ഇന്ത്യയുടെ വാഹന വിപണിയിലേക്ക് എംജി മോട്ടോഴ്‌സ് എന്ന വാഹന നിർമാതാക്കൾ എൻട്രി നൽകിയ മോഡലായിരുന്നു ഹെക്ടർ എസ്‌യുവി. ഇന്ത്യയിലെ ആദ്യ ഇന്റർനെറ്റ് എസ്‌യുവി എന്ന ഖ്യാതിയുമായി എത്തിയ ഈ വാഹനം ഏഴ് വയസിന്റെ നിറവിലാണ്. 2019 ജൂൺ മാസത്തിൽ ഇന്ത്യയിൽ എത്തിയ ഈ വാഹനത്തിന് മികച്ച സ്വീകാര്യതയാണ് നാളിതുവരെയും ഈ വിപണിയിൽ നിന്ന് ലഭിച്ചിട്ടുള്ളത്.

To advertise here,

ഇന്ത്യയിലെ ഉപയോക്താക്കൾ നൽകിയ സ്വീകാര്യത കണക്കിലെടുത്ത്, ഈ ഏഴാം വാർഷികത്തിൽ വിശാലമായ ആനുകൂല്യങ്ങളാണ് എംജി മോട്ടോഴ്‌സ് ഒരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് മാസം മുഴുവൻ നീളുന്ന ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് മാസം ബുക്ക് ചെയ്യുന്ന എല്ലാ ഹെക്ടറിനും 60,000 രൂപയുടെ ക്യാഷ് ഓഫറാണ് നൽകുന്നത്. ഇതിനൊപ്പം ഏഴ് വർഷം നീളുന്ന കാലാവധിയിൽ പൂർണമായും വായ്പയും നൽകുന്നുണ്ട്.

എക്‌സ്‌ചേഞ്ച് ബോണസുകൾ, ലോയൽറ്റി റിവാർഡുകൾ, കോർപറേറ്റ് ഓഫറുകൾ, വാർഷിക വില കുറവുകൾ എന്നിങ്ങനെയാണ് 60,000 രൂപ വരെയുള്ള ആനുകൂല്യം ഹെക്ടർ എസ്‌യുവിക്ക് നൽകുന്നത്. വാഹനത്തിന് നൽകുന്ന 100 ശതമാനം വായ്പയ്ക്ക് പുറമെ, ആക്‌സസറികൾക്കും 100 ശതമാനം ഫണ്ടിങ് സപ്പോർട്ട് ഉറപ്പാക്കുന്നുണ്ടെന്നാണ് എംജി മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്.

ആയിരക്കണക്കിന് ഇന്ത്യൻ കുടുംബങ്ങളുടെ വിശ്വാസം നേടിയെടുത്തും എസ്‌യുവി എന്ന വാഹനത്തിലെ പ്രതീക്ഷകൾ യാഥാർഥ്യമാക്കിയുമുള്ള അവിശ്വസനീയമായ യാത്രയാണ് കഴിഞ്ഞ ഏഴ് വർഷങ്ങളായി എംജി ഹെക്ടർ ആസ്വദിച്ചത്. ഇന്ത്യൻ നിരത്തുകളിലെ ഏഴ് വർഷങ്ങൾ ആഘോഷമാക്കുമ്പോൾ മികച്ച ആനുകൂല്യങ്ങൾ ഉപയോക്താക്കൾക്ക് നൽകാനാണ് ഈ പദ്ധതി ഒരുക്കുന്നതെന്നാണ് എംജി മോട്ടോഴ്‌സ് ചീഫ് കൊമേഷ്യൽ ഓഫീസർ വിനയ് റെയ്‌ന അറിയിച്ചത്.

2019 മുതൽ ഇന്ത്യയിലുള്ള ഹെക്ടറിന്റെ മുഖംമിനുക്കിയ പതിപ്പാണ് ഇപ്പോൾ വിപണിയിലുള്ളത്. ആഡംബര വാഹനങ്ങളുടെ ഭാവം നൽകുന്ന ഓറ ഹെക്‌സ് ഗ്രില്ല്, പുതിയ ഡിസൈനിലുള്ള ബമ്പറുകൾ, മികച്ച ഡിസൈനിൽ തീർത്തിരിക്കുന്ന അലോയി വീലുകൾ, ഹെഡ്‌ലാമ്പ്, ഡിആർഎൽ, ടെയ്ൽലാമ്പ് എന്നിങ്ങനെ എൽഇഡിയിൽ തീർത്തിരിക്കുന്ന ലൈറ്റ് യൂണിറ്റുകൾ തുടങ്ങിയവയാണ് ഈ വാഹനത്തിന് കൂടുതൽ അഴകേകുന്നത്.

ഫീച്ചറുകളാൽ സമ്പന്നമാണ് ഈ വാഹനത്തിന്റെ അകത്തളം. ഈ സെഗ്മെന്റിൽ തന്നെ ഏറ്റവും വലിയ 14 ഇഞ്ച് വലിപ്പമുള്ള ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, വിരലുകളുടെ ചലനം കൊണ്ട് നിയന്ത്രിക്കാവുന്ന ക്ലൈമറ്റ് കൺട്രോൾ, മ്യൂസിക് സിസ്റ്റം, നാവിഗേഷൻ എന്നിവ, ഡിജിറ്റൽ ബ്ലൂടൂത്ത് കീ, 17.78 സെന്റിമീറ്റർ വലിപ്പമുള്ള ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, 70 കണക്ടഡ് കാർ ഫീച്ചറുകൾ എന്നിങ്ങനെ നീളും ഹെക്ടറിൽ നൽകിയിട്ടുള്ള ഫീച്ചറുകൾ.

നിലവിൽ പെട്രോൾ എൻജിനിൽ മാത്രമാണ് ഹെക്ടർ എസ്‌യുവി എത്തുന്നത്. 143 എച്ച്പി പവറും 250 എൻഎം ടോർക്കുമേകുന്ന 1.5 ലിറ്റർ നാല് സിലിണ്ടർ ടർബോ പെട്രോൾ എൻജിനാണ് ഈ വാഹനത്തിന്റെ ഹൃദയം. ആറ് സ്പീഡ് മാനുവൽ, സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളിലും ഹെക്ടർ എത്തുന്നുണ്ട്. 11.99 ലക്ഷം രൂപ മുതൽ 20 ലക്ഷം രൂപ വരെയാണ് ഈ എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില.