മഹാമാരി ഉള്‍പ്പെടെ ലോകം നേരിട്ടിരുന്ന പ്രതിസന്ധിയില്‍ നിന്ന് പ്രതീക്ഷകളിലേക്ക് നടന്നുകയറിയ വര്‍ഷമായിരുന്നു 2023. കോവിഡ് പ്രതിസന്ധിയില്‍ നിന്ന് എല്ലാ മേഖലകളിലുമുണ്ടായ ഉയര്‍ത്തെഴുന്നേല്‍പ്പ് വാഹന മേഖലയിലും ഉണ്ടായിട്ടുണ്ട്. പുതിയ കമ്പനികള്‍ ഇന്ത്യയിലേക്ക് എത്തിയതും, നിലവിലെ മോഡലുകളില്‍ കൂടുതല്‍ സംവിധാനങ്ങളോട് മുഖംമിനുക്കി എത്തിയതും ഇന്ത്യന്‍ നിര്‍മിത വാഹനങ്ങള്‍ ഇന്ത്യയില്‍ വലിയ സ്വീകാര്യത ലഭിച്ചതുമെല്ലാം വാഹന മേഖലയില്‍ സംഭവിച്ചിട്ടുള്ള നേട്ടങ്ങളില്‍ ചിലതാണ്.

To advertise here,

കോവിഡ് പ്രതിസന്ധി അകന്നതോടെ ആളുകള്‍ വാഹനങ്ങള്‍ സ്വന്തമാക്കാന്‍ മത്സരിച്ചത് വിപണിയിലും പ്രകടമായിരുന്നു. വിരലിലെണ്ണാവുന്ന വാഹന നിര്‍മാതാക്കളെ ഒഴിച്ച് നിര്‍ത്തിയാല്‍ എല്ലാ വാഹന നിര്‍മാതാക്കളും വര്‍ഷം മുഴുവന്‍ വില്‍പ്പന നേട്ടവും ഉണ്ടാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഉത്സവകാലത്തെ വില്‍പ്പന മാത്രം പരിശോധിച്ചാല്‍ വാഹനമേഖലയിലെ കുതിപ്പ് അടുത്തറിയാം. ഉത്സവകാലത്തെ 42 ദിവസം കൊണ്ട് വിവിധ ശ്രേണികളിലേതായി 37.93 ലക്ഷം വാഹനങ്ങളാണ് രാജ്യത്തുടനീളം വിറ്റഴിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. വില്‍പ്പനയ്ക്ക് പുറമെ, ഇന്ത്യന്‍ വാഹന വിപണിക്ക് 2023 സമ്മാനിച്ച ഏതാനും നേട്ടങ്ങള്‍ അടുത്തറിയാം.

കരകയറിയ വര്‍ഷം

ഇന്ത്യയുടെ വാഹനമേഖലയ്ക്ക് പൊതുവെ നല്ല വര്‍ഷമായിരുന്നു 2023. ഒരുകൂട്ടം മികച്ച വാഹനങ്ങളാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ വിപണിയില്‍ ഇറങ്ങിപ്പോയത്. ടൊയോട്ട-മാരുതി കൊടുക്കല്‍വാങ്ങലില്‍ ഒരുങ്ങിയ ഇന്നോവ ഹൈക്രോസ്-ഇന്‍വിക്ടോ വാഹനങ്ങള്‍, കാര്‍ ഓഫ് ദി ഇയര്‍ അംഗീകാരം ലഭിച്ച ഹ്യുണ്ടായി എക്സ്റ്റര്‍, വര്‍ഷങ്ങള്‍ കാത്തിരുന്നെത്തിയ മാരുതി സുസുക്കി ജിമ്നി, ഹോണ്ടയില്‍ നിന്നുള്ള ആദ്യ എസ്.യു.വി. എലിവേറ്റ്, ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് വാഹനമായ എം.ജി.കോമറ്റ് ഇ.വി. എന്നിവയെല്ലാം 2023-ന്റെ സംഭാവനകളാണ്.

2023-ലെ ഇന്ത്യന്‍ ഹീറോകള്‍

മാരുതി സുസുക്കി ജിമ്നി

കടന്നുപോകുന്ന ഈ വര്‍ഷം ഏറ്റവുമധികം ആഘോഷിക്കപ്പെട്ട വാഹനം ഒരുപക്ഷെ, മാരുതി സുസുക്കി ജിമ്നി എന്ന ലൈഫ് സ്‌റ്റൈല്‍ എസ്.യു.വിയായിരിക്കും. പല കാരണങ്ങള്‍ കൊണ്ട് ഈ വാഹനം സ്പെഷ്യലായിരുന്നു എന്നുപറയാം. ഇന്ത്യന്‍ നിരത്തുകളില്‍ പതിറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടാനുണ്ടായിരുന്ന ജിപ്സിയുടെ പകരക്കാരനായി എത്തിയതാണ് പ്രധാനമായി ഈ വാഹനത്തിന് ഹീറോ പരിവേഷം കിട്ടാന്‍ പ്രധാന കാരണം. ഇതിനൊപ്പം, ആളുകള്‍ക്ക് വലിയ കാത്തിരിപ്പ് സമ്മാനിക്കാന്‍ ജിമ്നി എന്ന ഈ വാഹനത്തിന് കഴിഞ്ഞുവെന്നതും സ്വീകാര്യത ഇരട്ടിയാകാന്‍ കാരണമായിട്ടുണ്ട്.

ജിമ്നി എന്ന വാഹനം ആദ്യമായി ഓടിച്ചതും പുതിയ അനുഭവമായിരുന്നു. ഉത്തരാഖണ്ഡിലെ ഡെഹ്റാഡൂണില്‍ വെച്ചായിരുന്നു ഈ വാഹനം ഓടിച്ചത്. റോഡിലൂടെയുള്ള ഡ്രൈവിങ്ങ് കുറവും പുഴയിലൂടെയുള്ള ഡ്രൈവിങ്ങ് കൂടുതലുമായിരുന്നു. കാരണം ഇത് ഓഫ് റോഡ് വാഹനമാണല്ലോ. റോഡിലൂടെയുള്ള ഈ വാഹനത്തിന്റെ പെര്‍ഫോമെന്‍സിനെക്കാള്‍ ഓഫ് റോഡിലെ കരുത്താണ് ഈ വാഹനത്തെ ഹിറ്റാക്കുന്നത്. സുസുക്കിയുടെ ഓള്‍ ഗ്രിപ്പ് സംവിധാനവും മാരുതിയുടെ നാല് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍്സമിഷനും ഇത്രകണ്ട് ഇണങ്ങുന്ന വേറെ ഏത് വാഹനമുണ്ട്...?

ഹൈക്രോ-ഇന്‍വിക്ടോ

മാരുതി സുസുക്കി-ടൊയോട്ട മോഡലുകളുടെ കൊടുക്കല്‍ വാങ്ങലിലെ ഏറ്റവും മികച്ച മോഡലുകളാണ് ഇവ രണ്ടും. 2023-ന്റെ സംഭാവനയായ ഈ വാഹനങ്ങള്‍ മാരുതിക്ക് ഹൈബ്രിഡിലേക്കുള്ള വഴിയൊരുക്കുകയും ടൊയോട്ടയ്ക്ക് എക്കാലത്തേയും മികച്ച ബുക്കിങ്ങും വില്‍പ്പനയും നേടി കൊടുക്കുകയും ചെയ്ത വാഹനങ്ങളാണ്. ഈ രണ്ട് മോഡലുകള്‍ക്കും ഇപ്പോഴും ഒരു വര്‍ഷത്തിലധികമുള്ള ബുക്കിങ് കാലാവധി പോലും ഹൈക്രോസിനും ഇന്‍വിക്ടോയിക്കും ലഭിച്ച സ്വീകാര്യതയുടെ നേര്‍സാക്ഷ്യമാണ്.

ഇന്നോവ എന്ന ബ്രാന്റ് വര്‍ഷങ്ങളായി തുടരുന്ന വിജയത്തിന്റെ ആവര്‍ത്തനമായിരുന്നു ടൊയോട്ടയ്ക്ക് ഹൈക്രോസിലൂടെ ലഭിച്ചത്. എന്നാല്‍, മാരുതിക്ക് പുതിയ സാങ്കേതികവിദ്യയിലേക്കുള്ള ചുവടുവയ്പ്പാണ് ഹൈക്രോസിന്റെ റീബാഡ്ജിങ്ങ് മോഡലായ ഇന്‍വിക്ടോ സമ്മാനിച്ചത്. മാരുതി സുസുക്കിയില്‍ നിന്ന് ആദ്യമായി എത്തുന്ന സ്ട്രോങ്ങ് ഹൈബ്രിഡ് വാഹനം എന്നായിരുന്നു ഇന്‍വിക്ടോയുടെ വിപണന വാക്യം. ഹൈക്രോസ് നാല് വേരിയന്റുകളില്‍ 18.82 ലക്ഷം രൂപ മുതല്‍ 30.26 ലക്ഷം രൂപ വരെ വിലയില്‍ എത്തുമ്പോള്‍ ഇന്‍വിക്ടോ മൂന്ന് വേരിയന്റുകളില്‍ 24.82 ലക്ഷം രൂപ മുതല്‍ 28.42 ലക്ഷം രൂപ വരെ വിലയിലാണ് എത്തിയത്.

ഹ്യുണ്ടായി എക്സ്റ്റര്‍

ഇന്ത്യന്‍ വാഹന വിപണിയിലെ ലേറ്റസ്റ്റ് ഹിറ്റ് എന്ന് വിശേഷിപ്പിക്കാവുന്ന വാഹനമാണ് എക്സ്റ്റര്‍. ഏറ്റവും ചുരുങ്ങിയ നാളുകള്‍ക്കൊണ്ട് ഒരുലക്ഷം ബുക്കിങ്, ഇന്ത്യന്‍ കാര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് തുടങ്ങിയവ ചുരുങ്ങിയ കാലയളവില്‍ ഈ വാഹനത്തെ തേടി എത്തിയിരുന്നു. മൈക്രോ എസ്.യു.വി. ശ്രേണിയില്‍ എത്തിയിട്ടുള്ള ഈ വാഹനം ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ടാണ് കുടുംബങ്ങളുടെ വാഹനം എന്ന സ്റ്റാറ്റസ് സ്വന്തമാക്കിയത്. എതിരാളികള്‍ കുറവുള്ള മൈക്രോ എസ്.യു.വി. ശ്രേണിയില്‍ ടാറ്റ പഞ്ചുമായാണ് എക്സ്റ്ററിന്റെ മത്സരം.

ഹോണ്ട എലിവേറ്റ്

ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വാഹന വിപണിയായാണ് ഇന്ത്യയെ കണക്കാക്കുന്നത്. ഇവിടെ കേവലം രണ്ട് മോഡലുകളുമായി മാത്രം പിടിച്ചുനിന്ന കമ്പനിയാണ് ഹോണ്ട. ഒന്ന് ഇരുട്ടിവെളുക്കുമ്പോഴേക്കും സ്റ്റാറ്റസ് മാറുന്നത് പോലെയാണ് എലിവേറ്റ് വന്നതോടെ ഹോണ്ടയ്ക്കുണ്ടായ മാറ്റം. ഹോണ്ടയുടെ ഇന്ത്യയുടെ വാഹനനിരയില്‍ ആദ്യമായി എത്തിയ വാഹനമായിരുന്നു എലിവേറ്റ്. പേര് പോലെ തന്നെ ഹോണ്ടയുടെ മൊത്ത വില്‍പ്പനയെ എലിവേറ്റ് ചെയ്യാന്‍ ഈ ഒറ്റ മോഡലിന് സാധിച്ചുവെന്നതാണ് ഹോണ്ടയ്ക്ക് 2023-ല്‍ ഉണ്ടായ പ്രധാന നേട്ടം.

സിട്രോണ്‍ സി 3 എയര്‍ക്രോസ്

ഇന്ത്യന്‍ വിപണിയില്‍ ഒരുവര്‍ഷം ഒരു വാഹനം എന്ന സ്ട്രാറ്റജിയാണ് ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണ്‍ പാലിച്ച് പോരുന്നത്. എന്നാല്‍, 2023-ല്‍ വിപണി അനുകൂലമായത് പരിഗണിച്ച് രണ്ട് മോഡലുകളാണ് എത്തിയത്. ഇതില്‍ ഒന്നാണ് സിട്രോണ്‍ സി3 എയര്‍ക്രോസ് എന്ന മിഡ്-സൈസ് എസ്.യു.വി. ഏറ്റവും കുറഞ്ഞ വിലയില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയിട്ടുള്ള മിഡ്-സൈസ് എസ്.യു.വി. എന്നതായിരുന്നു ഈ വാഹനത്തിന്റെ സവിശേഷതയായി നിര്‍മാതാക്കള്‍ ഉയര്‍ത്തിക്കാട്ടിയത്. അഞ്ച്, ഏഴ് സീറ്റിങ്ങ് ഓപ്ഷനുകളില്‍ എത്തിയിട്ടുള്ള ഈ വാഹനവും 2023-ല്‍ ഇന്ത്യന്‍ വാഹന ലോകത്തിന് ഒരു നേട്ടമായാണ് കണക്കാക്കുന്നത്.

എം.ജി.കോമറ്റ് ഇ.വി

എം.ജി. മോട്ടോഴ്സും ഒരുവര്‍ഷം ഒരു മോഡല്‍ എന്ന കണക്കില്‍ വാഹനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിട്ടുണ്ട്. എല്ലാ മോഡലുകളും തരക്കേടില്ലാതെ പ്രകടനം കാഴ്ചവയ്ക്കുമ്പോഴാണ് എം.ജിയുടെ വാഹനശ്രേണിയിലെ രണ്ടാമത്തെ ഇലക്ട്രിക് മോഡലായ കോമറ്റ് ഇ.വി. എന്ന മോഡല്‍ എത്തിച്ചത്. എം.ജി. മോട്ടോഴ്സിന്റെ എല്ലാ മോഡലുകള്‍ക്കും എന്തെങ്കിലും സവിശേഷതകള്‍ അവകാശപ്പെടാനുണ്ട്. കോമറ്റ് ഇ.വിയേയും ഇക്കാര്യത്തില്‍ മാറ്റിനിര്‍ത്താന്‍ സാധിക്കില്ല. ഇന്ത്യയിലെ ഏറ്റവും വലിപ്പം കുറഞ്ഞതും ഏറ്റവും വില കുറഞ്ഞതുമായ ഇലക്ട്രിക് വാഹനം എന്ന സവിശേഷതകള്‍ ഉയര്‍ത്തിക്കാട്ടിയാണ് കോമറ്റ് ഇ.വിയെ വിപണിയില്‍ അവതരിപ്പിച്ചത്.

ഇന്ത്യയുടെ പ്രീമിയം വിപണി

ഇന്ത്യന്‍ വാഹന വിപണിയില്‍ രാജ്യാന്തര തലത്തില്‍ പോലും വലിയ രീതിയില്‍ ശ്രദ്ധനേടിയിട്ടുണ്ട്. ഇതിന്റെ പ്രധാന തെളിവുകളാണ് കഴിഞ്ഞ പോകുന്ന വര്‍ഷം മാത്രം ഇന്ത്യയില്‍ പ്രവേശിച്ച ആഡംബര വാഹന നിര്‍മാതാക്കള്‍. ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളായ മക്​ലാരനാണ് കഴിഞ്ഞ വര്‍ഷം എത്തിയതില്‍ സുപ്രധാന കമ്പനി. മുംബൈയിലാണ് മക്ലാരന്റെ വിതരണവും സര്‍വീസും ഉള്‍പ്പെടെ ഉറപ്പാക്കുന്ന ഷോറൂം ആരംഭിച്ചിരിക്കുന്നത്. മക്ലാരന്‍ 765 എല്‍.ടി. ഉള്‍പ്പെടെയുള്ള വാഹനങ്ങളാണ് ഇവിടെ ആദ്യ വിതരണത്തിനായി എത്തിച്ചതും.

2023-ന്റെ അവസാനത്തില്‍ മറ്റൊരു ബ്രിട്ടീഷ് ആഡംബര വാഹന നിര്‍മാതാക്കള്‍ കൂടി ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചിട്ടുണ്ട്. ഫോര്‍മുല വണ്‍ ട്രാക്കില്‍ ഉള്‍പ്പെടെ പയറ്റിതെളിഞ്ഞ ലോട്ടസ് കാര്‍സാണ് വര്‍ഷാവസാനം ഇന്ത്യയില്‍ എത്തിയ വിദേശ വാഹന നിര്‍മാതാവ്. ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമെത്തിക്കുന്ന ലോട്ടസ് എലെറ്റര്‍ എന്ന ഇലക്ട്രിക് എസ്.യു.വിയാണ് ഇന്ത്യക്കായി ആദ്യമെത്തിച്ചിരിക്കുന്നത്. ഇന്ത്യന്‍ വിപണിയിലെ ഏറ്റവും കരുത്തുള്ള ഇലക്ട്രിക് വാഹനം എന്ന ഖ്യാതി ലോട്ടസ് എലെറ്റര്‍ എന്ന വാഹനത്തിനാണ്.

പുതിയ കൂട്ടുകെട്ട്

ഇന്ത്യന്‍ നിരത്തുകളോട് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിടപടഞ്ഞ ഇരുചക്ര വാഹന നിര്‍മാതാക്കളാണ് അമേരിക്കന്‍ കമ്പനിയായ ഹാര്‍ളി ഡേവിഡ്സണ്‍. എന്നാല്‍, ഏറെ വൈകാതെ തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോയുമായി ഇവര്‍ സഹകരണം പ്രഖ്യാപിക്കുകയും ചെയ്തു. നിലവിലെ ഹാര്‍ളി ബൈക്ക് ഉപയോക്താക്കള്‍ക്കുള്ള ആഫ്സ്റ്റര്‍ സെയില്‍സ് സര്‍വീസിന് വേണ്ടിയുള്ള കൂട്ടുകെട്ടാണെന്ന് വിധി എഴുതിയിടത്ത് നിന്ന് ഇരു കമ്പനികളും ചേര്‍ന്ന് പുതിയ ഒരു ബൈക്ക് നിരത്തിലെത്തിക്കുന്ന സാഹചര്യം വരെ ഉണ്ടായി. ഹീറോ-ഹാര്‍ളി കൂട്ടുകെട്ടില്‍ തീര്‍ത്ത എക്സ്440 എന്ന ബൈക്ക് നിരത്തുകളില്‍ എത്തിയതും ഈ 2023-ലാണ്.

ഹീറോ-ഹാര്‍ളി കൂട്ടുകെട്ട് പ്രഖ്യാപനത്തോളം തന്നെ പഴക്കമുള്ളതാണ് ബജാജ് ട്രയംഫ് ബന്ധവും. ഇരുകമ്പനികളും ചേര്‍ന്ന് ഒരുക്കുന്ന ബൈക്കുകള്‍ എത്തുന്നുവെന്ന വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടതും ഇതേ 2023-ല്‍ തന്നെയാണ്. 2020-ലാണ് ബ്രീട്ടിഷ് ബൈക്ക് നിര്‍മാതാക്കളായ ട്രയംഫും ബജാജും തമ്മില്‍ സഹകരണം പ്രഖ്യാപിക്കുന്നത്. കോവിഡ് ഉള്‍പ്പെടെയുള്ള പ്രതിസന്ധികളില്‍ ഇരുകമ്പനികളും ചേര്‍ന്നുള്ള വരവ് നീണ്ടുപോയെങ്കിലും ഒന്നിന് പകരം രണ്ട് മോഡലുകള്‍ വിപണിയില്‍ എത്തിച്ചാണ് ഈ കമ്പനികള്‍ 2023-നെ സമ്പന്നമാക്കിയത്.

രണ്ടാം ഘട്ടത്തിലേക്ക് കടന്ന ബി.എസ്.6

വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണ തോത് കുറയ്ക്കുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ ഭാരത് സ്റ്റേജ് 6 നിലവാരത്തിലുള്ള വാഹനങ്ങള്‍ നിര്‍ബന്ധമാക്കിയത് 2020-ലാണ്. കാര്‍ബണ്‍ മോണോക്സൈഡ്, ഹൈഡ്രോകാര്‍ബണ്‍, നൈട്രക്സ് ഓക്സൈഡ് എന്നിവ പുറന്തള്ളുന്നത് കുറയ്ക്കുമെന്നതാണ് ബി.എസ്.6 മാനദണ്ഡം പാലിക്കുന്ന എന്‍ജിനുകളുടെ സവിശേഷതയായി കണക്കാക്കുന്നത്. ഇത് പ്രാബല്യത്തില്‍ വരുത്തിയതോടെ നിരവധി വാഹന നിര്‍മാതാക്കള്‍ ഡീസല്‍ എന്‍ജിനുകളിലുള്ള വാഹനങ്ങളുടെ ഉത്പാദനം അവസാനിപ്പിച്ചിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ബി.എസ്.6 രണ്ടാം ഘട്ടത്തിലേക്ക് കടന്നത് 2023 ആണ്.

2023 ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്ന വാഹനങ്ങള്‍ ഭാരത് സ്റ്റേജ് 6 ഫേസ് 2 മാനദണ്ഡം പാലിച്ചുള്ളവയായിരിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ബി.എസ്.6 നിലവാരത്തില്‍ നിന്ന് ഇതിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടന്നതിന്റെ പ്രധാനമാറ്റം വാഹനത്തില്‍ തന്നെ മലിനീകരണ തോത് അറിയാന്‍ സാധിക്കുമെന്നതാണ്. മുന്‍ മോഡലില്‍ ടെസ്റ്റിങ് ഏജന്‍സിയെ ആശ്രയിച്ചാണ് ഇത് അറിഞ്ഞിരുന്നതെങ്കില്‍ 2023 ഏപ്രില്‍ ഒന്നിന് ശേഷമെത്തിയ വാഹനങ്ങളില്‍ ഓണ്‍ ബോര്‍ഡ് ഡയഗനോസ്റ്റിക്സ് സംവിധാനം ഒരുക്കിയിട്ടുണ്ട്.

ഇന്ത്യയുടെ ഇടിപ്പരീക്ഷ

ഇന്ത്യന്‍ നിര്‍മിത സുരക്ഷിത വാഹനമെന്നത് നാളുകളായി രാജ്യത്തിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. വിദേശ രാജ്യങ്ങളിലെ ക്രാഷ് ടെസ്റ്റുകളില്‍ നിന്നാണ് ഇന്ത്യയിലെ വാഹനങ്ങളുടെ ഉറപ്പിനുള്ള റേറ്റിങ്ങ് നല്‍കിയിരുന്നത്. എന്നാല്‍, ക്രാഷ് ടെസ്റ്റിനുള്ള ഇന്ത്യയിലുടെ സ്വന്തം സംവിധാനം എന്ന നാളേറയായുള്ള ഇന്ത്യയുടെ ലക്ഷ്യം ഫലംകണ്ടത് ഈ 2023-ലാണ്. ഭാരത് എന്‍ക്യാപ് ക്രാഷ് ടെസ്റ്റ് എന്ന പേരിലാണ് ഇന്ത്യയുടെ സ്വന്തം വാഹന ഇടിപ്പരീക്ഷ സംവിധാനം സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.

2023 ഓഗസ്റ്റിലാണ് ഭാരത് എന്‍ക്യാപ് ആദ്യമായി പ്രഖ്യാപിക്കുന്നത്. ഇതിനുപിന്നാലെ ഒക്ടോബറില്‍ ഈ പദ്ധതി ഉദ്ഘാടനം ചെയ്യുകയും ചെയ്തിരുന്നു. ഒടുവില്‍ ഡിസംബര്‍ 15-ാം തീയതി ഇന്ത്യയുടെ സ്വന്തം ഇടിപരീക്ഷയും നടന്നു. ആദ്യമായി പരീക്ഷണത്തിന് ഇറങ്ങിയത് ഇന്ത്യയുടെ സ്വന്തം വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സിന്റെ ഹാരിയര്‍, സഫാരി എന്നീ എസ്.യു.വികളായിരുന്നു. ഈ രണ്ട് മോഡലുകളും ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് നേടിയത് ഭാരത് എന്‍ക്യാപ് ക്രാഷ് ടെസ്റ്റിന് അഭിമാനകരമായ തുടക്കമാണ് സമ്മാനിച്ചത്.

സുരക്ഷ ഉറപ്പാക്കാന്‍ എ.ഐ.ക്യാമറ

അപകട രഹിതമായ ഗതാഗത സംവിധാനം ഉറപ്പാക്കുന്നതിനും ട്രാഫിക് നിയമലംഘനങ്ങള്‍ കുറയ്ക്കുന്നതിനായുമായി കേരളത്തില്‍ ഉടനീളം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ സ്ഥാപിച്ചത് കേരളത്തിലെ ഗതാഗത മേഖലയില്‍ വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. മുമ്പ് മുതല്‍ സ്ഥാപിച്ച് തുടങ്ങിയതിട്ടുണ്ടെങ്കിലും ഇത് പൂര്‍ണമായും ഉപയോഗിച്ച് തുടങ്ങിയത് 2023-ലാണ് സീറ്റ്ബെല്‍റ്റ് ഇടാതെയുള്ള കാര്‍ യാത്ര, ഹെല്‍മറ്റ് വയ്ക്കാതെയുള്ള ടൂ വീലര്‍ യാത്ര, ഡ്രൈവിങ്ങിനിടയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം തുടങ്ങിയവയെല്ലാമാണ് പ്രധാനമായും ക്യാമറയില്‍ പതിയുന്നത്.

സംസ്ഥാനത്ത് ഉടനീളം 726 എ.ഐ. ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. നിയമലംഘനം കണ്ടെത്തുന്ന ക്യാമറയില്‍നിന്നുള്ള ദൃശ്യം തിരുവനന്തപുരത്തുള്ള സെന്‍ട്രല്‍ കണ്‍ട്രോള്‍ റൂമിലാണ് ആദ്യം എത്തുന്നത്. അവിടെനിന്ന് ജില്ലാ കണ്‍ട്രോള്‍ റൂമിലേക്ക് വിവരങ്ങള്‍ കൈമാറും. തുടര്‍ന്ന് ഉടമകളുടെ മേല്‍വിലാസത്തിലേക്ക് നോട്ടീസ് എത്തും. വാഹനം രജിസ്റ്റര്‍ ചെയ്തപ്പോള്‍ നല്‍കിയ ഫോണ്‍ നമ്പറിലേക്ക് പിഴ സംബന്ധിച്ച വിവരം സന്ദേശമായും ലഭിക്കുകയും ചെയ്യുന്നതാണ് ക്യാമറയില്‍ ഒരുക്കിയിട്ടുള്ള സംവിധാനം.