ഓഫ് റോഡ് യാത്രകള്‍, ഡെസേര്‍ട്ട് സഫാരികള്‍ തുടങ്ങിയ മോട്ടോര്‍ സ്‌പോര്‍ട്ടുകളില്‍ എന്നും മുന്‍പന്തിയിലുള്ള വാഹനങ്ങളാണ് ടൊയോട്ടയുടെ ലാന്‍ഡ് ക്രൂയിസറും നിസാന്റെ പട്രോള്‍ എന്ന എസ്.യു.വിയും. വിദേശ നിരത്തുകളില്‍ തലയെടുപ്പോടെ പായുന്ന ഈ വാഹനങ്ങളില്‍ ലാന്‍ഡ് ക്രൂയിസര്‍ ഇന്ത്യന്‍ നിരത്തുകളില്‍ ചുരുക്കായെങ്കിലും എത്തുന്നുണ്ട്. എന്നാല്‍, പട്രോള്‍ എന്ന കരുത്തന്‍ ഇപ്പോഴും ഇന്ത്യന്‍ വിപണിയില്‍ എത്തിയിട്ടില്ല. ഈ വാഹനം ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കും പ്രാപ്യമാക്കാനുള്ള ശ്രമത്തിലാണ് നിസാന്‍.
സ്‌പോര്‍ട്‌സ് യുട്ടിലിറ്റി വാഹനശ്രേണിയില്‍ (എസ്.യു.വി.)പെടുന്ന ഈ വാഹനം 2026-ഓടെ ഇന്ത്യന്‍ നിരത്തുകളില്‍ എത്തിക്കാനുള്ള നീക്കമാണ് നിസാന്‍ നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിദേശത്ത് നിര്‍മിച്ച് കംപ്ലീറ്റ് ബില്‍റ്റ് ഇന്‍ യൂണിറ്റ് (സി.ബി.യു) റൂട്ട് വഴി ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാനാണ് ശ്രമം. ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ അടുത്തവര്‍ഷം ഇന്ത്യന്‍ അവതരിപ്പിക്കുന്ന സാഹചര്യത്തിലാണ് നിസാനും പട്രോള്‍ ഇന്ത്യയില്‍ ലഭ്യമാക്കാന്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
നിലവില്‍ ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് മാര്‍ക്കറ്റുകളില്‍ മാത്രമാണ് പട്രോള്‍ എത്തുന്നത്. എന്നാല്‍, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെ ഈ വാഹനത്തിന്റെ ഡിമാന്റ് കണക്കിലെടുത്ത് 2025-ഓടെ പട്രോളിന്റെ റൈറ്റ് ഹാന്‍ഡ് ഡ്രൈവ് മോഡലുകളും എത്തിക്കാനാണ് നിസാന്‍ പദ്ധതിയിടുന്നത്. 2026-ന്റെ തുടക്കത്തില്‍ തന്നെ ഈ വാഹനം വിവധ രാജ്യങ്ങളില്‍ എത്തിതുടങ്ങും. നിലവിലുള്ള പുതുതലമുറ പട്രോളിന്റെ ഡിസൈനിലായിക്കും റൈറ്റ് ഹാന്‍ഡ് ഡ്രൈവ് മോഡല്‍ ഒരുങ്ങുന്നത്.
പട്രോള്‍ ഇന്ത്യയില്‍ എത്തിക്കുന്നത് മുമ്പും നിസാന്‍ പരിഗണിച്ചിട്ടുള്ളതാണ്. ഇന്ത്യന്‍ വിപണിയില്‍ നിസാന്‍ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 2020-ലായിരുന്നു ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നത്. ഉപയോക്താക്കളുടെ അഭിപ്രായം ഉള്‍പ്പെടെ ആരാഞ്ഞിരുന്നെങ്കിലും പിന്നീട് ഈ തീരുമാനം ഒഴിവാക്കുകയായിരുന്നു. നിസാന്‍ സി.ബി.യു. റൂട്ട് വഴി അടുത്തിടെ എക്‌സ്-ട്രെയില്‍ എന്ന എസ്.യു.വി. ഇന്ത്യയില്‍ എത്തിച്ചിരുന്നു. ഇതേ മാതൃകയിലായിരിക്കും പട്രോളിന്റെയും എന്‍ട്രി.
രണ്ട് വി6 പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുകളിലാണ് നിസാന്‍ പട്രോള്‍ എത്തുന്നത്. 3.8 നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍, 3.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്നിവയാണ് ഈ എന്‍ജിന്‍ ഓപ്ഷനുകള്‍. ഇതില്‍ ഒരു പതിപ്പായിരിക്കും ഇന്ത്യയില്‍ എത്തുകയെന്നാണ് വിലയിരുത്തലുകള്‍. വിദേശത്ത് നിര്‍മിച്ച് എത്തുന്ന വാഹനമായതിനാല്‍ ഇറക്കുമതിത്തീരുവകൂടി കണക്കിലെടുക്കുമ്പോള്‍ വാഹനത്തിന് ഇന്ത്യയില്‍ ഒരുകോടി രൂപയ്ക്ക് മേലേ വിലയായേക്കുമെന്നാണ് വിലയിരുത്തലുകള്‍.
Content Highlights: Nissan Patrol SUV Coming to India in 2026
Published: 28 Oct 2024, 08:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented