2026-ൽ ഇന്ത്യൻ നിരത്തുകളിൽ പുതിയൊരു അങ്കം തുടങ്ങുന്നതിനുള്ള ഒരുക്കത്തിലാണ് ജപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ. മാഗ്‌നൈറ്റ് എന്ന കോംപാക്ട് എസ്‌യുവിയുടെ മാത്രം പിൻബലത്തിൽ ഇന്ത്യൻ വിപണിയിൽ കരുത്തോടെ നിൽക്കുന്ന നിസാന്റെ വാഹന നിരയിലേക്ക് ഒരു എംപിവി കൂടി എത്തുകയാണ്. ഗ്രാവൈറ്റ് എന്ന പേരിൽ ഒരുങ്ങുന്ന ഈ വാഹനം 2026 ജനുവരിയിൽ ഇന്ത്യയിൽ പ്രദർശിപ്പിക്കും. മാർച്ച് മാസത്തോടെ വിപണിയിൽ അവതരിപ്പിക്കുകയും ചെയ്യും.

To advertise here,

റെനോയുടെ എംപിവി മോഡലായ ട്രൈബറിന് അടിസ്ഥാനമൊരുക്കുന്ന സിഎംഎഫ്-എ പ്ലസ് പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയായിരിക്കും നിസാൻ ഗ്രാവൈറ്റും ഒരുങ്ങുന്നത്. പവർ ട്രെയിനും റെനോയുടെ ഈ മോഡലുമായി പങ്കുവയ്ക്കുമെന്നാണ് സൂചന. മാരുതി സുസുക്കി എർട്ടിഗ, ടൊയോട്ട റൂമിയോൺ, കിയ കാരൻസ്, റെനോ ട്രൈബർ എന്നീ വാഹനങ്ങളോടായിരിക്കും നിരത്തുകളിൽ നിസാൻ ഗ്രാവൈറ്റ് ഏറ്റുമുട്ടുക. കുറഞ്ഞ വിലയിലെ എംപിവി എന്നതാണ് ഈ വാഹനത്തിന്റെയും സെല്ലിങ് പോയന്റ്.

നിസാൻ വാഹനങ്ങളുടെ ഡിസൈൻ ലാംഗ്വേജ് പിന്തുടർന്നായിരിക്കും ഗ്രാവൈറ്റ് എംപിവിയും ഒരുങ്ങുക. ട്രൈബറിന്റെ സിലുവേറ്റിൽ ഡിസൈൻ മാറ്റങ്ങൾ വരുത്തിയായിരിക്കും എക്സ്റ്റീരിയർ ഒരുക്കുക. ഗ്ലോസി ബ്ലാക്ക് നിറത്തിലുള്ള ഗ്രില്ല്, എൽഇഡിയിൽ തീർത്തിരിക്കുന്ന ഹെഡ്‌ലാമ്പ്, ബോണറ്റിൽ പതിപ്പിച്ചിരിക്കുന്ന ബാഡ്ജിങ്, എൽഇഡി ഡിആർഎൽ, വലിയ ബമ്പർ, പവർ ലൈനുകൾ നൽകിയിട്ടുള്ള ബോണറ്റ് എന്നിവ ഡിസൈൻ സൂചനകളാണ് ടീസർ ചിത്രത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്.

പുതുമയുള്ള അലോയി വീലുകളായിരിക്കും വശങ്ങളെ അലങ്കരിക്കുന്നത്. എൽഇഡിയിൽ തന്നെ തീർത്തിരിക്കുന്ന ടെയ്ൽലാമ്പ്, ടെയ്ൽ ഗേറ്റിൽ വലിയ അക്ഷരത്തിൽ പതിപ്പിച്ചിരിക്കുന്ന ഗ്രാവൈറ്റ് ബാഡ്ജിങ്, പുതുമയുള്ള നിറങ്ങൾ എന്നിവയാണ് എക്സ്റ്റീരിയറിലെ ഡിസൈൻ ഹൈലൈറ്റുകൾ. ഇന്റീരിയർ സംബന്ധിച്ച് സൂചനകൾ നൽകിയിട്ടില്ലെങ്കിലും ഫീച്ചറുകളിൽ അധികവും ട്രൈബറുമായി പങ്കിട്ടായിരിക്കും എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ ഇതിൽ നൽകും.

റെനോ ട്രൈബറിൽ കരുത്തേകുന്ന 1.0 ലിറ്റർ നാച്വറലി ആസ്പിരേറ്റഡ് പെട്രോൾ എൻജിനായിരിക്കും ഗ്രാവൈറ്റിലും നൽകുക. ഇത് 76 എച്ച്പി പവറും 95 എൻഎം ടോർക്കുമായിരിക്കും നൽകുക. അഞ്ച് സ്പീഡ് മാനുവൽ, അഞ്ച് സ്പീഡ് എഎംടി എന്നിവയായിരിക്കും ഇതിലെ ട്രാൻസ്മിഷൻ ഓപ്ഷനുകൾ. സിഎൻജി ഇന്ധനമായുള്ള ഗ്രാവൈറ്റും എത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വില ഉൾപ്പെടെയുള്ള വിവരങ്ങൾ ഈ വാഹനത്തിന്റെ അവതരണ വേളയിൽ പ്രഖ്യാപിക്കും.