിമിതമായ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി ശസ്ത്രക്രിയകള്‍ വിജയകരമായി നടത്തി. തന്റെ രോഗികള്‍ക്കുവേണ്ടി ലൈബ്രറി സ്ഥാപിച്ചു. പ്രാക്ടീസ് അവസാനിപ്പിച്ച ശേഷം സ്ത്രീ ശാക്തീകരണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകള്‍ക്ക് അവര്‍ നേതൃത്വം നല്‍കി. ഇത്തരത്തിലുള്ള സംഭവബഹുലമായ ജീവിതത്തിനിടയിലാണ് റോഡിലെ വരകള്‍ എന്ന ആശയം അവരുടെ തലയില്‍ ഉദിക്കുന്നതും അതിനുവേണ്ടി അധികാരികള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തുന്നതിനുള്ള നീക്കങ്ങള്‍ തുടങ്ങുന്നതും.
സമര്‍ഥയായ ഡോക്ടര്‍, അറിയപ്പെടുന്നത് റോഡ് സുരക്ഷയ്ക്ക് നല്‍കിയ സംഭാവനയുടെ പേരില്‍
1869 ജൂണ്‍ 30-ന് കെന്റക്കിയിലാണ് ജൂണ്‍ റോബര്‍ട്‌സണ്‍ മക് കരോളിന്റെ ജനനം. ഷിക്കാഗോയിലെ മെഡിക്കല്‍ സ്‌കൂളില്‍ ചേര്‍ന്ന് പഠിച്ച അവര്‍ പിന്നീട് അക്കാലത്ത് പ്രാക്ടീസ് ചെയ്തിരുന്ന ചുരുക്കം വനിതാ ഡോക്ടര്‍മാരില്‍ ഒരാളായി മാറി. ക്ഷയരോഗം ബാധിച്ച ഭര്‍ത്താവ് ജെയിംസ് ആര്‍. റോബര്‍ട്‌സണിനൊപ്പം 1904-ല്‍ അവര്‍ കാലിഫോര്‍ണിയ സംസ്ഥാനത്തെ കോച്ചെല്ലാ താഴ്‌വരയില്‍ താമസിക്കാനെത്തി. മരുപ്രദേശത്തെ കാലാവസ്ഥ അവരുടെ ഭര്‍ത്താവിന്റെ രോഗത്തിന് ആശ്വാസം പകരുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്. പ്രദേശത്തെത്തുന്ന ആദ്യ വനിതാ ഡോക്ടറായിരുന്നു അവര്‍. കുതിരപ്പുറത്തും കുതിരവണ്ടിയിലും പ്രദേശത്താകെ സഞ്ചരിച്ച് അവര്‍ രോഗികള്‍ക്ക് ചികിത്സ നല്‍കി.
1905-ലാണ് അവര്‍ കോച്ചെല്ല താഴ്‌വരയിലെ ആദ്യ ലൈബ്രറിക്ക് തുടക്കം കുറിക്കുന്നത്. ആഴ്ചയില്‍ മൂന്ന് ദിവസംവീതം തുറന്ന് പ്രവര്‍ത്തിക്കുന്നതായിരുന്നു ലൈബ്രറി. 50 മുതല്‍ 100 വരെ പുസ്തകങ്ങള്‍ ലൈബ്രറിയില്‍ വെക്കുകയും മൂന്ന് മാസംകൂടുന്തോറും അവ മാറ്റിക്കൊണ്ടിരിക്കുകയും ചെയ്തിരുന്നു. 1907-ലാണ് അവര്‍ സര്‍ക്കാര്‍ ഡോക്ടറായി നിയമിക്കപ്പെടുന്നത്. ഈ കാലഘട്ടത്തിലാണ് പരിമിതമായ സൗകര്യങ്ങളില്‍ അവര്‍ ശസ്ത്രക്രിയകള്‍പോലും വിജയകരമായി നടത്തിയത്. അതിനിടെ അവരുടെ ഭര്‍ത്താവ് മരിക്കുകയും അവര്‍ ഫ്രാങ്ക് മക് കരോള്‍ എന്നയാളെ വിവാഹം കഴിക്കുകയും ചെയ്തു. വനിതാ ഡോക്ടറെന്ന നിലയില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും നിരവധി പേരുടെ ജീവന്‍ രക്ഷിക്കുകയും ചെയ്തുവെങ്കിലും ഗതാഗതരംഗത്ത് നിരവധി ജീവനുകള്‍ രക്ഷിക്കാനുതകിയ കണ്ടെത്തലിന്റെ പേരിലാണ് അവര്‍ പിന്നീട് ലോകം മുഴുവന്‍ അറിയപ്പെട്ടത്.
ട്രക്ക് പാഞ്ഞെത്തി, ഫോര്‍ഡ് മോഡല്‍ ടി ഓടയില്‍ വീണു
ഡോ. മക് കരോളിന്റെ തിരക്കേറിയ ജീവിതത്തിനിടയിലാണ് അവര്‍ സഞ്ചരിച്ച ഫോര്‍ഡ് മോഡല്‍ ടി വാഹനത്തിന്റെ ചക്രങ്ങള്‍ ഒരു ദിവസം ഓടയില്‍വീണത്. കാറിന് സൈഡ് നല്‍കാതെ ഒരു ട്രക്ക് എതിര്‍ദിശയിലൂടെ വന്നതാണ് അപകടത്തിനിടയാക്കിയത്. ഇതോടെ, ഇത്തരം അപകടങ്ങള്‍ ഒഴിവാക്കുന്നതിന് എന്തു ചെയ്യാനാകുമെന്ന് അവര്‍ ചിന്തിച്ചു. അങ്ങനെയാണ് ഇരുദിശയിലേക്കും പോകുന്ന വാഹനങ്ങള്‍ റോഡിന്റെ ഓരോ വശത്തുകൂടിയും സുരക്ഷിതമായി കടന്നുപോകാന്‍ പ്രാപ്തമാക്കുംവിധം റോഡിന് നടുവില്‍ ഒരു വര വരയ്ക്കുകയെന്ന ആശയം അവരുടെ മനസിലുദിക്കുന്നത്. ഇക്കാര്യം അവര്‍ പലതവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി. നിരന്തരം കത്തുകളയച്ചെങ്കിലും അവയെല്ലാം അവഗണിക്കപ്പെട്ടതോടെ സ്വന്തം ആശയം നടപ്പിലാക്കാന്‍ അവര്‍ സ്വയം മുന്നിട്ടിറങ്ങി.
ഹൈവേ 99-ന്റെ മധ്യത്തിലൂടെ നാല് ഇഞ്ച് വീതിയുള്ള വര അവര്‍തന്നെ പെയിന്റുചെയ്തു. സ്വന്തം നാട്ടിലെ റോഡിന് നടുവിലൂടെ വര വരച്ച ശേഷം പിന്മാറാന്‍ അവര്‍ തയ്യാറായിരുന്നില്ല. വനിതാ സംഘടനകള്‍ അടക്കമുള്ളവയുടെ പിന്തുണയോടെ അവര്‍ അധികാരികള്‍ക്ക് കത്തെഴുത്ത് യജ്ഞംതന്നെ ആരംഭിച്ചു. സംസ്ഥാനത്തെ മുഴുവന്‍ റോഡുകളിലും മധ്യഭാഗത്തുകൂടി വര വരയ്ക്കണമെന്നായിരുന്നു ആവശ്യം. ഏഴ് വര്‍ഷം നീണ്ട പരിശ്രമമാണ് ഡോ. മക് കരോള്‍ ഇതിനുവേണ്ടി നടത്തിയത്. മക് കരോളിന്റെയും സഹപ്രവര്‍ത്തകരുടെയും സമ്മര്‍ദതന്ത്രങ്ങള്‍ ഒടുവില്‍ ഫലംകണ്ടു. 1924-ല്‍ ഡോ. മക് കരോളിന്റെ നിര്‍ദേശം നടപ്പാക്കാന്‍ കാലിഫോര്‍ണിയ ഹൈവേ കമ്മിഷന്‍ തീരുമാനിച്ചു.
സംസ്ഥാനത്തെ 3500 മൈല്‍ ദൈര്‍ഘ്യമുള്ള പാതയുടെ മധ്യത്തിലൂടെ മധ്യഭാഗത്തുകൂടി ആദ്യഘട്ടത്തില്‍ വര വരച്ചു. ഡോക്ടറുടെ പരിശ്രമങ്ങളാണ് ഈ പരിഷ്‌കാരത്തിന് ഇടയാക്കിയതെന്ന് ഗതാഗതവകുപ്പ് അക്കാലത്തുതന്നെ അംഗീകരിച്ചിരുന്നു. എന്നാല്‍, അവര്‍ക്ക് അര്‍ഹമായ അംഗീകാരം ലഭിക്കാന്‍ വീണ്ടും വര്‍ഷങ്ങള്‍തന്നെ വേണ്ടിവന്നു. അവര്‍ സ്വന്തം നിലയില്‍ പെയിന്റുപയോഗിച്ച് വര വരച്ച റോഡിന് ഡോ. ജൂണ്‍ മക് കരോള്‍ മെമ്മോറിയല്‍ ഫ്രീവേ എന്ന പേര് നല്‍കുന്നത് 2002-ലാണ്. നിരവധി ജീവനുകള്‍ രക്ഷിച്ച ഗതാഗതരംഗത്തെ പരിഷ്‌കാരത്തിന് കാരണക്കാരിയായ ഡോ. മക് കരോള്‍ 1954-ലാണ് മരിക്കുന്നത്.
പലരും ആശയം മുന്നോട്ടുവച്ചു, പോരാട്ടം നടത്തിയത് മക് കരോള്‍
റോഡിന് നടുവിലൂടെ വര വരയ്ക്കുന്നതുവഴി അപകടങ്ങള്‍ ഒഴിവാക്കാന്‍ കഴിയുന്നതിനെപ്പറ്റി വന്‍പ്രചാരണം നടത്തുകയും ദീര്‍ഘകാലം അധികൃതര്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തതിന്റെ പേരില്‍ അംഗീകരിക്കപ്പെട്ടത് ഡോ. മക് കരോള്‍ ആണെങ്കിലും അവര്‍ നടത്തിയ പരിശ്രമങ്ങള്‍ വിജയിച്ചതിന് വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ പലരും സമാനമായ പരീക്ഷണങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. എന്നാല്‍, അവ പലതും ഒറ്റപ്പെട്ട സംഭവങ്ങളെന്ന നിലയില്‍ കാര്യമായി ശ്രദ്ധിക്കപ്പെടാതെപോയി.
മിഷിഗണില്‍ വെയ്ന്‍ കൗണ്ടി റോഡ് കമ്മിഷന്‍ അംഗമായിരുന്ന എഡ്വേഡ് എന്‍ ഹെയിന്‍സ് 1911-ല്‍തന്നെ ഈ ആശയം മുന്നോട്ടുവച്ചിരുന്നു. 1917-ല്‍ ഒറിഗോണില്‍ ഉന്നത ഉദ്യോഗസ്ഥനായ പീറ്റര്‍ റെക്‌സ് ഫോഡിന്റെ നിര്‍ദേശപ്രകാരം കൊളംബിയ റിവര്‍ ഹൈവേയ്ക്ക് നടുവിലൂടെ മഞ്ഞവര വരച്ചിരുന്നു. എന്നാല്‍, ഇത്തരം വരകള്‍ക്ക് ഔദ്യോഗിക അംഗീകാരം ലഭിക്കുന്നതും പിന്നീട് ലോകവ്യാപകമായി റോഡ് സുരക്ഷയുടെ ഭാഗമാകുന്നതും ഡോ. മക് കരോള്‍ നടത്തിയ പരിശ്രമങ്ങളുടെ ഫലമായാണ്.
Content Highlights: History behind the lines of roads, History of road lanes, June McCarroll introduced road lanes
Published: 07 Sept 2023, 05:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented