ഉത്സവകാലത്തെ വിൽപ്പന ലക്ഷ്യമിട്ട് വാഹന നിരയിലെ എല്ലാ മോഡലിനും ഓഫർ പ്രഖ്യാപിച്ച് ഇന്ത്യയിലെ മുൻനിര വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സ്. ഏഴ് സീറ്റർ എസ്‌യുവി മോഡലായ സഫാരി മുതൽ എൻട്രി ലെവൽ ഹാച്ച്ബാക്ക് മോഡലായ ടിയാഗോക്കുവരെ ആനുകൂല്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 30,000 രൂപ മുതൽ 1.15 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ നവംബർ മാസം മുഴുവൻ ടാറ്റയുടെ വാഹനങ്ങൾക്ക് ലഭിക്കും.

To advertise here,

ടാറ്റ സിയേറയ്ക്കാണ് ഏറ്റവും മികച്ച ഡിസ്‌കൗണ്ട് പ്ലാനുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. 1.5 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ ഈ വാഹനത്തിന് നൽകുന്നുണ്ട്. വേരിയന്റിന് അനുസരിച്ച് ഇതിൽ മാറ്റം വരുന്നുണ്ട്. ഡീസൽ മോഡലിന് 1.15 ലക്ഷം രൂപയുടെ ഇളവ് നൽകുമ്പോൾ അടിസ്ഥാന വേരിയന്റിന് 70,000 രൂപയുടെ ഓഫറുകളും നൽകുന്നുണ്ട്. 11.49 ലക്ഷം രൂപ മുതൽ 21.59 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

ഏറ്റവും ഉയർന്ന തുകയുടെ ഇളവ് നൽകുന്ന ടാറ്റ കർവ് കൂപ്പെ എസ്‌യുവിക്കാണ്. 1.25 ലക്ഷം രൂപയുടെവരെ ഇളവാണ് ലഭിക്കുക. ഇതിൽ 30,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 45,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും 50,000 രൂപയുടെ ലോയൽറ്റി ബോണസും ഉൾപ്പെടുന്നുണ്ട്. കർവിന്റെ സീരീസ് എക്‌സ് വേരിയന്റിന് 20,000 രൂപയാണ് ലോയൽറ്റി ബോണസ്. പത്ത് ലക്ഷം രൂപ മുതൽ 18.75 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ വില.

കോംപാക്ട് എസ്‌യുവി മോഡലായ നെക്‌സോണിന് പരമാവധി 75000 രൂപയുടെ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പെട്രോൾ മാനുവൽ വേരിയന്റിനാണ് 75,000 രൂപയുടെ ഇളവ് ഉറപ്പാക്കിയിരിക്കുന്നത്. 55,000 രൂപയുടെ ക്യാഷ് ഓഫറും 20,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറും ഉൾപ്പെടെയാണിത്. സിഎൻജി പതിപ്പുകൾക്ക് 60,000 രൂപയുടെയും ഡീസൽ മോഡലിന് 20,000 രൂപയുടെ ഇളവ് മാത്രമാണ് നൽകുന്നത്. 7.4 ലക്ഷം രൂപ മുതൽ 14.22 ലക്ഷം രൂപ വരെയാണ് നെക്‌സോണിന്റെ എക്‌സ്‌ഷോറൂം വില.

ഹാച്ച്ബാക്ക് മോഡലുകളായ അൾട്രോസ്, ടിയാഗോ എന്നിവയ്ക്ക്

യഥാക്രമം 55,000 രൂപയുടെയും 35,000 രൂപയുടെയും ഇളവുകളാണ് നൽകിയിരിക്കുന്നത്. പെട്രോൾ ഡീസൽ പതിപ്പുകൾക്ക് 15,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 20,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസുമാണ് നൽകുന്നത്. സിഎൻജി മോഡലിന് 35,000 രൂപയുടെ ക്യാഷ് ഓഫറും 20,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസുമാണ് ഉറപ്പാക്കിയിരിക്കുന്നത്. ആറ് ലക്ഷം രൂപ മുതൽ 10.9 ലക്ഷം വരെയാണ് ഈ വാഹനത്തിന്റെ വില.

ടിയാഗോക്ക് 20,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും ഉൾപ്പെടെ 35,000 രൂപയുടെ ഇളവാണ് നൽകുന്നത്. 4.69 ലക്ഷം രൂപയിലാണ് ഈ വാഹനത്തിന്റെ വില ആരംഭിക്കുന്നത്. ടിഗോറിനും 30,000 രൂപയുടെ ഓഫർ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. 15,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസുമാണ് നൽകുന്നത്. 5.49 ലക്ഷം രൂപയിലാണ് ഈ വാഹനത്തിന്റെ വില ആരംഭിക്കുന്നത്.

ഹാരിയർ, സഫാരി മോഡലുകൾക്ക് 45,000 രൂപ വീതമാണ് ടാറ്റ പ്രഖ്യാപിച്ചിട്ടുള്ള ഓഫർ. 10,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 35000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും ഉൾപ്പെടെയാണ് രണ്ട് മോഡലുകൾക്കുമുള്ള ഓഫർ നിശ്ചയിച്ചിരിക്കുന്നത്. ഹാരിയർ എസ്‌യുവിക്ക് 13 ലക്ഷം രൂപ മുതൽ 25.5 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. സഫാരിക്ക് 13.4 ലക്ഷം രൂപ മുതൽ 26.3 ലക്ഷം രൂപ വരെയും എക്‌സ്‌ഷോറൂം വിലയാകും.