ഇന്ത്യയുടെ വാഹന മേഖല അസാധാരണമായ വില വർധനവിനാണ് ഈ വർഷം സാക്ഷ്യം വഹിച്ചത്. സാധാരണ ഗതിയിൽ കലണ്ടർ വർഷത്തിന്റെ ആരംഭത്തിൽ അല്ലെങ്കിൽ സാമ്പത്തിക വർഷത്തിന്റെ ആരംഭത്തിലാണ് വാഹനങ്ങളുടെ വിലയിൽ വർധനവുണ്ടാകുന്നത്. എന്നാൽ, 2026-ൽ വാഹനങ്ങളുടെ വില കൂടിയത് ഈ രണ്ട് സമയങ്ങളിൽ മാത്രമായിരുന്നില്ലെന്നതാണ് ശ്രദ്ധേയം. ഒന്നും രണ്ടുമല്ല, നാല് തവണ വരെയാണ് വിവിധ കമ്പനികൾ ഈ വർഷം വാഹനങ്ങളുടെ വില ഉയർത്തിയത്.

To advertise here,

ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമാതാക്കളെന്ന് വിശേഷിപ്പിക്കപ്പെടുന്ന മാരുതി സുസുക്കിയാണ് 2026-ൽ നാല് തവണ വാഹനങ്ങളുടെ വില വർധിപ്പിച്ചത്. മെയ്, ഓഗസ്റ്റ്, സെപ്റ്റംബർ, നവംബർ എന്നീ നാല് മാസങ്ങളിലാണ് മാരുതി സുസുക്കി വാഹനങ്ങളുടെ വില ഉയർത്തിയത്. ചില വില വർധനവ് തിരഞ്ഞെടുത്ത ഏതാനും മോഡലുകൾക്ക് മാത്രമായി പരിമിതപ്പെടുത്താൻ മാരുതി സുസുക്കിക്ക് സാധിച്ചുവെന്നതും ശ്രദ്ധേയമാണ്.

എന്നാൽ, ചില മോഡലുകൾക്ക് നാല് തവണയുള്ള വില വർധനവിലൂടെ 80,000 രൂപവരെ കൂടിയിട്ടുണ്ടെന്നാണ് സൂചനകൾ. മെയ് മാസത്തിൽ തിരഞ്ഞെടുത്ത മോഡലുകൾക്ക് 30,000 രൂപയാണ് ഉയർന്നത്. ഓഗസ്റ്റിലും 30,000 രൂപയുടെ വില വർധനവ് വരുത്തി. സെപ്റ്റംബർ മാസത്തിൽ ചില മോഡലുകളുടെ വില 20,000 രൂപവരെ വർധിപ്പിച്ചു. ഏറ്റവുമൊടുവിൽ നവംബറിൽ 0.31 ശതമാനത്തിന്റെ വർധനവാണ് പ്രഖ്യാപിച്ചത്. മോഡലുകൾക്ക് അനുസരിച്ച് ഉയർത്തിയ തുക വ്യത്യാസപ്പെട്ടിരിക്കുമെന്നാണ് വിലയിരുത്തൽ.

ഇന്ത്യൻ വാഹന വിപണിയിലെ സജീവ സാന്നിധ്യമായ മറ്റൊരു വാഹന നിർമാതാവായ ഹ്യുണ്ടായിയും മൂന്ന് തവണ വാഹനങ്ങളുടെ വില ഉയർത്തുകയും നാലാമത്തെ വില വർധനവ് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ്. ഡിസംബർ ഒന്ന് മുതൽ തിരഞ്ഞെടുത്ത ചില മോഡലുകൾക്ക് 8000 രൂപവരെ വില വർധിക്കുമെന്നാണ് ഏറ്റവുമൊടുവിലായി അറിയിച്ചിരിക്കുന്നത്. എന്നാൽ, ഏതൊക്കെ മോഡലാണ് വില വർധനവിന്റെ പരിധിയിൽ വരുന്നതെന്ന് ഹ്യുണ്ടായി വ്യക്തമാക്കിയിട്ടില്ല.

ഡിസംബറിലെ വർധനവ് കൂടി പ്രാബല്യത്തിൽ വരുന്നതോടെ മാരുതിക്ക് പിന്നാലെ 2026-ൽ നാല് തവണ വാഹനങ്ങളുടെ വില വർധിപ്പിച്ചവരുടെ പട്ടികയിൽ ഹ്യുണ്ടായിയും ഇടംപിടിക്കും. ജനുവരിയിലും ജൂണിലും സെപ്റ്റംബറിലുമാണ് ഹ്യുണ്ടായി വാഹനങ്ങളുടെ വില ഉയർത്തിയത്. ഒരു ശതമാനം വർധനവായിരുന്നു ജൂൺ മാസത്തിൽ ഹ്യുണ്ടായി വരുത്തിയത്. സെപ്റ്റംബർ മാസത്തിൽ എല്ലാ മോഡലുകളുടെയും വില ഒരു ശതമാനം വർധിപ്പിച്ചിരുന്നു.

ഇന്ത്യയിലെ പാസഞ്ചർ വാഹന വിപണിയിൽ ഈ രണ്ട് കമ്പനികൾക്കും കരുത്തുറ്റ എതിരാളിയായാണ് ടാറ്റ മോട്ടോഴ്‌സ് നിലനിൽക്കുന്നത്. എന്നാൽ, ടാറ്റയുടെ വാഹനങ്ങൾക്ക് ഈ വർഷം മൂന്ന് തവണ മാത്രമേ വില വർധിപ്പിച്ചിട്ടുള്ളൂവെന്നത് ശ്രദ്ധേയമാണ്. ഈ വർഷത്തെ മൂന്നാമത്തെ വില വർധനവ് ഡിസംബർ ഒന്ന് മുതലാണ് നടപ്പിലാക്കുക. വാഹന നിരയിലെ എല്ലാ മോഡലുകൾക്കും 0.5 ശതമാനത്തിന്റെ വർധനവാണ് വരുത്തുകയെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്.

ഏതൊക്കെ മോഡലുകൾക്ക് എത്ര രൂപ വീതമായിരിക്കും വർധിക്കുകയെന്ന കാര്യത്തിൽ ടാറ്റ വ്യക്തത വരുത്തിയിട്ടില്ല. ഓരോ മോഡലിന്റെയും എക്‌സ്‌ഷോറൂം വിലയുടെ അടിസ്ഥാനത്തിൽ 2384 രൂപ മുതൽ 14,645 രൂപവരെ വിലയിൽ വർധനവുണ്ടായേക്കുമെന്നാണ് വിലയിരുത്തൽ. ജൂലായ്, സെപ്റ്റംബർ എന്നീ മാസങ്ങളിലാണ് ഇതിന് മുമ്പ് വാഹനങ്ങളുടെ വില വർധിപ്പിച്ചത്. സെപ്റ്റംബർ മാസത്തിൽ ഇലക്ട്രിക് മോഡലുകൾ ഉൾപ്പെടെ എല്ലാ വാഹനങ്ങൾക്കും 25,000 രൂപയാണ് വർധിപ്പിച്ചത്.

വാഹനങ്ങളുടെ വർധിച്ചുവരുന്ന നിർമാണച്ചെലവ്, അസംസ്‌കൃത വസ്തുക്കളുടെ വില വർധന, ഉയർന്ന പ്രവർത്തനച്ചെലവ്, സാമ്പത്തിക അനിശ്ചിതത്വങ്ങൾ തുടങ്ങിയ പ്രതിസന്ധികളാണ് വില വർധിപ്പിക്കുവാനുള്ള കാരണമായി ഓരോ വാഹന നിർമാതാവും വിശദീകരിക്കുന്നത്. പശ്ചിമേഷ്യയിൽ യുദ്ധാന്തരീക്ഷം ഉണ്ടായിരുന്ന സാഹചര്യത്തിലാണ് അസംസ്‌കൃത വസ്തുക്കളുടെ വില വർധനവ് തുടങ്ങുന്നത്. വിനിമയ നിരക്കിലെ മാറ്റങ്ങളും നിർമാതാക്കൾക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.