ഇന്ത്യയിലെ പ്രീമിയം വാഹന വിപണിയിലെ കരുത്തൻ സാന്നിധ്യമാണ് ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു. സെഡാൻ, എസ്‌യുവി, ഇലക്ട്രിക് തുടങ്ങി വിവിധ ശ്രേണികളിൽ കരുത്താർജിക്കുന്ന ഈ പ്രീമിയം വാഹന നിർമാതാക്കൾ 2026-ൽ വാഹന നിര കൂടുതൽ ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ്. ഈ ഒരു വർഷത്തിൽ 27 പുതിയ മോഡലുകൾ ഇന്ത്യൻ നിരത്തുകളിൽ എത്തിക്കാനാണ് ബിഎംഡബ്ല്യു തയ്യാറെടുക്കുന്നത്.

To advertise here,

വിപണികളിൽ എത്തുമെന്ന് ബിഎംഡബ്ല്യു ഉറപ്പുനൽകിയിട്ടുള്ള 27 വാഹനങ്ങളിൽ പത്തെണ്ണം തികച്ചും പുതിയ മോഡലുകളായിരിക്കുമെന്നാണ് ബിഎംഡബ്ല്യു ഉറപ്പുനൽകിയിട്ടുള്ളത്. ഇലക്ട്രിക് വാഹനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുകയാണ് പുതിയ ലക്ഷ്യം. പുത്തൻ വാഹനനിരയിൽ ഒറ്റ ചാർജിൽ 800 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സാധിക്കുന്ന ഇവിയും ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. നിലവിലെ ഇവികളിൽ പരമാവധി 500 കിലോമീറ്റർ വരെയാണ് റേഞ്ച്.

പത്ത് പുതിയ വാഹനങ്ങൾ എത്തിക്കുന്നതിനൊപ്പം ബിഎംഡബ്ല്യുവിന്റെ ചെറുകാർ വിഭാഗമായ മിനിയുടേത് ഉൾപ്പെടെ 17 മോഡലുകളുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളും ഈ വർഷം തന്നെ വിപണിയിൽ എത്തുമെന്നാണ് ബിഎംഡബ്ല്യു അറിയിച്ചിരിക്കുന്നത്. വാഹനങ്ങളുടെ നിർമാണ ചിലവുകൾ കുറയ്ക്കുന്നതിന്റെ ഭാഗമായി പ്രദേശികമായി നിർമിക്കുന്ന പാർട്‌സുകൾ വാഹന നിർമാണത്തിൽ കൂടുതലായി ഉപയോഗിക്കാനാണ് ബിഎംഡബ്ല്യു തീരുമാനിച്ചിരിക്കുന്നത്.

2025 കലണ്ടർ വർഷത്തിൽ ബിഎംഡബ്ല്യുവിന് ലഭിച്ച വിൽപ്പന നേട്ടമാണ് പുതിയ മോഡലുകൾ ഉൾപ്പെടെ എത്തിക്കാൻ പ്രചോദനമായിരിക്കുന്നത്. 18000 കാറുകളാണ് 2025-ൽ ബിഎംഡബ്ല്യു വിറ്റഴിച്ചത്. 2024-നെ അപേക്ഷിച്ച് 14 ശതമാനത്തിന്റെ വിൽപ്പന വർധനവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ പ്രീമിയം വാഹന വിപണിയുടെ മേധാവികളാണ് മെഴ്‌സിഡീസുമായുള്ള അന്തരം കുറയ്ക്കാൻ ഈ വർഷത്തെ വിൽപ്പന സഹായിച്ചിട്ടുണ്ടെന്നാണ് സൂചന.

ഇന്ത്യയിലെ പാസഞ്ചർ കാർ വിൽപ്പനയുടെ ഒരു ശതമാനമാണ് മാത്രമാണ് പ്രീമിയം കാറുകളുടെ സംഭാവനയെന്നാണ് ബിഎംഡബ്ല്യു സിഇഒ ഹർദീപ് ബ്രാർ റോയിട്ടേഴ്‌സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ലക്ഷ്വറി കാർ വിപണി വളർച്ച കൈവരിക്കുമ്പോഴും ഉയർന്ന ഇറക്കുമതി തീരുവയാണ് ഈ മേഖലയ്ക്ക് തിരിച്ചടിയാകുന്നത്. അതുകൊണ്ടാണ് പ്രദേശികമായ നിർമിച്ച പാർട്‌സുകളുടെ ഉപയോഗം വർധിപ്പിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷമാണ് ബിഎംഡബ്ല്യു ആദ്യമായി ഇന്ത്യയിൽ അസംബിൾ ചെയ്ത ഇലക്ട്രിക് മോഡലായ ഐഎക്‌സ്1 ഇവി വിപണിയിൽ എത്തുന്നത്. ഇന്ത്യയിൽ അസംബിൾ ചെയ്തതിനാൽ തന്നെ മത്സരാധിഷ്ഠിതമായ വിലയിൽ ഇത് വിപണിയിൽ എത്തിക്കാൻ സാധിച്ചുവെന്നും, ഈ വാഹനത്തിന്റെ വരവോടെ ഇലക്ട്രിക് കാറുകളുടെ വിൽപ്പനയിൽ 200 ശതമാനത്തിന്റെ വളർച്ച നേടാനാണ്. ബിഎംഡബ്ല്യുവിന്റെ ഇന്ത്യയിലെ വിൽപ്പനയുടെ 21 ശതമാനം ഇലക്ട്രിക് വാഹനങ്ങളുടെ സംഭാവനയാണെന്നും ബ്രാർ പറഞ്ഞു.