മാരുതിയുടെ ടാറ്റയും ഹ്യുണ്ടായിയും പോലെയുള്ള വാഹന നിർമാതാക്കൾ കളംനിറഞ്ഞ് കളിക്കുന്ന ഇന്ത്യയിലെ വാഹന വിപണിയിൽ ഒരൊറ്റ വാഹനവുമായി പിടിച്ചുനിന്ന വാഹന നിർമാതാക്കളാണ് നിസാൻ. മാഗ്‌നൈറ്റ് എന്ന ഒരു കോംപാക്ട് എസ്‌യുവിയുടെ മാത്രം പിൻബലത്തിൽ വർഷങ്ങൾ കഴിച്ചുകൂട്ടിയ ഈ ജാപ്പനീസ് വാഹന നിർമാതാക്കളുടെ വാഹന നിരയിലേക്ക് രണ്ട് കരുത്തൻ മോഡലുകൾ കൂടി എത്തിക്കാനൊരുങ്ങുകയാണ് നിസാൻ ഇന്ത്യ.

To advertise here,

കോംപാക്ട് എംപിവി ശ്രേണിയിലേക്ക് എത്തുന്ന ഗ്രാവൈറ്റ് എന്ന മോഡലാണ് ആദ്യം അവതരിപ്പിക്കുക. 2026 ജനുവരി 21-നാണ് ഈ വാഹനത്തിന്റെ ആദ്യ പ്രദർശനം. ഈ കോംപാക്ട് എംപിവിയുടെ വില പ്രഖ്യാപനം ഉൾപ്പെടെയുള്ളവയ്ക്കായി മാർച്ച് മാസം വരെ കാത്തിരിക്കേണ്ടി വരും. റെനോയുടെ എംപിവി മോഡലായ ട്രൈബറിൽ നിന്ന് മെക്കാനിക്കൽ ഫീച്ചറുകൾ ഉൾപ്പെടെയുള്ളവ കടംകൊണ്ടായിരിക്കും ഗ്രാവൈറ്റ് എംപിവി എത്തുകയെന്നാണ് നിർമാതാക്കൾ നൽകുന്ന സൂചന.

രണ്ടാമത്തെ അവതരണം മിഡ്‌സൈസ് എസ്‌യുവിയാണ്. ടെക്‌ടോൺ എന്ന പേരിൽ വരവിനൊരുങ്ങുന്ന ഈ വാഹനം ഫെബ്രുവരി നാലിനായിരിക്കും പ്രദർശിപ്പിക്കുക. ജനുവരി 26-ന് ഇന്ത്യൻ നിരത്തുകളിൽ തിരിച്ചെത്തുന്ന റെനോയുടെ ഡെസ്റ്റർ എന്ന എസ്‌യുവിയുടെ നിസാൻ പതിപ്പായിരിക്കും ടെക്‌ടോൺ എന്നാണ് വിലയിരുത്തലുകൾ. ഈ വാഹനത്തെ 2026 ജൂൺ മാസത്തോടെ മാത്രമേ നിരത്തുകളിൽ പ്രതീക്ഷിക്കാനാകൂവെന്ന സൂചനയും നിർമാതാക്കൾ നൽകുന്നു.

ഫീച്ചറുകളുടെ ആധിക്യം ഇല്ലാതെയാണ് നിസാൻ ഗ്രാവൈറ്റ് എംപിവി എത്തുന്നതെങ്കിൽ സ്റ്റൈലിനും ഫീച്ചറുകൾക്കും വലിയ പ്രധാന്യമാണ് ടെക്‌ടോൺ നൽകുന്നത്. നിസ്സാന്റെ ലോക പ്രശസ്തമായ പട്രോൾ എസ്യുവിയിൽ നിന്നാണ് നിസ്സാൻ ടെക്‌ടോണിന്റെ രൂപകൽപനയുടെ പ്രചോദനം. പരന്നതും കരുത്തുറ്റതുമായ രീതിയിൽ രൂപകൽപ്പന ചെയ്ത ബോണറ്റ്, സിഗ്‌നേച്ചർ വി-മോഷൻ ഗ്രിൽ, വെർട്ടിക്കൽ എൽഇഡി ക്ലസ്റ്ററുകളോടുകൂടിയ സ്പ്ലിറ്റ് ഹെഡ്ലാമ്പുകൾ, പട്രോളിനെ ഓർമിപ്പിക്കുന്ന സി-ആകൃതിയിലുള്ള ഡിആർഎൽ സിഗ്‌നേച്ചർ എന്നിവയുണ്ട്.

ബമ്പറും ശക്തമായ വീൽ ആർച്ചുകളും വാഹനത്തിന് കരുത്തുറ്റ രൂപം നൽകുന്നു. ഇത് സ്‌റ്റൈലിനും ഓഫ്-റോഡ് ശേഷിക്കും ഒരുപോലെ ഊന്നൽ നൽകുന്നുണ്ട്. വശങ്ങളിൽനിന്ന് നോക്കുമ്പോൾ, ടെക്‌ടോണിന് കരുത്തുറ്റ രൂപമാണുള്ളത്. പിൻഭാഗത്ത്, ചതുരാകൃതിയിലുള്ള ടെയിൽ ലാമ്പുകളെ ബന്ധിപ്പിക്കുന്ന ഒരു ഫുൾ-വിഡ്ത്ത് എൽഇഡി ടെയിൽ-ലൈറ്റ് ബാർ ഉണ്ട്. കൂടാതെ, റിയർ സ്‌പോയിലർ, ഉയരത്തിൽ സ്ഥാപിച്ചിട്ടുള്ള ബ്രേക്ക് ലാമ്പ്, വലിയ അലോയ് വീലുകൾ എന്നിവ ഇതിന്റെ പ്രീമിയം എസ്യുവി ഭംഗി വർധിപ്പിക്കുന്നു.

 

നിസാൻ വാഹനങ്ങളുടെ ഡിസൈൻ ലാംഗ്വേജ് പിന്തുടർന്നായിരിക്കും ഗ്രാവൈറ്റ് എംപിവിയും ഒരുങ്ങുക. ട്രൈബറിന്റെ സിലുവേറ്റിൽ ഡിസൈൻ മാറ്റങ്ങൾ വരുത്തിയായിരിക്കും എക്സ്റ്റീരിയർ ഒരുക്കുക. ഗ്ലോസി ബ്ലാക്ക് നിറത്തിലുള്ള ഗ്രില്ല്, എൽഇഡിയിൽ തീർത്തിരിക്കുന്ന ഹെഡ്ലാമ്പ്, ബോണറ്റിൽ പതിപ്പിച്ചിരിക്കുന്ന ബാഡ്ജിങ്, എൽഇഡി ഡിആർഎൽ, വലിയ ബമ്പർ, പവർ ലൈനുകൾ നൽകിയിട്ടുള്ള ബോണറ്റ് എന്നിവ ഡിസൈൻ സൂചനകളാണ് ടീസർ ചിത്രത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്.

പുതുമയുള്ള അലോയി വീലുകളായിരിക്കും വശങ്ങളെ അലങ്കരിക്കുന്നത്. എൽഇഡിയിൽ തന്നെ തീർത്തിരിക്കുന്ന ടെയ്ൽലാമ്പ്, ടെയ്ൽ ഗേറ്റിൽ വലിയ അക്ഷരത്തിൽ പതിപ്പിച്ചിരിക്കുന്ന ഗ്രാവൈറ്റ് ബാഡ്ജിങ്, പുതുമയുള്ള നിറങ്ങൾ എന്നിവയാണ് എക്സ്റ്റീരിയറിലെ ഡിസൈൻ ഹൈലൈറ്റുകൾ. ഇന്റീരിയർ സംബന്ധിച്ച് സൂചനകൾ നൽകിയിട്ടില്ലെങ്കിലും ഫീച്ചറുകളിൽ അധികവും ട്രൈബറുമായി പങ്കിട്ടായിരിക്കും എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ ഇതിൽ നൽകും.

ഇരുവാഹനങ്ങളുടെയും മെക്കാനിക്കൽ ഫീച്ചറുകൾ നിർമാതാക്കൾ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. വരവിനൊരുങ്ങുന്ന റെനോ ഡസ്റ്ററുമായി പങ്കിടുന്ന CMF-B പ്ലാറ്റ്ഫോമിലാണ് ടെക്‌ടോൺ ഒരുങ്ങുന്നത്. ഡസ്റ്ററിൽ നൽകുന്ന നൽകുന്ന 1.3 ലിറ്റർ ടർബോ പെട്രോൾ എൻജിൻ തന്നെയായിരിക്കും ടെക്‌ടോണിലും നൽകുക. റെനോ ട്രൈബറിൽ കരുത്തേകുന്ന 1.0 ലിറ്റർ നാച്വറലി ആസ്പിരേറ്റഡ് പെട്രോൾ എൻജിനായിരിക്കും ഗ്രാവൈറ്റിലും നൽകുക. അഞ്ച് സ്പീഡ് മാനുവൽ, അഞ്ച് സ്പീഡ് എഎംടി എന്നിവയായിരിക്കും ഇതിലെ ട്രാൻസ്മിഷൻ ഓപ്ഷനുകൾ.