ഇന്ത്യൻ വാഹന വിപണിയിലെ എംപിവി എന്ന സെഗ്മെന്റ് രണ്ട് പതിറ്റാണ്ടിൽ അധികമായി ടൊയോട്ടയുടെ കൈകളിൽ ഭദ്രമാണ്. ഇന്നോവ എന്ന വാഹനമെത്തിച്ച് പിടിച്ചെടുത്ത എംപിവി ശ്രേണിയുടെ ആധിപത്യം ക്രിസ്റ്റയിലൂടെ ഉറപ്പിക്കുകയും ഹൈക്രോസിലൂടെ തുടരുകയും ചെയ്യുകയാണ് ടൊയോട്ട. ഈ മേധാവിത്വം ഒരിക്കൽ കൂടി ഉറപ്പിക്കുന്നതിനായി ഇന്നോവ ഹൈക്രോസിന്റെ മുഖംമിനുക്കിയ പതിപ്പ് വിപണിയിൽ എത്തിക്കുകയാണ് നിർമാതാക്കൾ.

To advertise here,

നവംബർ 25-നാണ് പുതിയ ഹൈക്രോസ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ശ്രദ്ധേയമായ ഡിസൈൻ മാറ്റങ്ങൾക്കും പുതുതലമുറ ഫീച്ചറുകൾക്കുമൊപ്പം മെക്കാനിക്കലായി വിപ്ലവകരമായ മാറ്റങ്ങളോടെയാണ് പുതിയ ഹൈക്രോസിന്റെ വരവ്. പെട്രോൾ, ഹൈബ്രിഡ് എന്നിവയ്ക്ക് പുറമേ ഫ്‌ളെക്‌സ് ഫ്യുവൽ വാഹനമായും ഹൈക്രോസ് എത്തുന്നുണ്ട്. E85 മുതൽ E100 വരെയുള്ള ഇന്ധനങ്ങൾ ഉൾക്കൊള്ളാൻ സാധിക്കുന്ന ഫ്‌ളെക്‌സ് ഫ്യുവൽ എംപിവിയായാണ് ഹൈക്രോസ് എത്തുന്നത്.

പെട്രോളിന്റെ ആവശ്യമില്ലാതെ പൂർണമായും എഥനോളിൽ ഓടുന്ന വാഹനമായി ഫ്ളെക്സ് ഫ്യുവൽ ഹൈക്രോസ് എത്തുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി മാസങ്ങൾക്ക് മുമ്പുതന്നെ പ്രഖ്യാപിച്ചിരുന്നു. ഇലക്ട്രിഫൈഡ് ഫ്ളെക്സ് ഫ്യുവൽ മോഡലായതിനാൽ തന്നെ വാഹനം ഓടുമ്പോൾ വൈദ്യുതി ഉത്പാദിപ്പിക്കാൻ കൂടി സാധിക്കുന്ന വാഹനമായിരിക്കും പുതിയ ഹൈക്രോസ് എന്നായിരുന്നു ഗഡ്കരിയുടെ വിശദീകരണം.

അടുത്തിടെ ഇൻഡൊനീഷ്യൻ വിപണികളിൽ ടൊയോട്ട എത്തിച്ച പുതിയ ഹൈക്രോസിന് സമാനമായ ഡിസൈനിലും ഫീച്ചറുകളിലുമായിരിക്കും ഹൈക്രോസിന്റെ ഇന്ത്യൻ പതിപ്പും എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിൽ പരീക്ഷണയോട്ടത്തിന് ഇറങ്ങിയ വാഹനങ്ങളുടെ ചിത്രങ്ങളിൽ നിന്ന് ഹെഡ്‌ലാമ്പ്, ഗ്രില്ല്, അലോയി വീൽ, ടെയ്ൽലാമ്പ് എന്നിവയിൽ കാര്യമായ അഴിച്ചുപണികൾ വരുത്തിയിട്ടുണ്ടെന്നാണ് സൂചന.

ഫ്‌ളെക്‌സ് ഫ്യുവൽ മോഡലാകുന്നത് ഒഴിച്ചുനിർത്തിയാൽ മറ്റ് മെക്കാനിക്കൽ സംവിധാനങ്ങളെല്ലാം നിലവിലെ ഹൈക്രോസിന് സമാനമാണ്. സെൽഫ് ചാർജിങ്ങ് സ്‌ട്രോങ്ങ് ഹൈബ്രിഡ് ഇലക്ട്രിക് സിസ്റ്റത്തിനൊപ്പം ടൊയോട്ട ന്യൂ ഗ്ലോബൽ ആർക്കിടെക്ചർ അടിസ്ഥാനമാക്കിയുള്ള 2.0 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എൻജിനാണ് ഹൈബ്രിഡ് മോഡലിൽ. ഇത് 186 പിഎസ് പവറും 206 എൻഎം ടോർക്കും നൽകും. ഇ-ഡ്രൈവ് വിത്ത് സീക്വൻഷ്യൽ ഷിഫ്റ്റ് ആണ് ഇതിലെ ട്രാൻസ്മിഷൻ.

ടി.എൻ.ജി.എ. 2.0 ലിറ്റർ നാല് സിലിണ്ടർ വി.വി.ടി.ഐ. പെട്രോൾ എൻജിനാണ് ഹൈക്രോസിന്റെ നോൺ ഹൈബ്രിഡ് പതിപ്പിൽ നൽകിയിട്ടുള്ളത്. 1987 സി.സിയിൽ 174 പിഎസ് പവറും 205 എൻഎം ടോർക്കുമാണ് റെഗുലർ മോഡലിന്റെ കരുത്ത്. സിവിടി ഗിയർബോക്‌സാണ് ഈ മോഡലിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്. ഹൈബ്രിഡ് മോഡൽ 21 കിലോമീറ്റർ ഇന്ധനക്ഷമത നൽകുമ്പോൾ റെഗുലർ പെട്രോൾ പതിപ്പ് 16.13 കിലോമീറ്റർ മൈലേജ് നൽകും.