ലാൻഡ് റോവർ ഡിഫൻഡർ, മിനി കൺട്രിമാൻ ജെഎസ്ഡബ്ല്യു ഇലക്ട്രിക് എന്നീ വാഹനങ്ങൾ സ്വന്തമാക്കി ഒരു വർഷം പിന്നിടുന്നതിന് മുമ്പുതന്നെ തന്റെ വാഹന ശേഖരത്തിലേക്ക് മറ്റൊരു കരുത്തൻ മോഡൽ കൂടി എത്തിച്ചിരിക്കുകയാണ് മലയാളത്തിന്റെ യുവനടനായ ഉണ്ണി മുകുന്ദൻ. ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ ഏറ്റവും മികച്ച മോഡലുകളിൽ ഒന്നായ ഫൈവ് സീരീസാണ് അദ്ദേഹത്തിന്റെ ഗ്യാരേജിലെ പുതിയ വാഹനം.

To advertise here,

ഫൈവ് സീരീസിന്റെ ലോങ് വീൽബേസ് പതിപ്പായ 530 എൽഐ എം സ്‌പോർട്ടാണ് ഉണ്ണി മുകുന്ദൻ തിരഞ്ഞെടുത്തിരിക്കുന്നത്. ഏകദേശം 73 ലക്ഷം രൂപയോളമാണ് ഈ ആഡംബര സെഡാൻ മോഡലിന്റെ എക്‌സ്‌ഷോറൂം വില. കേരളത്തിലെ ബിഎംഡബ്ല്യു വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റിൽ നിന്നാണ് അദ്ദേഹം ഈ വാഹനം സ്വന്തമാക്കിയിരിക്കുന്നത്. ഫൈറ്റോണിക് ബ്ലൂ മെറ്റാലിക് നിറത്തിലാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്.

ഫൈവ് സീരീസ് വാഹനനിരയിൽ ഈയൊരു പതിപ്പ് മാത്രമാണ് ഇപ്പോൾ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്നത്. റെഗുലർ ഫൈവ് സീരീസിനെക്കാൾ വലിപ്പം തന്നെയാണ് ലോങ് വീൽബേസ് മോഡലിന്റെ പ്രധാന സവിശേഷത. 5175 എം.എം. നീളം, 1900 എം.എം. വീതി, 1520 എം.എം. ഉയരം എന്നിങ്ങനെയായിരിക്കും ഈ വാഹനത്തിന്റെ അളവുകൾ. 3105 എംഎം വീൽബേസാണ് ഇതിലുള്ളത്.

ബി.എം.ഡബ്ല്യുവിന്റെ മാട്രിക്‌സ് എൽഇഡി അഡാപ്റ്റീവ് ട്വിൻ ഹെഡ്ലാമ്പ്, കിഡ്‌നി ഷേപ്പ് ഗ്രില്ല് എന്നിവയാണ് ഫൈവ് സീരീസിലും അഴകേകുന്നത്. എൽ.ഇ.ഡിയിൽ തീർത്തിരിക്കുന്ന ഡി.ആർ.എൽ, ടേൺ ഇന്റിക്കേറ്റർ എന്നിവയുടെ ഡിസൈൻ കൂടുതൽ ആകർഷകമാക്കുന്നു. എൽ ഷേപ്പിലാണ് എൽ.ഇ.ഡി. ടെയ്ൽലാമ്പ് ഒരുക്കിയിരിക്കുന്നത്. ക്രോമിയം അലങ്കാരങ്ങളും വാഹനത്തിന്റെ പല ഭാഗത്തായും നൽകിയിട്ടുണ്ട്.

ഇന്റീരിയർ ഡിസൈനിൽ റെഗുലർ ഫൈവ് സീരീസിന് സമാനമാണ് ലോങ് വീൽബേസ് പതിപ്പും. 12.3 ഇഞ്ച് വലിപ്പമുള്ള ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, 14.9 ഇഞ്ച് വലിപ്പത്തിൽ നൽകിയിട്ടുള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, ഫ്ളാറ്റ്ബോട്ട് മൾട്ടി ഫങ്ഷൻ സ്റ്റിയറിങ്ങ് വീൽ, ഡ്യുവൽ വയർലെസ് ചാർജിങ്ങ് പാഡുകൾ, പ്രീമിയം ഭാവം നൽകുന്ന ആംബിയന്റ് ലൈറ്റുകൾ, ഗ്ലാസിൽ തീർത്തിരിക്കുന്ന വൃത്താകൃതിയിലുള്ള ഡ്രൈവ് സെലക്ടർ എന്നിവയാണ് ഇന്റീരിയറിന് പ്രീമിയം ഭാവം നൽകുന്നത്.

ലോങ് വീൽബേസ് വാഹനത്തിന്റെ യാത്ര സുഖത്തിനൊപ്പം പെർഫോമൻസിനും പ്രാധാന്യം നൽകിയാണ് ഫൈവ് സീരീസ് ലോങ് വീൽബേസ് എത്തിയിരിക്കുന്നത്. 2.0 ലിറ്റർ ട്വിൻ പവർ ടർബോ നാല് സിലിണ്ടർ പെട്രോൾ എൻജിനാണ് ഇതിൽ പ്രവർത്തിക്കുന്നത്. ഈ എൻജിൻ 258 എച്ച്പി പവറും 400 എൻഎം ടോർക്കും നൽകും. ഇസഡ്.എഫിന്റെ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഇതിലുള്ളത്.