മണിക്കൂറില്‍ 503.17 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഓരോ സെക്കന്റിലും 140 മീറ്റര്‍ ദൂരം പിന്നിട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍.

ലോകത്തിൽ ഏറ്റവും വേഗതയുള്ള കാർ എന്ന ഖ്യാതി ഏതാനും ദിവസങ്ങൾക്ക് മുമ്പുവരെ ഫ്രഞ്ച് ഹൈ പെർഫോമെൻസ് കാർ നിർമാതാക്കളായ ബുഗാട്ടിയുടെ ഷിറോൺ സൂപ്പർ സ്‌പോർട്ട് 300+ എന്ന മോഡലോ, അമേരിക്കൻ ഹൈപ്പർ കാർ നിർമാതാക്കളായ ഹെന്നസ്സിയുടെ വെനം എന്ന മോഡലോ ഒക്കെ ആയിരുന്നിരിക്കാം. എന്നാൽ, ഇനിയത് ചൈനീസ് ഇലക്ട്രിക് വാഹന നിർമാതാക്കളായ ബി.വൈ.ഡിയിൽ നിന്നുള്ള ഒരു കാറിനാണ്.
ബി.വൈ.ഡിയുടെ ഇലക്ട്രിക് ഹൈപ്പർ കാറായ യാങ്‌വാങ് U9 എക്‌സ്ട്രീം എന്ന മോഡലാണ് വേഗതയിൽ പ്രൊഡക്ഷൻ കാറുകളിലെ ഏറ്റവും പുതിയ റെക്കോഡ് സൃഷ്ടിച്ചിരിക്കുന്നത്. അബുദാബിയിൽ വെച്ച് നടന്ന വേഗപരീക്ഷയിൽ മണിക്കൂറിൽ 503.17 കിലോമീറ്റർ വേഗത കൈവരിച്ചാണ് ഈ വാഹനം ലോകത്തിലെ തന്നെ എണ്ണം പറഞ്ഞ പെർഫോമെൻസ് കാറുകളെയെല്ലാം പിന്നിലാക്കിയിരിക്കുന്നത്. ഈ വേഗത കൈവരിക്കുന്ന ആദ്യ പ്രൊഡക്ഷൻ കാറാണ് യാങ്‌വാങ് U9 എക്‌സ്ട്രീം.
അബുദാബിയിലെ അൽ ദഫ്ര മേഖലയിലുള്ള ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ റോഡിൽ (ഇ 11) വെച്ചാണ് വേഗതയുടെ ഈ മത്സരം നടന്നത്. പ്രൊഫഷണൽ റേസിങ് ഡ്രൈവർ മാർക്ക് ബാസെങ് ആണ് ഈ വാഹനത്തെ നിയന്ത്രിച്ചത്. ഹൈവേയിലെ ഏറ്റവും സുരക്ഷിതമായ ഭാഗത്ത് വെച്ചാണ് വേഗപരിധി അളക്കുന്നതിനുള്ള ഓട്ടം സംഘടിപ്പിച്ചത്. പ്രത്യേകമായി ഒരുക്കിയ ഈ നിരത്തിലാണ് വേഗതയുടെ പുതിയ റെക്കോഡ് പിറന്നത്.
2025 സെപ്റ്റംബറിൽ ജർമനിയിലെ എ.ടി.പി. പാപ്പൻബർഗ് ടെസ്റ്റിങ് ഫെസിലിറ്റിയിൽ ഈ വാഹനം കൈവരിച്ച 496.22 കിലോമീറ്റർ എന്ന ഉയർന്ന വേഗതയെയാണ് ഇപ്പോൾ മറികടന്നിരിക്കുന്നത്. മുൻ റെക്കോഡ് വേഗത്തെക്കാൾ 6.95 കിലോമീറ്റർ അധിക വേഗത്തിൽ ഓടിയാണ് പുതിയ റെക്കോഡ് സ്വന്തമാക്കിയിരിക്കുന്നത്. മണിക്കൂറിൽ 503.17 കിലോമീറ്റർ വേഗത കൈവരിക്കാൻ ഓരോ സെക്കന്റിലും 140 മീറ്റർ ദൂരം പിന്നിട്ടിട്ടുണ്ടെന്നാണ് കണക്കുകൾ.
BYD-യുടെ യാങ്വാങ് U9-ന്റെ ഒരു ലിമിറ്റഡ് എഡിഷൻ പതിപ്പാണ് U9 എക്സ്ട്രീം അഥവാ U9X. തുടക്കത്തിൽ U9 ട്രാക്ക്/സ്‌പെഷ്യൽ എഡിഷൻ എന്ന പേരിൽ അവതരിപ്പിച്ച ഈ മോഡൽ, ഇപ്പോൾ U9 എക്‌സ്ട്രീം എന്ന പേരിലാണ് എത്തുന്നത്. വളരെ പരിമിതമായ വാഹനങ്ങൾ മാത്രമാണ് നിർമിക്കുന്നത്. നാല് സ്വതന്ത്ര ഇലക്ട്രിക് മോട്ടോറുകളിൽനിന്ന് ഇത് 3027 എച്ച്.പി പവറാണ് ഈ സൂപ്പർ കാർ ഉത്പാദിപ്പിക്കുന്നത്. ഓരോ മോട്ടോറും 757 എച്ച്.പി പവർ നൽകുന്നു. സാധാരണ U9 മോഡലിന്റെ 1287 എച്ച്.പി പവറിനേക്കാൾ ഇരട്ടിയിലധികമാണ് ഇത്.
BYD-യുടെ പുതിയ സൂപ്പർ സിലിക്കൺ സാങ്കേതികവിദ്യയാണ് ഈ പവർട്രെയിനിന്റെ കാതൽ. മിക്ക ഇലക്ട്രിക് വാഹനങ്ങളിലും ഉപയോഗിക്കുന്ന 800V സിസ്റ്റങ്ങളേക്കാൾ ഉയർന്ന 1,200V ഹൈ-വോൾട്ടേജ് സിസ്റ്റത്തിലാണ് ഈ കാർ പ്രവർത്തിക്കുന്നത്. ഈ ഘടന വേഗതയേറിയ ചാർജിങ്ങിനെയും കൂടുതൽ കാര്യക്ഷമമായ പവർ ഡെലിവറിയെയും പിന്തുണയ്ക്കുന്നു. BYD-യുടെ ബ്ലേഡ് ബാറ്ററിയിൽ നിന്നാണ് ഊർജം ലഭിക്കുന്നത്.
Content Highlights: BYD Yangwang U9 Extreme achieved a top speed of 503.17 km/h in Abu Dhabi., It is now the world's fastest production car, surpassing previous records., Powered by four independent electric motors producing a massive 3027 HP., Features an advanced 1,200V high-voltage silicon-based system and Blade Battery.
Published: 07 Nov 2026, 02:51 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented