നിസാൻ ഇന്ത്യയുടെ വാഹന നിരയിലേക്ക് ഏതാനും ദിവസങ്ങൾക്ക് മുമ്പ് അവതരിപ്പിച്ച വാഹനമാണ് ടെക്റ്റൺ. മിഡ്‌സൈസ് എസ്‌യുവി ശ്രേണിയിലേക്ക് ആറ് വേരിയന്റുകളിലായി എത്തിയിരിക്കുന്ന ഈ വാഹനത്തിന് 10.49 ലക്ഷം രൂപ മുതൽ 18.59 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. ഫീച്ചർ സമ്പന്നമായും കരുത്തുറ്റ എൻജിനിലും മികച്ച ഡിസൈനിലും ഒരുങ്ങിയിട്ടുള്ള ഈ വാഹനം സുരക്ഷയിലും സൂപ്പർ സ്റ്റാർ ആണെന്ന് തെളിയിച്ചിരിക്കുകയാണ് നിർമാതാക്കൾ.

To advertise here,

ഇന്ത്യയിൽ ഇറങ്ങുന്ന വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഒരുക്കിയിട്ടള്ള ഭാരത് എൻക്യാപ് ക്രാഷ് ടെസ്റ്റിലാണ് ടെക്റ്റൺ സുരക്ഷ പരീക്ഷണത്തിന് മാറ്റുരച്ചത്. മുതിർന്നവർക്ക് സുരക്ഷ ഒരുക്കുന്നതിൽ 32-ൽ 30.49 പോയിന്റും കുട്ടികളുടെ സുരക്ഷയിൽ 59-ൽ 45 പോയിന്റും നേടിയാണ് ടെക്റ്റൺ എസ്‌യുവി ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ റേറ്റിങ് സ്വന്തമാക്കിയിരിക്കുന്നത്. മുന്നിൽ നിന്നുള്ള ആഘാതം ചെറുക്കുന്നതിൽ 16-ൽ 14.49 പോയിന്റും ഈ വാഹനം സ്വന്തമാക്കിയിട്ടുണ്ട്.

മുന്നിൽ നിന്നുണ്ടാകുന്ന ആഘാതങ്ങളിൽ വാഹനത്തിലെ യാത്രക്കാരുടെ തലയ്ക്കും കഴുത്തിനും ഏറ്റവും ഉയർന്ന സുരക്ഷ ഉറപ്പാക്കുന്നുണ്ട്. ആഘാതത്തിൽ ഡ്രൈവറിന്റെ നെഞ്ചിന് പരിക്കേൽക്കാനുള്ള സാധ്യതയും വളരെ കുറവാണ്. അതേസമയം, യാത്രക്കാർ പൂർണമായും സുരക്ഷിതരാണെന്നാണ് ടെസ്റ്റിങ് ഏജൻസി സാക്ഷ്യപ്പെടുത്തുന്നത്. ഡ്രൈവറിന്റെയും യാത്രക്കാരുടെയും ലോവർ ബോഡിക്ക് സുരക്ഷ ഉറപ്പാക്കുന്നതിൽ നിസാൻ വിജയിച്ചിട്ടുണ്ടെന്നാണ് നിർമാതാക്കളുടെ അവകാശവാദം.

സൈഡ് മൂവബിൾ ബാരിയർ ടെസ്റ്റ്, സൈഡ് പോൾ ഇംപാക്ട് ടെസ്റ്റ് എന്നിവയിൽ ഉയർന്ന സുരക്ഷയാണ് ടെക്റ്റൺ പ്രധാനം ചെയ്യുന്നത്. അടിസ്ഥാന സുരക്ഷ സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ള വാഹനമാണ് ഇടിപരീക്ഷയ്ക്ക് ഇറങ്ങിയത്. എയർബാഗുകൾ, ഐസോഫിക്‌സ് ചൈൽഡ് സീറ്റ്, സീറ്റ് ബെൽറ്റ് റിമൈൻഡർ, ബെൽറ്റ് പ്രീടെൻഷനർ ആൻഡ് ലോഡ് ലിമിറ്റർ, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കൺട്രോൾ തുടങ്ങിയ സുരക്ഷ സംവിധാനങ്ങളാണ് ഈ വാഹനത്തിൽ നൽകിയിരുന്നത്.

റെനോയുടെ പുതുതലമുറ ഡസ്റ്ററിന് കരുത്തേകുന്ന എൻജിനാണ് ടെക്‌റ്റോണിലുമുള്ളത്. 100 എച്ച്പി പവറും 166 എൻഎം ടോർക്കുമേകുന്ന 1.0 ലിറ്റർ മൂന്ന് സിലിണ്ടർ ടർബോ പെട്രോൾ, 163 എച്ച്പി പവറും 280 എൻഎം ടോർക്കുമേകുന്ന 1.3 ലിറ്റർ ടർബോ പെട്രോൾ എന്നിവയാണ് ഇതിലെ എൻജിനുകൾ. 1.0 ലിറ്റർ എൻജിനൊപ്പം ആറ് സ്പീഡ് മാനുവലും 1.3 ലിറ്റർ എൻജിനൊപ്പം ആറ് സ്പീഡ് മാനുവലും ആറ് സ്പീഡ് ഡ്യുവൽ ക്ലെച്ച് ഓട്ടോമാറ്റിക്കുമാണ് ട്രാൻസ്മിഷനുകൾ.