ഇന്ത്യയിലെ ടോപ്പ് സെല്ലിങ് എംപിവി മോഡലായ ഇന്നോവ ഹൈക്രോസിന്റെ മുഖംമിനുക്കിയ പതിപ്പ് വിപണിയിൽ അവതരിപ്പിച്ചു. 2022-ൽ ഇന്ത്യയിൽ എത്തിയ ഹൈക്രോസിന്റെ ആദ്യ മുഖംമിനുക്കലാണ് ഇപ്പോൾ നടത്തിയിരിക്കുന്നത്. ഇന്ത്യയിലെ ആദ്യ സ്‌ട്രോങ് ഹൈബ്രിഡ് ഫ്‌ളെക്‌സ് ഫ്യുവൽ വാഹനം എന്ന ഖ്യാതിയിൽ ഒരുങ്ങിയിരിക്കുന്ന ഈ വാഹനത്തിന് 19.59 ലക്ഷം രൂപ മുതൽ 31.99 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.

To advertise here,

ഡിസൈനിലും ഫീച്ചറുകളിലും വരുത്തിയിട്ടുള്ള മാറ്റങ്ങൾക്ക് പുറമേ E85 ഫ്യുവൽവരെ പിന്തുണയ്ക്കുന്ന മെക്കാനിക്കൽ സംവിധാനങ്ങളോടെയാണ് ഈ വാഹനം എത്തിയിരിക്കുന്നത്. ഹൈക്രോസിന്റെ മുൻ മോഡൽ നിര 26.76 ലക്ഷം രൂപ വില വരുന്ന വി.എക്‌സ് വേരിയന്റ് മുതലാണ് ആരംഭിച്ചിരുന്നതെങ്കിൽ പുതിയ പതിപ്പിൽ 19.99 ലക്ഷം രൂപയിൽ വില ആരംഭിക്കുന്ന ജി വേരിയന്റും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഹൈക്രോസ് ഹൈബ്രിഡ് മോഡലിന്റെ വിലയിൽ 6.77 ലക്ഷം രൂപയുടെ കുറവ് വന്നിട്ടുണ്ട്.

സെൽഫ് ചാർജിങ്ങ് സ്ട്രോങ്ങ് ഹൈബ്രിഡ് ഇലക്ട്രിക് സിസ്റ്റത്തിനൊപ്പം ടൊയോട്ട ന്യൂ ഗ്ലോബൽ ആർക്കിടെക്ചർ അടിസ്ഥാനമാക്കിയുള്ള 2.0 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എൻജിനാണ് ഹൈബ്രിഡ് മോഡലിൽ നൽകിയിരിക്കുന്നത്. 1987 സി.സി. ശേഷിയുള്ള എൻജിനും ഇലക്ട്രിക് മോട്ടോറും ചേർന്ന് ഇത് 197 എച്ച്.പി. പവറും 206 എൻഎം ടോർക്കും നൽകും. ഇ-ഡ്രൈവ് വിത്ത് സീക്വൻഷ്യൽ ഷിഫ്റ്റ് ആണ് ഇതിലെ ട്രാൻസ്മിഷൻ. ഇന്ത്യയിൽ വികസിപ്പിച്ച ഹൈബ്രിഡ് പവർട്രെയിനാണ് ഇതിൽ നൽകിയിരിക്കുന്നത്.

ടി.എൻ.ജി.എ. 2.0 ലിറ്റർ നാല് സിലിണ്ടർ വി.വി.ടി.ഐ. പെട്രോൾ എൻജിനാണ് ഹൈക്രോസിന്റെ നോൺ ഹൈബ്രിഡ് പതിപ്പിൽ നൽകിയിട്ടുള്ളത്. 1987 സി.സിയിൽ 173 എച്ച്.പി. പവറും 206 എൻ.എം. ടോർക്കുമാണ് റെഗുലർ മോഡലിന്റെ കരുത്ത്. സിവിടി ഗിയർബോക്സാണ് ഈ മോഡലിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്. ഇ 20 പെട്രോളിൽ പോലും 22.58 കിലോമീറ്റർ ഇന്ധനക്ഷമത ഹൈബ്രിഡ് മോഡലിൽ ഉറപ്പാക്കിയിട്ടുണ്ടെന്നാണ് ടൊയോട്ട അവകാശപ്പെടുന്നത്.

ടൊയോട്ട ടൈസറിലേതിന് സമാനമായ എൽ.ഇ.ഡി. ഹെഡ്‌ലാമ്പും ഡിആർഎല്ലുമാണ് പുതിയ ഹൈക്രോസിൽ നൽകിയിരിക്കുന്നത്. ഹൈലെക്‌സ് എസ്‌യുവിയിലേതിന് സമാനമായാണ് പുതിയ ഹൈക്രോസിലെ ഗ്രില്ല്. ഫോഗ്‌ലാമ്പിന്റെ സ്ഥാനം മാറിയിട്ടുണ്ട്. വീതി കുറഞ്ഞ എയർ ഇൻ ടേക്കും സിൽവർ ഫിനിഷിങ്ങിലുള്ള ലൈനും ചേർന്നതാണ് ഈ വാഹനത്തിന്റെ മുൻഭാഗത്ത് വരുത്തിയിട്ടുള്ള പുതുമകൾ. വശങ്ങളിലും പിന്നിലും പരിമിതമായ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. 18 ഇഞ്ച് അലോയി വീലാണ് ഇതിൽ നൽകിയിട്ടുള്ളത്.

സോഫ്റ്റ് ടച്ച് ഡാഷ് ബോർഡാണ് അകത്തളത്തിലെ പ്രധാന മാറ്റം. സിൽവർ, പിയാനോ ബ്ലാക്ക് ആക്‌സെന്റുകൾ നൽകിയുള്ള അലങ്കാരങ്ങളും അകത്തളത്തിന് മാറ്റേകുന്നു. 12.3 ഇഞ്ച് വലിപ്പത്തിലുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും അകത്തളത്തിന് പുതുമയേകുന്നു. ഏഴ്, എട്ട് സീറ്റിങ് ഓപ്ഷനുകളിൽ ഹൈക്രോസ് എത്തുന്നുണ്ട്. ഓട്ടോമാൻ സീറ്റ്്, വെന്റിലേറ്റഡ് സംവിധാനം, പവർ അഡ്ജസ്റ്റ് ഡ്രൈവർ സീറ്റ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, റിയർ എ.സി.വെന്റുകൾ, എയർപ്യൂരിഫയർ തുടങ്ങിയ സംവിധാനങ്ങൾ മുൻ മോഡലിൽ നിന്ന് കടംകൊണ്ടിട്ടുണ്ട്.

കാര്യക്ഷമമായ സുരക്ഷാ സംവിധാനങ്ങളും പുതിയ ഹൈക്രോസിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം, ആറ് എയർ ബാഗ്, 360 ഡിഗ്രി ക്യാമറ, ടയർ പ്രഷർ മോണിറ്റർ, വെഹിക്കിൾ സ്‌റ്റെബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, മുന്നിലും പിന്നിലും പാർക്കിങ് സെൻസറുകൾ എന്നിങ്ങനെ നീളും ഇവ. ഒരു ലക്ഷം കിലോമീറ്റർ അല്ലെങ്കിൽ മൂന്ന് വർഷത്തെ വാറണ്ടിയാണ് സ്റ്റാൻഡേർഡായി നൽകുന്നത്. ഇത് 2.2 ലക്ഷം കിലോമീറ്ററും അഞ്ച് വർഷവുമായി ഉയർത്താനും സാധിക്കും.