തിരൂരങ്ങാടി: ആറുവരിപ്പാതയില്‍ വാഹനങ്ങള്‍ ഓടിത്തുടങ്ങിയതോടെ യാത്രക്കെല്ലാം വേഗത വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍, അശ്രദ്ധയുണ്ടാക്കുന്ന അപകടങ്ങളും പുതിയ പാതയില്‍ വര്‍ധിക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വാഹനാപകടങ്ങള്‍ സൂചിപ്പിക്കുന്നു. സിഗ്‌നലുകള്‍, സൂചനാബോര്‍ഡുകള്‍, മുന്നറിയിപ്പുകള്‍, തെരുവു വിളക്കുകള്‍, വേഗതാനിയന്ത്രണങ്ങള്‍ തുടങ്ങിയവ പാതയില്‍ സ്ഥാപിക്കുന്നത് പൂര്‍ത്തിയായിട്ടില്ല. ഇവ സ്ഥാപിച്ചാലും സ്ഥാപിക്കുന്നതിന് മുന്‍പും ഡ്രൈവര്‍മാര്‍ക്ക് ശരിയായ ജാഗ്രത വേണമെന്നും അല്ലാത്തപക്ഷം വലിയ അപകട സാധ്യതയുണ്ടെന്നും പുതിയപാതയിലെ അപകടങ്ങള്‍ മുന്നറിയിപ്പു നല്‍കുന്നു.

To advertise here,

ചൊവ്വാഴ്ച കൊളപ്പുറത്തിന് സമീപം വി.കെ. പടിയില്‍ ടയര്‍ പഞ്ചറായി നിര്‍ത്തിയിട്ട മിനിലോറിക്കു പിറകില്‍ സ്‌കൂട്ടര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചിരുന്നു. കഴിഞ്ഞദിവസം എടരിക്കോട് മമ്മാലിപ്പടിയില്‍ ട്രെയ്ലര്‍ ലോറി നിയന്ത്രണംവിട്ട് വാഹനങ്ങളില്‍ ഇടിച്ചുണ്ടായ അപകടവും പുതിയ പാതയിലെ അപകടങ്ങളെക്കുറിച്ച് സൂചന നല്‍കുന്നു. പുതിയപാതയില്‍ വാഹനമോടിക്കുന്നവര്‍ക്ക് താഴെപറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാം:

മുന്നറിയിപ്പു നല്‍കാന്‍ മറക്കല്ലേ

ഓടിക്കൊണ്ടിരിക്കെ വാഹനത്തിന് തകരാറുകള്‍ സംഭവിച്ചാല്‍ പിറകില്‍വരുന്ന വാഹനങ്ങള്‍ക്ക് വേഗത്തില്‍ മനസ്സിലാക്കാവുന്നവിധം മുന്നറിയിപ്പ് നല്‍കിയാണ് വാഹനം നിര്‍ത്തിയിടേണ്ടത്. കേടുവന്ന വാഹനം സര്‍വീസ് റോഡിലേക്ക് മാറ്റിയിടുന്നതിന് പരമാവധി ശ്രമിക്കണം. സാധിക്കാത്തവ നിര്‍ത്തിയിടുമ്പോള്‍ വാഹനത്തിന് നൂറു മീറ്റര്‍ അകലത്തിലെങ്കിലും സിഗ്നല്‍ ബോര്‍ഡ് നിവര്‍ത്തി വെക്കണം.

ഇത്തരം സമയങ്ങളില്‍ ഉപയോഗിക്കാനുള്ള ട്രയാങ്കുലര്‍ സിഗ്നല്‍ ബോര്‍ഡ് വാഹനങ്ങളില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തണം. സിഗ്‌നല്‍ ലൈറ്റുകളും ഉപയോഗിക്കാം.

സര്‍വീസ് റോഡിലേക്ക് കയറുമ്പോള്‍

ആറുവരിപ്പാതയില്‍നിന്ന് പുറത്തുകടക്കാനുള്ള എക്സിറ്റുകള്‍ മാത്രമാണ് സര്‍വീസില്‍ റോഡിലേക്ക് പ്രവേശിക്കാന്‍ ഉപയോഗിക്കേണ്ടത്. സര്‍വീസ് റോഡില്‍നിന്ന് ആറുവരിപ്പാതയിലേക്ക് കയറുന്നതിനും അനുവദിക്കപ്പെട്ട വഴികള്‍ മാത്രമാണ് ഉപയോഗിക്കേണ്ടത്. ഇവ വ്യക്തമായി മാര്‍ക്ക് ചെയ്തുവരുന്നുണ്ട്.

കണ്ണാടി നന്നാവണം

വാഹനങ്ങളുടെ രണ്ട് ഭാഗത്തും മധ്യഭാഗത്തുമുള്ള കണ്ണാടികള്‍ കൃത്യതയോടെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. പൊട്ടിയതും മങ്ങലേറ്റതുമായ കണ്ണാടികളില്‍ പിറകില്‍വരുന്ന വാഹനങ്ങളുടെ വ്യക്തമായ കാഴ്ച ലഭിക്കില്ല. ആറുവരിപ്പാതയില്‍ ട്രാക്കുകള്‍ മാറുന്നതിന് ഈ മൂന്ന് കണ്ണാടികളിലെയും കാഴ്ച പ്രധാനമാണ്.

ജാഗ്രതയോടെ ഇന്‍ഡിക്കേറ്റര്‍

ഇന്‍ഡിക്കേറ്ററുകളെല്ലാം കൃത്യമായി ഉപയോഗിച്ചാണ് പാതയില്‍ വാഹനമോടിക്കേണ്ടത്. അലക്ഷ്യമായി ട്രാക്ക് മാറുന്നതോടെ പിറകില്‍ വരുന്ന വാഹനം കൂട്ടിയിടിക്കാന്‍ സാധ്യത ഏറെയാണ്. കേടുവന്ന ഇന്‍ഡിക്കേറ്ററുകള്‍ അടിയന്തരമായി നന്നാക്കണം.

ടയര്‍ മൊട്ടയാവരുത്

വാഹനങ്ങളുടെ ടയറുകളുടെ കാര്യക്ഷമത നിര്‍ബന്ധമായും ഉറപ്പുവരുത്തണം. പഴക്കമുള്ളതും തേഞ്ഞതുമായ ടയറുകള്‍ ഉപയോഗിച്ച് വേഗതയിലോടുന്നത് വലിയ അപകടത്തിന് ഇടയാക്കും.

ഇവിടെയും വളവ് ഉണ്ട്

പുതിയ പാതയിലും ചിലയിടങ്ങളില്‍ വളവുകളുണ്ട്. ഇത് ശ്രദ്ധിക്കാഞ്ഞാല്‍ അതിവേഗതയിലെത്തുന്ന ചെറിയകാറുകളും വലിയലോറികളടക്കമുള്ള വാഹനങ്ങളും നിയന്ത്രണംവിട്ട് റോഡില്‍ മറിയാന്‍ സാധ്യതയുണ്ട്. വളവുകളെത്തുന്നതോടെ വേഗം കുറയ്ക്കുന്നതാണ് ഉചിതം.

മഴക്കാലത്ത് തെന്നിപ്പോകാം

ശക്തമായ മഴപെയ്യുന്ന സമയങ്ങളില്‍ പലയിടങ്ങളിലും വന്‍തോതില്‍ വെള്ളക്കെട്ട് ഉണ്ടാകുന്നുണ്ട്. വേഗത്തിലെത്തുന്ന വാഹനം വെള്ളക്കെട്ടില്‍ തെന്നി നിയന്ത്രണംവിടാന്‍ സാധ്യതയുള്ളതിനാല്‍ മഴയുള്ള സമയങ്ങളില്‍ ജാഗ്രത പുലര്‍ത്തണം. മഴ അവസാനിച്ചെങ്കിലും പാതയിലെ വെള്ളം ഒഴുകിപ്പോകുന്നതിന് സമയമെടുക്കുന്നതിനാല്‍ വേഗത നിയന്ത്രിച്ച് പോകുന്നതാണ് ഉചിതം.

വഴി അടച്ചതും തിരിയുന്നതും നോക്കിയിരിക്കണം

പണിപൂര്‍ത്തിയാകാത്ത സ്ഥലങ്ങളില്‍ കോണ്‍ക്രീറ്റ് ഡിവൈഡറുകള്‍ സ്ഥാപിച്ച് റോഡ് അടച്ചിട്ടുണ്ട്. വേഗതയിലെത്തുന്ന വാഹനങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഡിവൈഡറുകളില്‍ ഇടിക്കാനും പൈട്ടന്ന് വാഹനം നിര്‍ത്താനോ വെട്ടിക്കുന്നതിനോ ശ്രമിച്ചാല്‍ അപകടത്തില്‍പ്പെടാനും സാധ്യതയുണ്ട്.

റോഡ് മുറിച്ചു കടക്കല്ലേ

കാല്‍നടക്കാര്‍ ആറുവരിപ്പാത മുറിച്ചുകടക്കുന്നത് പൂര്‍ണമായും ഒഴിവാക്കണം. ഡിവൈഡറുകളുടെയും എക്സിറ്റുകളുടെയും പണി പൂര്‍ത്തിയാകാത്ത സ്ഥലങ്ങളില്‍ ചെറിയ വിടവുകളിലൂടെ ആറുവരിപ്പാതയിലൂടെ കാല്‍നടയാത്രക്കാര്‍ റോഡ് മുറിച്ചുകടക്കുന്നുണ്ട്. ഇത് അവസാനിപ്പിക്കണം.

വണ്ടിക്കൊത്ത വേഗത

നമ്മുടെ വാഹനത്തിന്റെ കപ്പാസിറ്റിക്ക് അനുസരിച്ചാണ് വേഗത നിശ്ചയിക്കേണ്ടത്. എല്ലാ വാഹനങ്ങളും 100-120 സ്പീഡില്‍ ഏറെ നേരം ഓടിക്കാന്‍ സാധിക്കുന്നവയല്ലെന്ന് ഡ്രൈവര്‍മാരും വാഹനയുടമകളും ഓര്‍മിക്കണം.
 

ജീവന്‍കാക്കാന്‍ വേണം പുതിയ സംസ്‌കാരം

പുതിയ ഡ്രൈവിങ് സംസ്‌കാരമാണ് പുതിയപാതയില്‍ ഓരോരുത്തര്‍ക്കും ഉണ്ടാവേണ്ടതെന്നാണ് വാഹനവകുപ്പ് ഓര്‍മിപ്പിക്കുന്നത്. പാതയുടെ പണി പൂര്‍ത്തിയാകുന്നതോടെ നിയമങ്ങളും പിഴ ഈടാക്കുന്നതടക്കമുള്ള ശിക്ഷകളും കര്‍ശനമാക്കുമെന്നും വാഹനവകുപ്പ് സൂചന നല്‍കുന്നുണ്ട്.