ആഡംബര കാർ വിപണിയിൽ വീറോടെ മത്സരിക്കുന്ന രണ്ട് കമ്പനികളാണ് മെഴ്‌സിസീഡ് ബെൻസും ബിഎംഡബ്ല്യുവും. വിപണിയിൽ എതിർ സ്ഥാനത്ത് നിൽക്കുമ്പോഴും ബെൻസിന് ജന്മദിനാശംസകൾ നേർന്നിരിക്കുകയാണ് ബിഎംഡബ്ല്യു. മെഴ്‌സിഡീസ് ബെൻസ് 140 വർഷം പൂർത്തിയാക്കിയത് പ്രമാണിച്ചാണ് ഈ ആശംസ. ബിഎംഡബ്ല്യുവിന്റെ എല്ലാ സാമൂഹിക മാധ്യമങ്ങളിലും ഈ ആശംസ സന്ദേശം പങ്കുവെച്ചിട്ടുണ്ട്. കാൾ ബെൻസിന്റെ ചിത്രവും ബിഎംഡബ്ല്യു കാറിന്റെ ചിത്രവും ഉൾപ്പെടെയാണ് ആശംസ.

To advertise here,

ഭാഗ്യവശാൽ കാൾ ബെൻസ് ഓട്ടോമൊബൈൽ കണ്ടുപിടിച്ചു. അതുകൊണ്ട് നമുക്ക് ഡ്രൈവിങ്ങിന്റെ ആനന്ദവും കണ്ടെത്താൻ സാധിച്ചു. ഹാപ്പി ബെർത്ത് ഡേ മെഴ്‌സിഡീസ് ബെൻസ് എന്നാണ് ബിഎംഡബ്ല്യു സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്. 140 വർഷമായി ചരിത്രം രചിക്കുകയും നിങ്ങൾ പിന്തുടരാൻ എന്തെങ്കിലും നൽകുകയും ചെയ്യുന്നു. നിങ്ങളുടെ ആശംസയ്ക്ക് നന്ദി എന്നാണ് മെഴ്‌സിഡീസ് ബിഎംഡബ്ല്യുവിന് നൽകിയിരിക്കുന്ന മറുപടി.

ബെൻസിന്റെ സ്ഥാപകനായ കാൾ ബെൻസ്, ബെൻസ് പേറ്റന്റ് മോട്ടോർവാഗൺ എന്ന പേരിന് പേറ്റന്റ് നേടിയതിന്റെ 140-ാം വാർഷികമാണ് മെഴ്‌സിഡീസ് ആഘോഷിക്കുന്നത്. 1886-ൽ എത്തിയ ഈ വാഹനമാണ് ലോകത്തിലെ തന്നെ ആദ്യത്തെ മോട്ടോർ വാഹനമായി കണക്കാക്കുന്നത്. ആധുനിക മോട്ടോറിങ് ലോകം മെഴ്‌സിഡീസിന്റെ പിതാവിൽ നിന്നാണ് ആരംഭിച്ചതെന്ന് ബിഎംഡബ്ല്യു ആരാധകരെ പോലും ബോധ്യപ്പെടുത്തുന്ന സന്ദേശമായാണ് ബിഎംഡബ്ല്യുവിന്റെ ഈ നീക്കത്തെ വിശേഷിപ്പിക്കുന്നത്.

ഓട്ടോമൊബൈലിന്റെ കണ്ടുപിടിത്തത്തിൽ മെഴ്‌സിഡീസ് വഹിച്ച പങ്ക് അംഗീകരിക്കുന്നതിനൊപ്പം ഇരുകമ്പനികളും തമ്മിലുള്ള ഒരു നൂറ്റാണ്ടിന്റെ മത്സരവും ഈ പോസ്റ്റിലൂടെ പറയാതെ പറയുന്നുണ്ട്. ബെൻസിന്റെ പിറവിക്ക് ശേഷം മൂന്ന് പതിറ്റാണ്ടുകൾ കഴിഞ്ഞാണ് ബിഎംഡബ്ല്യു എന്ന കമ്പനി പിറവിയെടുക്കുന്നത്. 1910-ൽ വാഹനം നിർമാണം എന്ന ആശയം ഉടലെടുത്തെങ്കിലും ബേയറിഷ് മോട്ടോറൻ വർക്ക്് (ബിഎംഡബ്ല്യു) സ്ഥാപിതമാകുന്നത് 1922-ലാണ്.

മെഴ്‌സിഡീസ് മോട്ടോർ കാർ എന്ന ആശയത്തോടെയാണ് പ്രവർത്തനം ആരംഭിച്ചതെങ്കിൽ ബിഎംഡബ്ല്യുവിന്റെ തുടക്കം എയർക്രാഫ്റ്റ് എൻജിൻ നിർമാതാക്കളായായിരുന്നു. എന്നാൽ, വാഹനങ്ങളുടെ പെർഫോമെൻസ്, കൃത്യത, മികച്ച ഡ്രൈവിങ് അനുഭവം എന്നിവ ഉറപ്പിക്കുന്നതിന് ഈ തുടക്കം ശക്തമായ അടിത്തറയാണ് ഒരുക്കിയത്. ഇരുകമ്പനികളും തമ്മിൽ കടുത്ത മത്സരം നടക്കുമ്പോഴും വ്യത്യസ്ത മേഖലകളിലായിരുന്നു രണ്ട് കമ്പനികളുടേയും പ്രാഗൽഭ്യം.