ഓഫ്-റോഡ് എസ്യുവിയായ ജിംനി 5-ഡോറിലൂടെ സുപ്രധാന നേട്ടം സ്വന്തമാക്കി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. 2023-ൽ ആരംഭിച്ച വാഹനത്തിന്റെ കയറ്റുമതി ഒരു ലക്ഷം യൂണിറ്റുകൾ പിന്നിട്ടു. ഇന്ത്യയിൽ മാത്രം നിർമിക്കുന്ന ഈ എസ്യുവി, അന്താരാഷ്ട്ര വിപണികളിൽ ഏറ്റവും ആവശ്യക്കാരുള്ള 4x4 മോഡലുകളിലൊന്നായി അതിവേഗം മാറി. ലോകോത്തര വാഹന നിർമാണത്തിന്റെ കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ വളരുന്ന പങ്ക് ഊട്ടിയുറപ്പിക്കുന്നതാണിത്.
ജപ്പാൻ, മെക്സിക്കോ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ചിലി തുടങ്ങിയ പ്രധാന വിപണികൾ ഉൾപ്പെടെ 100-ലധികം രാജ്യങ്ങളിലേക്ക് ജിംനി 5-ഡോർ നിലവിൽ കയറ്റുമതി ചെയ്യുന്നുണ്ട്. ഇവയാണ് അതിന്റെ പ്രധാന അഞ്ച് വിപണികൾ. ഈ നേട്ടത്തോടെ മാരുതി സുസുക്കിയുടെ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന രണ്ടാമത്തെ മോഡലായി ഇത് മാറി. ഫ്രോങ്ക്സാണ് ഒന്നാമത്.
ഇന്ത്യയിൽ അവതരിപ്പിച്ച് അധികം വൈകാതെ ജിംനി 5-ഡോർ കയറ്റുമതി ചെയ്യാൻ തുടങ്ങി. ഈ വർഷം ആദ്യം "ജിംനി നൊമാഡ്" എന്ന പേരിൽ ജപ്പാനിൽ എത്തിയപ്പോൾ വൻ പ്രതികരണമാണ് വാഹനത്തിന് ലഭിച്ചത്. പുറത്തിറക്കി ദിവസങ്ങൾക്കുള്ളിൽ 50,000-ത്തിലധികം ബുക്കിങ്ങുകളും നേടാനായി.
ഓൺ-റോഡിലും ഓഫ്-റോഡിലും മികച്ച പ്രകടനം നൽകുന്നതിനായി രൂപകൽപ്പന ചെയ്ത ജിംനി 5-ഡോർ, ലാഡർ-ഫ്രെയിം ഷാസിയിലാണ് നിർമിച്ചിരിക്കുന്നത്. സുസുക്കിയുടെ ഓൾഗ്രിപ്പ് പ്രോ (4WD) സംവിധാനവും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. 1.5 ലിറ്റർ പെട്രോൾ എൻജിനാണ് ഇതിന് കരുത്തേകുന്നത്.
2025-26 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ (H1) കമ്പനി രണ്ട് ലക്ഷത്തിലധികം വാഹനങ്ങൾ കയറ്റുമതി ചെയ്തു. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 40 ശതമാനം വളർച്ചയും കമ്പനിയുടെ എക്കാലത്തെയും ഉയർന്ന അർധവാർഷിക കയറ്റുമതിയുമാണ്. ഇന്ത്യയുടെ പാസഞ്ചർ വാഹന കയറ്റുമതിയിൽ 46 ശതമാനം വിപണി വിഹിതവുമായി മാരുതി സുസുക്കി രാജ്യത്തെ വാഹന കയറ്റുമതിയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു.
മാരുതി സുസുക്കിയുടെ കയറ്റുമതി പ്രകടനം (യൂണിറ്റുകളിൽ)
- 2020–21: 96,139
- 2021–22: 2,38,376
- 2022–23: 2,59,333
- 2023–24: 2,38,067
- 2024–25: 3,32,585
Content Highlights: Maruti Suzuki`s Jimny 5-door SUV celebrates a major milestone, surpassing 1 lakh cumulative exports since 2023. Manufactured in India, it`s a sought-after 4x4 in over 100 countries.
Published: 23 Oct 2025, 07:55 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented