ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ എൻട്രി ലെവൽ എസ്‌യുവി മോഡലായ എക്‌സ് 1-ന്റെ മുഖംമിനുക്കിയ പതിപ്പ് ഓഗസ്റ്റ് 21-നാണ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. നിരത്തുകളിലെത്താൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഈ വാഹനത്തിന്റെ ബുക്കിങ്ങ് ഔദ്യോഗികമായി ആരംഭിച്ചിരിക്കുകയാണ് നിർമാതാക്കൾ. ബിഎംഡബ്ല്യു ഡീലർഷിപ്പുകളിലും ഔദ്യോഗിക വെബ്‌സൈറ്റ് മുഖേനയുമാണ് ബുക്കിങ് സ്വീകരിക്കുന്നത്.

To advertise here,

നിലവിലെ എക്‌സ് വൺ എസ്‌യുവിൽ നിന്ന് വ്യത്യസ്തമായി ലോങ് വീൽബേസ് പതിപ്പായാണ് പുതിയ എക്‌സ് വൺ എത്തുന്നത്. അതേസമയം, എക്‌സ് വണ്ണിന്റെ ഇലക്ട്രിക് പതിപ്പായ ഐ എക്‌സ് വണ്ണിന്റെ ലോങ് വീൽബേസ് പതിപ്പ് നേരത്തെ തന്നെ ഇന്ത്യയിൽ എത്തിയിരുന്നു. പുതിയ എക്‌സ് വൺ എത്തുന്നതോടെ ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ വിലയിൽ ലഭിക്കുന്ന ബിഎംഡബ്ല്യുവിന്റെ ലോങ് വീൽബേസ് മോഡലായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ.

4616 എംഎം നീളത്തിലും 1845 എംഎം വീതിയിലും 1641 എംഎം ഉയരത്തിനുമൊപ്പം 2802 എംഎമ്മിന്റെ വീൽബേസും നൽകിയായിരിക്കും എക്‌സ് വൺ ലോങ് വീൽവേസ് പതിപ്പ് എത്തുക. എക്‌സ് വണ്ണിന്റെ നിലവിലെ മോഡലിനെക്കാൾ 116 എംഎം നീളവും 11 ഉയരവും 110 എംഎം അധിക വീൽബേസും പുതിയ പതിപ്പിൽ നൽകുന്നുണ്ട്. എന്നാൽ, ഡിസൈനിൽ കാര്യമായ അഴിച്ചുപണി വരുത്തിയേക്കില്ലന്നാണ് പ്രതീക്ഷിക്കുന്നത്.

എൽഇഡിയിൽ തീർത്തിരിക്കുന്ന വീതി കുറഞ്ഞ ഹെഡ്‌ലൈറ്റും ടെയ്ൽലൈറ്റും, ബിഎംഡബ്ല്യുവിന്റെ സിഗ്നേച്ചർ കിഡ്‌നി ഡിസൈൻ ഗ്രിൽ, എയർ കർട്ടണുകൾ നൽകിയിട്ടുള്ള ബമ്പറുകൾ, സ്റ്റാന്റേഡായി നൽകിയിട്ടുള്ള 18 ഇഞ്ച് വലിപ്പമുള്ള അലോയി വീലുകൾ എന്നീ ഫീച്ചറുകൾക്കൊപ്പം ലോ സ്ലഗ് ക്രോസ് ഓവർ പ്രൊഫൈലിലായിരിക്കും ബിഎംഡബ്ല്യു എക്‌സ് വൺ ലോങ് വീൽബേസ് പതിപ്പ് എത്തുകയെന്നാണ് പ്രതീക്ഷ.

റെഗുലർ എക്‌സ് വൺ എസ്‌യുവിയിൽ നൽകിയിട്ടുള്ള ഇന്റീരിയർ ലേഔട്ടിൽ അതേ ഫീച്ചറുകളുമായായിരിക്കും പുതിയ പതിപ്പുമെത്തുകയെന്നാണ് വിലയിരുത്തൽ. എന്നാൽ, വീൽബേസ് ഉയർത്തുന്നതിന്റെ നേട്ടം പിൻനിര സീറ്റുകൾക്ക് ലഭിക്കും. ഉയർന്ന ലെഗ് സ്‌പേസിനൊപ്പം സീറ്റുകളുടെ ഉയരം 27 എംഎം ഉയർത്തുന്നുണ്ട്. ഹെഡ്‌റെസ്റ്റ് കുഷ്യന്റെ വീതി 37 എംഎം വർധിപ്പിച്ചിട്ടുമുണ്ട്. ബുട്ട് സ്‌പേസ് 540 ലിറ്ററായി ഉയർത്തിയിട്ടുമുണ്ട്.

നിലവിൽ ബിഎംഡബ്ല്യു എക്‌സ് വൺ ലോങ് വീൽബേസ് പതിപ്പ് ചൈനീസ് വിപണിയിൽ എത്തിയിട്ടുണ്ട്. ഇതിൽ 2.0 ലിറ്റർ നാല് സിലണ്ടർ പെട്രോൾ എൻജിനാണ് നൽകിയിരിക്കുന്നത്. 204 ബിഎച്ച്പി പവറും 300 എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉത്പാദിപ്പിക്കുന്ന കരുത്ത്. ഏഴ് സ്പീഡ് ഡ്യുവൽ ക്ലെച്ച് ഓട്ടോമാറ്റിക്കാണ് ട്രാൻസ്മിഷൻ. ഇന്ത്യയിലെത്തുന്ന ഈ വാഹനത്തിന്റെ മെക്കാനിക്കൽ സവിശേഷതകൾ നിർമാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല.